Veena George: ‘പൊലീസുകാര്‍ അബദ്ധത്തില്‍ വന്നതാണ്’; സുരക്ഷ വര്‍ധിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വീണാ ജോര്‍ജ്
Veena George clarifies that her security has not been increased: മന്ത്രിക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയെന്നും, ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘത്തെയാണ് നിയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് മന്ത്രി പ്രതികരിക്കുന്നു
ആലപ്പുഴ: തനിക്ക് സുരക്ഷ വര്‍ധിപ്പിച്ചെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ട് കണ്ട് ഇക്കാര്യം എസ്പിയോട് ചോദിച്ചെന്നും, സുരക്ഷ വര്‍ധിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു. ചേര്‍ത്തലയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. താനെത്തിയ പരിപാടിയില്‍ ആറോളം പൊലീസുകാരെ കണ്ടെന്നും, ഇക്കാര്യം എസ്പിയോട് ചോദിച്ചപ്പോള്‍ അവര്‍ അബദ്ധം പറ്റി വന്നതാണെന്ന് അദ്ദേഹം പറഞ്ഞതായും മന്ത്രി വ്യക്തമാക്കി.
മന്ത്രിക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയെന്നും, ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘത്തെയാണ് നിയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
Also Read: M V Govindan – തന്റെ രോഗവിവരം അറിയാനാണ് എംവി ഗോവിന്ദൻ കുടുംബസമേതം എത്തിയത് – ജോത്സ്യൻ മാധവ പൊതുവാൾ




മന്ത്രിയുടെ വാക്കുകള്‍
”ഞാന്‍ ഇങ്ങോട്ട് വന്നപ്പോള്‍ എന്നെ ഒരാള്‍ സ്‌ക്രീന്‍ഷോട്ട് കാണിച്ചു. മന്ത്രിയുടെ സുരക്ഷ കൂട്ടി എന്നായിരുന്നു അത്. ഞാന്‍ നോക്കിയപ്പോള്‍ സുരക്ഷയൊന്നുമില്ല. മുന്നിലൊരു പൈലറ്റ് വാഹനമേയുള്ളൂ. എസ്‌കോര്‍ട്ട് ഉണ്ടോയെന്നറിയാന്‍ പിറകോട്ട് തിരിഞ്ഞുനോക്കി. എസ്‌കോര്‍ട്ട് ഇല്ല. മന്ത്രിയുടെ സുരക്ഷ കൂട്ടിയെന്ന് പറയുന്നത് എന്താണെന്ന് കൂടെയുള്ള പിഎസ്ഒയോട് ചോദിച്ചു. മുന്നില്‍ പൈലറ്റ് വാഹനമേയുള്ളൂ. വഴിയറിയാത്തതുകൊണ്ടാണ് പൈലറ്റ് ഉപയോഗിച്ചത്.
നമ്മുടെ നാട്ടിലാണെങ്കില്‍ അത് വേണ്ട. ഞാന്‍ ഇവിടെ വന്നപ്പോള്‍ അഞ്ചാറ് പൊലീസുകാരെ കണ്ടു. സുരക്ഷ കൂട്ടിയിട്ടുണ്ടോയെന്ന് എസ്പിയോട് വിളിച്ചു ചോദിച്ചു. ഇല്ല, കൂട്ടിയിട്ടില്ല എന്ന് എസ്പി പറഞ്ഞു. അഞ്ചാറ് പൊലീസുകാരെ ഇവിടെ കാണുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍, അവര്‍ അബദ്ധത്തില്‍ വന്നതാണെന്ന് എസ്പി പറഞ്ഞു. പക്ഷേ, മന്ത്രിക്ക് സുരക്ഷ കൂട്ടി, മന്ത്രിക്ക് റോഡിലിറങ്ങി നടക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞ് ഇന്ന് രാത്രി ചര്‍ച്ച കാണും. ആ ആക്രമണത്തിന് മുന്നില്‍ കേരളത്തിലെ ആരോഗ്യമേഖല തകര്‍ന്നുപോകില്ല.”.