Thiruvalla Murder Case Verdict: തിരുവല്ലയില്‍ പ്രണയപ്പകയില്‍ 19 കാരിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധി ഇന്ന്; പ്രതിക്ക് പരമാവധി ശിക്ഷ പ്രതീക്ഷിച്ച് കുടുംബം
Thiruvalla Kavitha Murder Case Verdict:പത്തനംതിട്ട അയിരൂർ സ്വദേശിനി കവിതയെ സഹപാഠിയായിരുന്ന അജിൻ തിരുവല്ലയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇടറോഡില്‍വെച്ച് ആക്രമിക്കുകയായിരുന്നു.
പത്തനംതിട്ട: തിരുവല്ലയിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധി ഇന്ന്. പ്രതി അജിൻ റെജി മാത്യൂ കുറ്റക്കാരൻ ആണെന്ന് കഴിഞ്ഞ ദിവസം അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2019 മാർച്ച് 12 നാണ് കേസിനാസ്പദമായം സംഭവം നടന്നത്. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിതയെ സഹപാഠിയായിരുന്ന അജിൻ തിരുവല്ലയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇടറോഡില്‍വെച്ച് ആക്രമിക്കുകയായിരുന്നു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് കവിതയെ വഴിയിൽ തടഞ്ഞ് നിർത്തി അജിൻ ആക്രമിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കവിതയെ വഴിയിൽ തടഞ്ഞുനിർത്തി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയിൽ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുക്കാരടക്കം ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ 70 ശതമാനത്തിലധികം പൊള്ളലേറ്റ കവിത രണ്ടുനാൾ നീണ്ട ചികിത്സയ്ക്കൊടുവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.
ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കൈ കാലുകൾ ബന്ധിച്ച് നാട്ടുകാർ പോലീസിൽ ഏൽപിക്കുകയായിരുന്നു. കേസിൽ പ്രതിക്കെതിരായ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും സമര്‍പ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ കോടതി വിധിക്കുമെന്നാണ് കരുതുന്നതെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞത്.
കവിതയും അജിനും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ചായിരുന്നു പഠിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. എന്നാൽ ഇതിനു ശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംഎല്‍ടി കോഴ്‌സിന് ചേര്‍ന്നു. ഇതിനിടെയിലാണ് അജിൻ കവിതയെ ആക്രമിച്ചത്. കവിതയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു പ്രതിയുടെ തീരുമാനം. കത്തിയും പെട്രോളും കയറും പ്രതിയുടെ കയ്യിലുണ്ടായിരുന്നു.