Virtual Arrest: തിരുവനന്തപുരത്ത് വിർച്വൽ അറസ്റ്റ്; രണ്ട് പേരിൽ നിന്ന് തട്ടിയത് 87 ലക്ഷം രൂപ
Virtual Arrest In Thiruvananthapuram: തിരുവനന്തപുരത്ത് വിർച്വൽ അറസ്റ്റിലൂടെ 87 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതീകാത്മക ചിത്രം
വിർച്വൽ അറസ്റ്റിലൂടെ രണ്ട് പേരിൽ നിന്ന് തട്ടിയെടുത്തത് 87 ലക്ഷത്തോളം രൂപ. ട്രേഡിങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്തും വിർച്വൽ അറസ്റ്റ് ഭീഷണി മുഴക്കിയുമാണ് സംഘം തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം പട്ടം സ്വദേശിനിയായ 56കാരിയും കവടിയാർ സ്വദേശിയായ 78കാരനുമാണ് തട്ടിപ്പിനിരയായത്. ദീർഘനാൾ നീണ്ടുനിന്നതായിരുന്നു തട്ടിപ്പ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പട്ടം സ്വദേശിയായ 56കാരിയിൽ നിന്ന് ജൂൺ 12 മുതൽ ഒക്ടോബർ 9 വരെ 25 തവണകളായാണ് പണം തട്ടിയത്. 71,97,347 രൂപ ഇവർക്ക് നഷ്ടമായി. സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ട്രേഡിങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത തട്ടിപ്പുകാർ വിശ്വാസം നേടിയെടുക്കുകയായിരുന്നു. വ്യാജ ട്രേഡിങ് ആപ്പാണ് ഇതിനായി ഉപയോഗിച്ചത്. ഈ ആപ്പ് 56കാരിയുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിച്ചതിന് ശേഷം തട്ടിപ്പുകാർ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയായിരുന്നു.
Also Read: Vyshna Suresh: വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; വൈഷ്ണയ്ക്ക് മത്സരിക്കാം
കെൽട്രോണിലെ മുൻ മാനേജറായ കവടിയാർ സ്വദേശിയിൽ നിന്ന് വിർച്വൽ അറസ്റ്റിലൂടെ 15,25,282 രൂപ തട്ടിയെടുത്തു. മുംബൈ പോലീസ് എന്ന പേരിൽ വിഡിയോ കോൾ ചെയ്ത് വിർച്വൽ അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു. ഇയാളുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈയിലെ കാനറ ബാങ്കിൽ ഭീകരർ അക്കൗണ്ട് തുറന്നെന്നും ഇതിലൂടെ 2.5 കോടി രൂപയുടെ ഇടപാട് നടത്തിയെന്നും തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചു. ഈ കുറ്റകൃത്യത്തിൻ്റെ പേരിൽ വിർച്വൽ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞ ഇവർ പിന്നീട് പണം തട്ടുകയായിരുന്നു.