Kerala Local Body Election 2025 : ജയിലിലുള്ളവർക്കും കാപ്പ കേസ് പ്രതികൾക്കും വോട്ട് ചെയ്യാനാകുമോ…. തടവുകാർക്ക് വോട്ടവകാശമില്ലേ? ചർച്ചകൾ ഇങ്ങനെ…
Voting Rights for Prisoners and KAAPA Accused: ജയിലിലെ ഫോൺ സൗകര്യം ഉപയോഗിച്ച് സ്ഥാനാർഥികളെ വിളിച്ച് പിന്തുണയറിയിച്ച തടവുകാർ പോലുമുണ്ട്. കൂടിക്കാഴ്ചക്കായി എത്തുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും തങ്ങളുടെ സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കാനും വോട്ട് ചെയ്യാനും ഇവർ ഉപദേശങ്ങൾ നൽകുന്നുണ്ട്.

Voting Rights for Prisoners
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും വോട്ടുറപ്പിക്കാൻ കളത്തിലിറങ്ങി രംഗം ചൂടുപിടിച്ചതിൻ്റെ പ്രതിധ്വനി ജയിലുകൾക്കുള്ളിലും ശക്തമാകുന്നു. തടവുകാർക്ക് വോട്ട് ചെയ്യാനാകുമോ എന്ന ചർച്ചകൾ തടവറകളിൽ രാത്രി വൈകുംവരെ നീളുകയാണ്. സാധാരണ രാഷ്ട്രീയ പ്രവർത്തകർ മുതൽ കൊടും കുറ്റവാളികൾ വരെ ശിക്ഷാ തടവുകാരായി വിവിധ ജയിലുകളിലുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
തടവുകാർക്ക് വോട്ടവകാശമില്ല; കാപ്പ പ്രതികൾക്ക് ചെയ്യാം
ജനപ്രാതിനിധ്യ നിയമപ്രകാരം, ശിക്ഷാ തടവുകാർക്ക് വോട്ടവകാശം നിഷേധിച്ചിരിക്കുന്നു. എന്നാൽ, കരുതൽ തടങ്കലിലുള്ളവർക്കും കാപ്പ കേസ് പ്രതികൾക്കും വോട്ട് ചെയ്യാൻ സാധിക്കും. വോട്ട് ചെയ്യുന്നതിനായി കാപ്പ തടവുകാർ പ്രത്യേക അപേക്ഷാ ഫോം തയ്യാറാക്കി നൽകണം. കണ്ണൂർ സെൻട്രൽ ജയിൽ, തൃശ്ശൂർ സെൻട്രൽ ജയിൽ, സുരക്ഷാ ജയിൽ, തവനൂർ ജയിൽ എന്നിവിടങ്ങളിലാണ് കാപ്പ തടവുകാരെ പ്രധാനമായും പാർപ്പിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ രാഷ്ട്രീയ പ്രവർത്തകരായ തടവുകാരെ പ്രത്യേക ബ്ലോക്കിലാണ് പാർപ്പിക്കുന്നത്.
ALSO READ: അയ്യപ്പ തീർത്ഥാടകർ ജാഗ്രത! ശബരിമലയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴ
ഇവർക്ക് നാട്ടിലെ സ്വന്തം പാർട്ടി സ്ഥാനാർഥികളെക്കുറിച്ചും തിരഞ്ഞെടുപ്പിനെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ട്. ജയിലിലെ ഫോൺ സൗകര്യം ഉപയോഗിച്ച് സ്ഥാനാർഥികളെ വിളിച്ച് പിന്തുണയറിയിച്ച തടവുകാർ പോലുമുണ്ട്. കൂടിക്കാഴ്ചക്കായി എത്തുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും തങ്ങളുടെ സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കാനും വോട്ട് ചെയ്യാനും ഇവർ ഉപദേശങ്ങൾ നൽകുന്നുണ്ട്.
വോട്ടിങ് രീതി
- വോട്ട് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന തടവുകാർ പ്രത്യേക ഫോമിൽ അപേക്ഷ സമർപ്പിക്കണം.
- വോട്ടിനായി അപേക്ഷിക്കുന്ന തടവുകാരുടെ അപേക്ഷ പ്രത്യേക സോഫ്റ്റ്‌വെയറിലാണ് പ്രോസസ്സ് ചെയ്യുന്നത്.
- തടവുകാരന് ഏത് ബൂത്തിലാണോ വോട്ടുള്ളത്, അവിടെയുള്ള ബൂത്ത് ലെവൽ ഓഫീസർ അത് സർട്ടിഫൈ ചെയ്യും.
- ഈ അപേക്ഷയും സർട്ടിഫിക്കേഷനും സെൻട്രൽ ജയിലിൽ നിന്ന് ലഭിച്ച ശേഷം കളക്ടറുടെയോ അദ്ദേഹം നിയമിക്കുന്ന ഉദ്യോഗസ്ഥൻ്റെയോ സാന്നിധ്യത്തിൽ ഓൺലൈനായി വോട്ട് രേഖപ്പെടുത്താൻ സാധിക്കും.
- കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏഴ് പേർ അപേക്ഷ നൽകിയെങ്കിലും രണ്ടുപേർ മാത്രമാണ് വോട്ട് ചെയ്തത്.