VS Achuthanandan: ‘ഒരു കാലഘട്ടത്തിന്റെ അസ്തമയം’; വി എസിനെ ഓർമിച്ച് മുഖ്യമന്ത്രി
VS Achuthanandan death: ഉച്ചയ്ക്ക് വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കൾ പട്ടം എസ്‌യുടി ആശുപത്രിയിലെത്തിയിരുന്നു

പിണറായി വിജയൻ, വിഎസ് അച്യുതാനന്ദൻ
വിഎസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത് ഒരു കാലഘട്ടത്തിന്റെ അസ്തമയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ നിര്യാണം പാർട്ടിയേയും നാടിനേയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അദ്ധ്യായമാണ് വി എസ് അച്യുതാനന്ദന്റെ ജീവിതമെന്നും മുഖ്യമന്ത്രി കുറിച്ചു. തൊഴിലാളി – കർഷകമുന്നേറ്റങ്ങൾ സംഘടിപ്പിച്ചു പ്രസ്ഥാനത്തിനൊപ്പം വളർന്ന സഖാവിന്റെ രാഷ്ട്രീയജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്.
1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ അവശേഷിച്ചിരുന്ന അവസാനത്തെ കണ്ണിയാണ് വി എസിന്റെ വിയോഗത്തിലൂടെ അറ്റുപോയത്. ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിർത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്തമിച്ചുപോയതെന്നും മുഖ്യമന്ത്രി കുറിച്ചു.
ഇന്ന് ഉച്ചയ്ക്ക് വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കൾ പട്ടം എസ്‌യുടി ആശുപത്രിയിലെത്തിയിരുന്നു. ജൂൺ 23-ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ നടന്നു വരുന്നതിനിടയിലാണ് അന്ത്യം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്