KSRTC Accident Video : പത്തനംതിട്ട വെണ്ണിക്കുളത്ത് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധിക കെഎസ്ആർടിസി ബസിടിച്ച് മരിച്ചു
Pathanamthitta KSRTC Bus Accident : വെണ്ണിക്കുളം കോഴഞ്ചേരി റോഡിലാണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി ബസ് അമിത വേഗത്തിലാണെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

പത്തനംതിട്ട: അമിത വേഗത്തിലെത്തിയ കെഎസ്ആർടി ബസ് ഇടിച്ച് പത്തനംതിട്ട വെണ്ണിക്കുളത്ത് വയോധികയ്ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച വയോധികയെ ഇടിച്ചു വീഴ്ത്തി ശരീരത്തിൻ്റെ മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. വെണ്ണിക്കുളം പാരുമണ്ണിൽ ലിസി രാജു (75) ആണ് അപകടത്തിൽ മരിച്ചത്. വെണ്ണിക്കുളം കോഴഞ്ചേരി റോഡിലെ കത്തോലിക്കാ പള്ളിക്ക് സമീപത്ത് വെച്ച് ഇന്നലെ ഫെബ്രുവരി 16-ാം തീയതി ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിക്കുന്നത്.
വയോധികയെ ഇടിച്ചിട്ടതിന് ശേഷം ബസ് 100 മീറ്ററിൽ അധികം മുന്നോട്ട് പോയി. ബസ് അമിത വേഗത്തിലായിരുന്നുയെന്നാണ് നാട്ടുകാർ അറിയിക്കുന്നത്. ഇതിനോടകം അപകടത്തിൻ്റെ സിസിടിവി വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തു. പള്ളിക്ക് സമീപം ഓട്ടോയിൽ വന്നിറങ്ങി റോഡ് മുറിച്ച് കടക്കവെയാണ് ബസ് വന്നിടിക്കുന്നത്. ബസ് നിർത്തുമെന്ന് ധാരണയോടെയാണ് വയോധിക റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചത്. എന്നാൽ വേഗത്തിലെത്തിയ ബസ് ലിസിയെ ഇടിച്ച് വീഴ്ത്തി ശരീരത്തിൻ്റെ മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു.
അപകടം സംഭവിച്ച് ഉടൻ തന്നെ ലിസിയെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രി 12 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വിദേശത്തുള്ള മക്കളെത്തിയതിന് ശേഷം ഫെബ്രുവരി 21ന് സംസ്താരം നടത്തും. മലങ്കര കത്തോലിക്ക സഭയുടെ കുരിയ ബിഷപ്പായ ആൻ്റണി മാർ സിൽവാനോസിൻ്റെ സഹോദരിയാണ് മരിച്ച ലിസി.