Windows Outage: വിൻഡോസ് തകരാർ; കൊച്ചിയിൽ നിന്ന് ഇന്ന് റദ്ദാക്കിയത് അഞ്ച് വിമാനങ്ങൾ
Windows Outage Flight Cancel: ക്രൗഡ്സ്ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്ഡേറ്റിലെ പിഴവാണ് മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളുടെ സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്. ക്രൗഡ്സ്ട്രൈക്കിന്റെ സേവനങ്ങൾ ഉപയോഗിക്കുന്ന ലോകത്തിലെ മുൻ നിര കമ്പനികളും, എയർപോർട്ടുകളും ബാങ്കുകളും എല്ലാം ഇതോടെ പ്രവർത്തനരഹിതമായിരുന്നു.

കൊച്ചി: വിൻഡോസ് തകരാറിലായതിനെ തുടർന്ന് (Windows Outage) നെടുമ്പാശേരിയിൽ നിന്ന് അഞ്ച് വിമാനങ്ങൾ ഇന്ന് റദ്ദാക്കിയതായി (Flight services cancel) അധികൃതർ അറിയിച്ചു. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. മുംബൈ, ബംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കിയതായാണ് റിപ്പോർട്ട്. എന്നാൽ വിൻഡോസ് തകരാർ ഡൽഹി വിമാനത്താവളത്തിലെ സർവീസുകളെ ഇതുവരെ ബാധിച്ചിട്ടില്ല.
ക്രൗഡ്സ്ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്ഡേറ്റിലെ പിഴവാണ് മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളുടെ സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്. ക്രൗഡ്സ്ട്രൈക്കിന്റെ സേവനങ്ങൾ ഉപയോഗിക്കുന്ന ലോകത്തിലെ മുൻ നിര കമ്പനികളും, എയർപോർട്ടുകളും ബാങ്കുകളും എല്ലാം ഇതോടെ പ്രവർത്തനരഹിതമായിരുന്നു. വിമാനത്താവളങ്ങളിലെയും ബാങ്കുകളിലെയും സൂപ്പർമാർക്കറ്റുകളിലെയും കമ്പ്യൂട്ടറുകൾ പണിമുടക്കിയതോടെയാണ് പൊതുജനങ്ങളും പ്രശ്നത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്.
അമേരിക്കയിലും, യുകെയിലും, ഓസ്ട്രേലിയയിലും ഇന്ത്യയിലും അടക്കം നിരവധി വിമാന സർവീസുകളെയും തകരാർ കാര്യമായി ബാധിച്ചിരുന്നു. ചെക്ക് ഇൻ ചെയ്യാനും, ബാഗേജ് ക്ലിയറൻസ് നടത്താനും പോലും പറ്റാത്ത അവസ്ഥ പലയിടത്തുമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡിസ്പ്ലേ ബോർഡുകൾ പണിമുടക്കിയതോടെ വമ്പൻ വൈറ്റ് ബോർഡുകളിൽ വിമാന സർവ്വീസ് വിവരങ്ങൾ എഴുതിവയ്ക്കേണ്ടി വന്നതായും വിവരമുണ്ട്.
ALSO READ: ലോകം നിന്ന് പോയോ? എന്താണ് മൈക്രോസോഫ്റ്റിന് സംഭവിച്ചത്?
വിൻഡോസ് സിസ്റ്റങ്ങളെ നിശ്ചലമാക്കിയ പ്രശ്നത്തിന്റെ യഥാർത്ഥ കാരണം ക്രൗഡ്സ്ട്രൈക്ക് എന്ന സൈബർസുരക്ഷ കമ്പനിയുടെ ഫാൽക്കൺ സെൻസർ എന്ന സുരക്ഷാ സോഫ്റ്റ്‍വെയറിൽ രാത്രി നടത്തിയ ഒരു അപ്ഡേറ്റാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ലോകത്തെ മുൻനിര ബിസിനസ് സ്ഥാപനങ്ങൾ വിശ്വസിക്കുന്ന സൈബർ സുരക്ഷാ കമ്പനിയാണ് ക്രൗഡ്സ്ട്രൈക്ക്.
രാവിലെ മുതൽ എന്തോ സാങ്കേതിക തകരാറുണ്ടെന്ന് വിൻഡോസ് ഉപയോക്താക്കൾക്ക് സൈബർ സുരക്ഷ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. വിൻഡോസിൽ മാത്രമാണ് ഈ പ്രശ്നമുണ്ടായിരിക്കുന്നത്. അതേസമയം മാക്, ലിനക്സ ഉപയോക്താൾക്ക് ഈ പ്രശ്നം ബാധിച്ചിട്ടില്ലയെന്ന് ക്രൗഡ് സ്ട്രൈക്കിൻ്റെ മേധാവി ജോർജ് കർട്ട്സ് എക്സിലൂടെ അറിയിച്ചു.
റദ്ദാക്കിയ വിമാനങ്ങൾ ഏതെല്ലാം
- പുലർച്ചെ 2.50ന് പോകേണ്ട മുംബൈയിലേക്കുള്ള വിമാനം
- പുലർച്ചെ 5.25ന് പേകേണ്ട ബെംഗളൂരു വഴിയുള്ള ഭുവനേശ്വറിലേക്കുള്ള വിമാനം
- 9.45ന് പോകേണ്ട ചെന്നൈ വിമാനം
- 9.45 നുള്ള ഹൈദരാബാദ് വിമാനം
- ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനം