Mukesh Resignation: മുകേഷിൻ്റെ രാജി; കൊല്ലത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Youth Congress March: പോലീസും പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് നിരവധി പേർക്ക് പരിക്കേറ്റിരിക്കുന്നത്. പ്രവർത്തകരുടെ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പോലീസുകാർക്കും പരിക്കുണ്ട്. പ്രതിഷേധക്കാർ ബാരിക്കേഡ് ചാടി കടന്നതോടെയാണ് പോലീസ് ഇടപെടലുണ്ടായത്.
കൊല്ലം: ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന മുകേഷ് എംഎൽഎയുടെ രാജിയാവശ്യപ്പെട്ട് (Mukesh Resignation) പ്രതിഷേധം ശക്തം. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് കൊല്ലത്തെ മുകേഷിൻ്റെ ഓഫീസിലേക്ക് (kollam mla office) യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ (youth congress march) സംഘർഷം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. പ്രതിഷേധ മാർച്ചിനിടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
ഇതിന് പിന്നാലെ പോലീസ് ലാത്തി ചാർജ് നടത്തി. പോലീസും പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് നിരവധി പേർക്ക് പരിക്കേറ്റിരിക്കുന്നത്. പ്രവർത്തകരുടെ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പോലീസുകാർക്കും പരിക്കുണ്ട്. പ്രതിഷേധക്കാർ ബാരിക്കേഡ് ചാടി കടന്നതോടെയാണ് പോലീസ് ഇടപെടലുണ്ടായത്. പ്രദേശത്ത് ഏറെ നേരം സംഘർഷവസ്ഥ തുടർന്നു.
കഴിഞ്ഞ ദിവസങ്ങളിലും കൊല്ലത്തെ എംഎൽഎ ഓഫീസിലേക്ക് പ്രതിപക്ഷ സംഘടനകൾ മാർച്ച് നടത്തിയിരുന്നു. അതേസമയം, ബലാത്സംഗക്കേസിൽ പ്രതിയായ എം മുകേഷ് എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. സംസ്ഥാന സമിതിയിൽ ഉൾപ്പെട്ട കൊല്ലത്തെ നേതാക്കളുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് നേതൃത്വമെത്തിയതെന്നാണ് റിപ്പോർട്ട്.
ALSO READ: മുകേഷിനെ ‘കെെ’വിടാതെ സിപിഎം; രാജിവെക്കേണ്ടതില്ലെന്ന് സംസ്ഥാന സമിതി
പരസ്യ പ്രതികരണത്തിന് നിൽക്കരുതെന്നും മുകേഷിന് സംസ്ഥാന സമിതി നിർദേശം നൽകിയിട്ടുണ്ട്. ലൈംഗിക ആരോപണങ്ങളിൽ എംഎൽഎ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്നു ചേർന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. എന്നാൽ മാറി നിന്നുകൊണ്ട് മുകേഷ് അന്വേഷണത്തെ നേരിടണമെന്നും ഒരു വിഭാഗം അഭിപ്രായമുയർത്തിയിട്ടുണ്ട്.
അതേസമയം, പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് സംഭവത്തിൽ മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നത്. നടി അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിരുന്നു.
കേസിൽ പ്രത്യേക അന്വേഷണ സംഘത്തോട് സഹകരിക്കാതെയുള്ള നിലപാടാണ് നിലവിൽ മുകേഷ് എംഎൽഎയുടേത്. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ വില്ലയുടെ താക്കോൽ മുകേഷ് കൈമാറിയിട്ടില്ല. ഇന്നലെ വൈകിട്ട് വില്ലയിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണ സംഘം തിരികെ മടങ്ങിപ്പോകുകയാണുണ്ടായത്.
കഴിഞ്ഞ 26ാം തീയതിയാണ് മുകേഷടക്കം ഏഴ് പേർക്കെതിരെ ലെെംഗികാരോപണവുമായി കൊച്ചി സ്വദേശിയായ നടി രംഗത്തെത്തിയത്. പിന്നീട് നടി ഇമെയിൽ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകുകയും ചെയ്തിരുന്നു. കേസെടുത്ത അന്വേഷണ സംഘം നടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ നടി മൊഴി നൽകിയത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ അമ്മയിൽ അംഗത്വം ലഭിക്കുകയുള്ളു, താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്നും മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.