Amebic meningitis guideline: ഓണം അവധിയാണ്… സ്കൂൾ പൂട്ടിയിട്ടുണ്ട്… പക്ഷെ കുളത്തിലും തോട്ടിലും ചാടും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Precautions to Take Before Swimming in Pools and Ponds: കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിച്ച ശേഷം ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടത് വളരെ പ്രധാനമാണ്.
കൊച്ചി: ഓണം അവധി തുടങ്ങി, സ്കൂൾ പൂട്ടിക്കഴിഞ്ഞു. ഇനി നിറഞ്ഞു കിടക്കുന്ന തോട്ടിലും കുളത്തിലും ചാടാനുള്ള ഓട്ടത്തിലാകും കുട്ടികൾ. പക്ഷെ ഇനി ഇതിനായി ഇറങ്ങി പുറപ്പെടുമ്പോൾ അൽപം കരുതൽ നല്ലതാണ്. അടുത്തിടെ വാര്‍ത്തകളില്‍ ഏറെ ചര്‍ച്ചയായ ഒരു രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. സാധാരണയായി ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ മൂലം ഉണ്ടാകുന്ന മസ്തിഷ്‌കജ്വരത്തില്‍ (മെനിഞ്ചൈറ്റിസ്) നിന്ന് ഇത് വ്യത്യസ്തമാണ്.
നെഗ്ലേറിയ ഫൗലേറി, അക്കാന്തമീബ തുടങ്ങിയ ചിലയിനം അമീബകളാണ് ഈ രോഗത്തിന് കാരണമാകുന്നത്. അതുകൊണ്ടാണ് ഇതിനെ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം എന്ന് വിളിക്കുന്നത്.
രോഗം പകരുന്നത് എങ്ങനെ?
രോഗകാരികളായ അമീബകള്‍ ആഴം കുറഞ്ഞതും കെട്ടിക്കിടക്കുന്നതുമായ ജലാശയങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. കുളങ്ങള്‍, വെള്ളക്കെട്ടുകള്‍, നനഞ്ഞ മണ്ണ്, ചെളി എന്നിവിടങ്ങളില്‍ ഇവയുടെ സാന്നിധ്യം ഉണ്ടാകാം. ഈ അമീബകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത് മലിനമായ വെള്ളത്തില്‍ കുളിക്കുമ്പോഴാണ്. വെള്ളത്തില്‍ മുങ്ങുകയോ ചാടുകയോ ചെയ്യുമ്പോള്‍ വെള്ളം ശക്തിയായി മൂക്കിലേക്ക് കയറാന്‍ സാധ്യതയുണ്ട്.
ഈ വെള്ളത്തിനൊപ്പം മൂക്കിലെത്തുന്ന അമീബ, മൂക്കിലെ നേര്‍ത്ത പാളിയിലൂടെ തലച്ചോറിലെത്തുന്നു. കര്‍ണപടത്തിലെ ചെറിയ സുഷിരങ്ങളിലൂടെയും ഇവ തലച്ചോറിലെത്താം. അമീബ തലച്ചോറില്‍ നേരിട്ട് പ്രവേശിച്ച് വളരെ വേഗത്തില്‍ കോശങ്ങളെ നശിപ്പിക്കുകയും നീര്‍ക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. മറ്റ് മസ്തിഷ്‌കജ്വരങ്ങളെ അപേക്ഷിച്ച് ഇത് കൂടുതല്‍ വേഗത്തില്‍ ഗുരുതരമാകാന്‍ കാരണം ഇതാണ്.
പ്രധാന ലക്ഷണങ്ങള്‍
രോഗബാധയുണ്ടായി ഒരാഴ്ച മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം.
- കടുത്ത പനി
- അസഹ്യമായ തലവേദന
- തുടര്‍ച്ചയായ ഛര്‍ദ്ദി
- കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്
രോഗം മൂര്‍ച്ഛിക്കുമ്പോള്‍ അസാധാരണമായ പെരുമാറ്റം, അപസ്മാരം, ബോധക്ഷയം എന്നിവയും കണ്ടുവരാറുണ്ട്. അതുകൊണ്ട്, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിച്ച ശേഷം ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടത് വളരെ പ്രധാനമാണ്. ഈ രോഗം കൂടുതലും കുട്ടികളെയാണ് ബാധിക്കാന്‍ സാധ്യതയുള്ളത്. അതിനാല്‍, ജലാശയങ്ങളില്‍ കളിക്കുമ്പോഴും കുളിക്കുമ്പോഴും ജാഗ്രത പാലിക്കുന്നത് രോഗം വരാതെ തടയാന്‍ സഹായിക്കും.