Chingam 1 Pradosha Vratham: ചിങ്ങം ഒന്നിന് മുപ്പെട്ട് ശനി; വ്രതം എടുക്കുന്നത് ഇരട്ടി ഫലം തരും, അനുഷ്ഠിക്കേണ്ടത് ഇങ്ങനെ
Chingam 1 Specialties: ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി ആണ് ചിങ്ങം മാസം വരാറ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് ഓണം വിരുന്നെത്തുന്നതോടെ ചിങ്ങത്തിന് പൊലിമ വര്‍ധിക്കും. ചിങ്ങമാസത്തില്‍ ആശങ്കകളും പ്രതീക്ഷകളും ഏറെയായിരിക്കും എല്ലാവര്‍ക്കും.
നാളെ ചിങ്ങം ഒന്ന്, കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങ മാസം. മാത്രമല്ല, മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഓണം വരുന്നത് ചിങ്ങ മാസത്തിലാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായതാണ് ചിങ്ങം. സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ നക്ഷത്രഘടനയെ സൂചിപ്പിക്കുന്നതാണ് ഇത്. തമിഴ് മാസങ്ങളായ ആവണി-പൂരട്ടാശി എന്നിവ ചിങ്ങ മാസ സമയത്താണുള്ളത്.
ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി ആണ് ചിങ്ങം മാസം വരാറ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് ഓണം വിരുന്നെത്തുന്നതോടെ ചിങ്ങത്തിന് പൊലിമ വര്‍ധിക്കും. ചിങ്ങമാസത്തില്‍ ആശങ്കകളും പ്രതീക്ഷകളും ഏറെയായിരിക്കും എല്ലാവര്‍ക്കും. ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക പൂജകള്‍ നടക്കും. പഴയ കാലത്തൊക്കെ കൊയ്ത്ത് കഴിഞ്ഞ് പത്തായം നിറയെ നെല്ലുണ്ടാകും ചിങ്ങ മാസത്തില്‍. കൂടാതെ കാണം വിറ്റും ഓണം ഉണ്ണാനുള്ള തയാറെടുപ്പും ചിങ്ങമാസത്തിന്റെ തുടക്കത്തില്‍ ആരംഭിക്കും.
ചിങ്ങമാസത്തിന്റെ ആരംഭത്തിന് വേറെയും ഉണ്ട് പ്രത്യേകതകള്‍. 1200 മലയാള വര്‍ഷത്തിലെ ആദ്യ ദിനം ആരംഭിക്കുന്നത് ശനിയാഴ്ചയാണ്. ഈ ദിവസം ശനിയാഴ്ച പ്രദോഷമാണ്. ഈ ദിവസം ശ്രാവണ മാസത്തില്‍ മുപ്പെട്ട് ശനി പ്രദോഷവും ചിങ്ങമാസം ഒന്നാം തീയതി കൂടി വരുന്നതിനാല്‍ വ്രതം അനുഷ്ഠിക്കുന്നത് നാലിരട്ടി ഫലം നല്‍കും.
Also Read: Chingam 2024: ചിങ്ങം ഒന്ന് മുതൽ ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് രാജയോഗം; കൂടുതലറിയാം
ശനിയാഴ്ചകളില്‍ ഒരിക്കലോടെ വ്രതമെടുക്കുന്നത് ശനിപ്രീതിക്കും ശനിദോഷ പരിഹാരത്തിനും സഹായിക്കും. ദേവിക്ക് പൗര്‍ണമി, വിഷ്ണുവിന് ഏകാദശി എന്നപോലെ ശിവന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷം. ആ ദിവസം വളരെ ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാല്‍ സന്താന സൗഭാഗ്യം, ദാരിദ്ര്യ ദുഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീര്‍ത്തി എന്നിവയെല്ലാം ലഭിക്കും.
ഇനിയിപ്പോള്‍ വ്രതം അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ക്ക് ആ ദിവസം പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകള്‍ സമര്‍പ്പിക്കാവുന്നതാണ്. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും പ്രദോഷമുണ്ട്. അതായത് ഒരു മാസത്തില്‍ രണ്ട് തവണ പ്രദോഷമുണ്ട്. രണ്ട് പ്രദോഷത്തിലും വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്.
സാധാരണയുള്ള പ്രദോഷവ്രതങ്ങള്‍ അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നല്‍കുന്നത് ശനിദോഷ പ്രദോഷം ആചരിക്കുന്നതാണ്. പുണ്യപ്രവൃത്തികള്‍ ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസമാണത്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
ശിവന് ഏറ്റവും ഇഷ്ടമുള്ളത് പഞ്ചാക്ഷരീ ജപവും കൂവളത്തിന്റെ ഇല സമര്‍പ്പിക്കുന്നതുമാണ്. മാസപ്പിറവി, പൗര്‍ണമി, അമാവാസി, അഷ്ഠമി, നവമി, ചതുര്‍ഥി, തിങ്കളാഴ്ച എന്നീ ദിവസങ്ങളില്‍ കൂവളത്തിന്റെ ഇല പറിച്ചെടുക്കുന്നത് ശിവകോപത്തിന് കാരണമാകും. അതിനാല്‍ ഈ ദിവസങ്ങള്‍ക്ക് തലേദിവസം പറിച്ച് പിറ്റേന്ന് ഉപയോഗിക്കുന്നതാണ് നല്ലത്. ഇലകള്‍ പറിച്ചെടുക്കുന്നതിന് മുന്നോടിയായി കുളിച്ച് ശുദ്ധമാകേണ്ടതാണ്.
വ്രതം അനുഷ്ഠിക്കേണ്ടത് ഇപ്രകാരം
പ്രദോഷം ആരംഭിക്കുന്നതിന് തലേദിവസം മുതലാണ് വ്രതം ആരംഭിക്കേണ്ടത്. തലേന്ന് ഒരിക്കല്‍ ഊണ് നടത്തേണ്ടത് നിര്‍ബന്ധമാണ്. പ്രദോഷ ദിനത്തില്‍ രാവിലെ പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും കൂവളത്തിന്റെ ഇല കൊണ്ട് അര്‍ച്ചന, കൂവളമാല സമര്‍പ്പണം, പുറകിലെ വിളക്കില്‍ എണ്ണ, ജലധാര എന്നിവ ശിവന് സമര്‍പ്പിക്കാം.
അന്നേദിവസം പകല്‍ മുഴുവന്‍ ഉപവാസമെടുക്കണം. അതിന് സാധിക്കാത്തവര്‍ക്ക് ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവ ചൊല്ലാം. ശിവപുരാണപാരായണം നടത്തുന്നതും വളരെ നല്ലതാണ്. എന്നാല്‍ അന്നേ ദിവസം എണ്ണ തേച്ച് കുളിക്കാന്‍ പാടുള്ളതല്ല. സന്ധ്യയ്ക്ക് മുമ്പായി കുളിച്ച് ശിവക്ഷേത്രദര്‍ശനം, പ്രദോഷപൂജ, ദീപാരാധന ഇവയില്‍ എല്ലാം പങ്കെടുക്കാം. ശിവന് നേദിച്ച കരിക്കില്‍ നിന്ന് അല്‍പം സേവിക്കാം. അവിലോ മലരോ പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കുകയും ചെയ്യാം.
Also Read: Name Astrology: നിങ്ങളുടെ സ്വഭാവം പറയാനുള്ള കഴിവുമുണ്ട്; പേരിന്റെ ആദ്യാക്ഷരം നിസാരക്കാരനല്ല
ശനിദോഷമകറ്റാന്‍ ആഞ്ജനേയ മംഗള ശ്ലോകം ചൊല്ലാം
വൈശാഖേ മാസി കൃഷ്ണായാം ദശമ്യാം മന്ദവാസരേ
പൂര്‍വാഭാദ്ര പ്രഭൂതായ മംഗളം ശ്രീഹനൂമതേ
കരുണാരസപൂര്‍ണായ ഫലാപൂപപ്രിയായ ച
നാനാമാണിക്യഹാരായ മംഗളം ശ്രീഹനൂമതേ
സുവര്‍ചലാകളത്രായ ചതുര്‍ഭുജധരായ ച
ഉഷ്ട്രാരൂഢായ വീരായ മംഗളം ശ്രീഹനൂമതേ
ദിവ്യമംഗള ദേഹായ പീതാംബരധരായ ച
തപ്തകാഞ്ചനവര്‍ണായ മംഗളം ശ്രീഹനൂമതേ
ഭക്തരക്ഷണശീലായ ജാനകീശോകഹാരിണേ
ജ്വലത്പാവകനേത്രായ മംഗളം ശ്രീഹനൂമതേ
പമ്പാതീരവിഹാരായ സൗമിത്രിപ്രാണദായിനേ
സൃഷ്ടികാരണഭൂതായ മംഗളം ശ്രീഹനൂമതേ
രംഭാ വനവിഹാരായ ഗന്ധമാദനവാസിനേ
സര്‍വലോകൈകനാഥായ മംഗളം ശ്രീഹനൂമതേ
പഞ്ചാനനായ ഭീമായ കാലനേമിഹരായ ച
കൗണ്ഡിന്യഗോത്രജാതായ മംഗളം ശ്രീഹനൂമതേ
ഇതി സ്തുത്വാ ഹനൂമന്തം നീലമേഘോ ഗതവ്യഥഃ
പ്രദക്ഷിണനമസ്‌കാരാന്‍ പഞ്ചവാരം ചകാര സഃ
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)