Peanuts: പതിവായി നിലക്കടല കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits and Side Effects of Peanuts: അമിതമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ അമിതമായാൽ നിലക്കടലയും ദോഷകരമാകും. അതിനാൽ, നിലക്കടലയുടെ ചില ഗുണങ്ങളും ദോഷങ്ങളും നമുക്ക് നോക്കാം.

നിലക്കടല രുചിയിൽ മാത്രമല്ല ഗുണത്തിലും മുമ്പിൽ തന്നെയാണ്. ഇത് ആരോഗ്യകരമായൊരു ലഘുഭക്ഷണമാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ഫാറ്റി ആസിഡുകൾ തുടങ്ങി ധാരാളം പോഷകങ്ങൾ നിലക്കടലയിലുണ്ട്. പേശികളുടെ വളർച്ചയ്ക്കും, ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും, രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനുമെല്ലാം നിലക്കടല മികച്ചതാണ്. എന്നാൽ അമിതമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ അമിതമായാൽ നിലക്കടലയും ദോഷകരമാകും. അതിനാൽ, നിലക്കടലയുടെ ചില ഗുണങ്ങളും ദോഷങ്ങളും നമുക്ക് നോക്കാം.
നിലക്കടലയുടെ ഗുണങ്ങൾ
മഗ്നീഷ്യം, വിറ്റാമിൻ ഇ, ബി എന്നിവയെല്ലാം ധാരാളം അടങ്ങിയ നിലക്കടല കഴിക്കുന്നത് ഊർജ്ജം വർധിപ്പിക്കാനും, രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും വളരെ നല്ലതാണ്. അവശ്യ അമിനോ ആസിഡുകളുടെ ഉറവിടമായ ഇവ പേശികളുടെ വളർച്ചയ്ക്കും നല്ലതാണ്. ധാരാളം ഫൈബർ അഥവാ നാരുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. നിലക്കടലയിലെ ഉയർന്ന അളവിലുള്ള പ്രോട്ടീനും നാരുകളും അമിത വിശപ്പ് ശമിപ്പിക്കാനും, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും അതുവഴി ശരീഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നിലക്കടല ഡയറ്റിൽ ഉൾപ്പെടുത്താം.
ALSO READ: പ്രഷർകുക്കറിലെ പാചകം പോഷകങ്ങൾ ഇല്ലാതാക്കുമോ? ശരിയായ രീതി ഏത്
ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമ്മത്തിന്റെ ആരോഗ്യവും സംരക്ഷിക്കുന്നു. നിലക്കടലയിൽ വിറ്റാമിൻ ഇ ഉള്ളതിനാൽ നാഡികളുടെ പ്രവർത്തനത്തിനും, പേശികളുടെ ആരോഗ്യത്തിനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനുമെല്ലാം ഇത് സഹായിക്കുന്നു. ഇതിലുള്ള മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും ഇവ നല്ലതാണ്.
അമിതമായി നിലക്കടല കഴിച്ചാലുള്ള ദോഷവശങ്ങൾ
അമിതമായി നിലക്കടല കഴിക്കുന്നത് ചിലരിൽ നെഞ്ചെരിലിനും മറ്റ് ഗ്യാസ് പ്രശ്നങ്ങൾക്കും കാരണമാകുന്നു. നിലക്കടയിലെ ചില ഘടകങ്ങൾ സിങ്കിന്റെയും ഇരുമ്പിന്റെയും ആഗിരണം തടപ്പെടുത്തുമെന്ന് മാത്രമല്ല ഇത് മൂലം പലരിലും അലർജിയും കണ്ടുവരുന്നു. നിലക്കടലയിൽ സോഡിയം അടങ്ങിയിട്ടില്ലെങ്കിലും ഇത് വറക്കുമ്പോൾ ഉപയോഗിക്കുന്ന ഉപ്പ് രക്തസമ്മർദ്ദം വർധിക്കാൻ കാരണമായേക്കും. നിലക്കടലയിൽ പൂപ്പൽ വരാൻ സാധ്യതയുണ്ട്. ഇത് അഫ്ലാടോക്സിൻ പോലുള്ള വിഷവസ്തു ഉണ്ടാക്കുകയും കരളിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവ സൂക്ഷിച്ച് വെക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ഒരു ദിവസം ഒരു പിടി നിലക്കടല എന്ന രീതിയിൽ കഴിക്കുന്നതാണ് ഉത്തമം.