AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Work Life Balance: താളം തെറ്റുന്ന മാനസികാരോഗ്യം; വർക്ക് ലൈഫ് ബാലൻസ് ഇല്ലാതെങ്ങനെ?

How To Achieve Work Life Balance: തിങ്കള്‍ മുതല്‍ ശനി വരെയുള്ള എല്ലാ ജോലി ഭാരവും ഇറക്കിവെച്ച് ഞായറാഴ്ച വിശ്രമിക്കാം, കുടുംബത്തോടൊപ്പം ചിലവഴിക്കാമെന്ന് കരുതിയാല്‍ അവിടെയും എത്തുന്നു ജോലി വില്ലനായി. എന്നാല്‍ ജോലി വില്ലനല്ല, അന്നമാണ് അതിനോട് കൂറുവേണം എന്ന പഴമൊഴി വെച്ചാകും പലരും സ്വയം ആശ്വസിക്കുന്നത്. എന്നാല്‍ അന്നമാകുന്ന ജോലിക്ക് ജീവിതത്തിന്റെ ഏത് ഘട്ടത്തിലേക്കും കടന്നുവരാനുള്ള അനുവാദം നല്‍കേണ്ടതുണ്ടോ?

Work Life Balance: താളം തെറ്റുന്ന മാനസികാരോഗ്യം; വർക്ക് ലൈഫ് ബാലൻസ് ഇല്ലാതെങ്ങനെ?
Shiji M K
Shiji M K | Updated On: 14 Jan 2025 | 10:02 PM

“ഞായറാഴ്ചകളില്‍ നിങ്ങളെ ജോലി ചെയ്യിക്കാന്‍ സാധിക്കാത്തതില്‍ എനിക്ക് ദുഃഖമുണ്ട്. അതിന് സാധിക്കുകയാണെങ്കില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കും. കാരണം, ഞാന്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്നു. വീട്ടിലിരുന്ന് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എത്രനേരം നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ നോക്കിയിരിക്കും? ഓഫീസില്‍ വന്ന് ജോലി ചെയ്യൂ,” ഇതത്ര നിസാരമായ വാക്കുകളല്ല, തൊഴിലാളികളുടെ ജീവനും ജീവിതവും വില്‍പന ചരക്കാക്കുന്നതിന്റെ തെളിവാണ്. വന്‍കിട കമ്പനികള്‍ ലോകത്തെ ഒന്നാകെ വിഴുങ്ങി, നമ്മുടെ ഇന്ത്യയിലും അത്തരം കമ്പനികളുടെ വളര്‍ച്ച ദ്രുതഗതിയിലാണ്. ധാരാളം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു, ജീവിത നിലവാരം മെച്ചപ്പെടുന്നു. എങ്കിലും ഇവരുടെയെല്ലാം മാനസികാരോഗ്യം ഏതുതരത്തിലാണ്?

ജീവനക്കാര്‍ ഞായറാഴ്ച ഉള്‍പ്പെടെയുള്ള എല്ലാ ദിവസങ്ങളിലും ജോലിയെടുക്കണം. ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ലാര്‍സന്‍ ആന്റ് ടു ബ്രോയുടെ ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്‌മണ്യന്റെ പ്രസ്താവന നിമിഷ നേരം കൊണ്ടാണ് ചര്‍ച്ചയായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ അദ്ദേഹത്തിന്റെ ഉപദേശക പങ്കുവെച്ച വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. തൊഴിലാളികളുടെ രക്തം ഊറ്റികുടിക്കുന്ന തൊഴില്‍ രീതിയെ വിമര്‍ശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്.

ഇതാദ്യത്തെ മുതലാളിയല്ല ഇത്തരം പരാമര്‍ശം നടത്തികൊണ്ട് രംഗത്തെത്തുന്നത്. വര്‍ക്ക് ലൈഫ് ബാലന്‍സ് എന്ന സങ്കല്‍പത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് പറഞ്ഞ ഇന്‍ഫോസിസ് സഹസ്ഥാപനകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ വാക്കുകള്‍ ഓര്‍മയില്ലേ? വര്‍ക്ക് ലൈഫ് ബാലന്‍സ് ഇല്ലാതെ ഒരാള്‍ക്ക് എങ്ങനെ ജോലി ചെയ്യാന്‍ സാധിക്കും?

വര്‍ക്കില്‍ താളം തെറ്റുന്ന ജീവിതം

സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റണം എന്നത് തന്നെയാണ് ഓരോ വ്യക്തിയെയും ജോലി ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത്. തന്റെ സാമ്പത്തിക ലക്ഷ്യങ്ങളെല്ലാം നേടി മുന്നേറികൊണ്ടിരിക്കുന്നതിനിടയില്‍ തൊഴിലിടത്ത് ഉന്നതപദവിയില്‍ എത്തുന്നതിനെ കുറിച്ചും അവര്‍ സ്വപ്‌നം കാണുന്നു. സ്വാഭാവികമായും അവരുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും തൊഴിലിടത്തിന് മാറ്റിവെച്ചുകൊണ്ട് തന്നെയാകും ആ യാത്ര.

എന്നാല്‍ ഇന്നത്തെ തലമുറ പൂര്‍ണ തൃപ്തരായാണോ ജോലി ചെയ്യുന്നത്? അല്ലെന്ന് പറയാം. ജോലിയും വ്യക്തിഗത ജീവിതവും വേര്‍തിരിച്ചെടുക്കാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് പലരുടെയും മുന്നോട്ടുപോക്ക്. ഓരോ ദിവസവും 9 മണിക്കൂര്‍ ജോലി എന്ന നിലയിലാണ് എല്ലാ കമ്പനികളും തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അവര്‍ ഓരോരുത്തര്‍ക്കും അസൈന്‍ ചെയ്യുന്ന ടാസ്‌ക്കുകള്‍ ഈ സമയപരിധിക്കുള്ളില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. പല കാരണങ്ങള്‍ കൊണ്ടും 9 മണിക്കൂറിനുള്ളില്‍ ജോലി ചെയ്ത് തീര്‍ക്കാന്‍ സാധിക്കാതെ വരുന്നതോടെ, മണിക്കൂറുകള്‍ നീണ്ടുപോകുന്നു. 9 മണിക്കൂര്‍ പത്തും പതിനൊന്നും ആകുന്നു. ജോലി തീര്‍ത്ത് വീട്ടിലെത്തുമ്പോഴേക്ക് വീട്ടുകാരെല്ലാം ഉറക്കമായിക്കാണുമെന്ന് പരാതി പറയുന്നവരും ഏറെ.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള എല്ലാ ജോലി ഭാരവും ഇറക്കിവെച്ച് ഞായറാഴ്ച വിശ്രമിക്കാം, കുടുംബത്തോടൊപ്പം ചിലവഴിക്കാമെന്ന് കരുതിയാല്‍ അവിടെയും എത്തുന്നു ജോലി വില്ലനായി. എന്നാല്‍ ജോലി വില്ലനല്ല, അന്നമാണ് അതിനോട് കൂറുവേണം എന്ന പഴമൊഴി വെച്ചാകും പലരും സ്വയം ആശ്വസിക്കുന്നത്. എന്നാല്‍ അന്നമാകുന്ന ജോലിക്ക് ജീവിതത്തിന്റെ ഏത് ഘട്ടത്തിലേക്കും കടന്നുവരാനുള്ള അനുവാദം നല്‍കേണ്ടതുണ്ടോ?

പ്രൊഡക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും 9 മണിക്കൂര്‍ ജോലി 8 മണിക്കൂറായി വെട്ടിക്കുറയ്ക്കുകയും, ആഴ്ചയില്‍ നല്‍കിയിരുന്ന രണ്ട് അവധികള്‍ ഒന്നായി ചുരുക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ നടപടികള്‍ ഒരിക്കലും പ്രൊഡക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിന് ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ശരിയായ വിശ്രമവും മാനസികാരോഗ്യം ഉണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്ക് നല്ല രീതിയില്‍ ജോലി ചെയ്യാന്‍ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം അയാള്‍ക്ക് ആ തൊഴില്‍ ഭാരമായി മാത്രമേ തോന്നുകയുള്ളൂ. ഒന്‍പത് മണിക്കൂര്‍ ജോലി എട്ട് മണിക്കൂറായി കുറയ്ക്കുന്നതിലൂടെ തൊഴിലാളികളുടെ മാനസിക സമ്മര്‍ദവും വര്‍ധിക്കുന്നു. ഇത് ജോലിയില്‍ ഉഴപ്പുന്നതിനോ മറ്റ് ജോലികള്‍ അന്വേഷിച്ച് തുടങ്ങുന്നതിനോ വഴിവെക്കും.

കമ്പനികളുടെ വിചിത്രമായ നയങ്ങള്‍ക്ക് ഇരകളാകുന്ന മറ്റൊരു വിഭാഗമാണ് വര്‍ക്ക് ഫ്രം ഹോം ജീവനക്കാര്‍. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നതുകൊണ്ട് തന്നെ ഏത് നിമിഷവും ലഭ്യമാകുക എന്ന നയവും കമ്പനി മുന്നോട്ടുവെക്കുന്നുണ്ട്. ഡ്യൂട്ടി സമയം അവസാനിച്ച് കഴിഞ്ഞാല്‍ അവര്‍ക്ക് വ്യക്തിപരമായ ജീവിതം ഉണ്ടെന്നത് പോലും പലപ്പോഴും പരിഗണനയില്‍ വരുന്നില്ല. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാല്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ട് എന്നതാണ് പൊതുവേ കമ്പനികള്‍ പറയുന്ന വാദം. ആവശ്യങ്ങള്‍ക്കായി ലീവുകള്‍ പോലും പലര്‍ക്കും നിഷേധിക്കപ്പെടുന്നു. തൊഴിലിടം മാത്രമാണ് വീടായാലും ഓഫീസായാലും മാറുന്നുള്ളു. ചെയ്ത് തീര്‍ക്കേണ്ട ജോലിയിലോ ടോക്‌സിക് മാനേജരുടെ കാര്യത്തിലോ ഒരുതരത്തിലുള്ള മാറ്റവും ഇവിടെ സംഭവിക്കുന്നില്ല.

ജോലിയില്‍ നിന്നുണ്ടാകുന്ന അധിക സമ്മര്‍ദം ആളുകളെ പല രോഗങ്ങളിലേക്കും കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. പല കമ്പനികള്‍ക്ക് കീഴിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ വിവിധ തരത്തിലുള്ള രോഗബാധിതര്‍ കൂടിയാണ്. സ്ത്രീകളില്‍ ഹോര്‍മോണ്‍ സംബന്ധമായ അസുഖങ്ങള്‍ ഈയടുത്തകാലത്തായി വര്‍ധിച്ചതിന്റെ പ്രധാന കാരണം ജോലി സമ്മര്‍ദമാണെന്നാണ് വിലയിരുത്തല്‍. ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പുറമെ മാനസികാരോഗ്യവും താളം തെറ്റുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കാതെ വരുന്നത് പലരുടെയും മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു.

വര്‍ക്ക് ലൈഫ് ബാലന്‍സ്

ജോലി തിരക്കിനിടയില്‍ സ്വകാര്യ ജീവിതം വേണ്ടത്ര ശ്രദ്ധിക്കാനോ അതിനായി സമയം നല്‍കാനോ പലര്‍ക്കും സാധിക്കാറില്ല. ഇങ്ങനെ സംഭവിക്കുന്നത് തീര്‍ച്ചയായും തളര്‍ച്ചയും സമ്മര്‍ദവും ഉത്പാദന ക്ഷമത കുറയ്ക്കുകയും ചെയ്യും. കൂടാതെ വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താനും സാധ്യതയുണ്ട്. എല്ലാ ദിവസവും ജോലിക്കായി മാറ്റിവെക്കാതെ ജീവിതം ആസ്വദിക്കാന്‍ വര്‍ക്ക് ലൈഫ് ബാലന്‍സ് കൂടിയേ തീരൂ. എന്നാല്‍ എങ്ങനെയാണ് വര്‍ക്ക് ലൈഫ് ബാലന്‍സ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമാണ്.

Also Read: L&T Chairman SN Subrahmanyan : ‘എത്ര നേരം ഭാര്യയുടെ മുഖം നോക്കി ഇരിക്കും? ഞായറാഴ്ചയും ഓഫീസിൽ വരൂ; ജീവനക്കാരോട് ആവശ്യപ്പെട്ട് എൽ ആൻഡ് ടി ചെയർമാൻ

വര്‍ക്ക് ലൈഫ് ബാലന്‍സ് പരിശീലിക്കാം

1. ജോലിയും വ്യക്തിജീവിതവും തമ്മില്‍ കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുക. ഓഫീസ് സമയത്തിന് ശേഷമോ അവധി ദിവസങ്ങളിലോ ജോലിയുമായി ബന്ധപ്പെട്ട കോളുകള്‍, ഇമെയിലുകള്‍ എന്നിവയോട് നോ പറയാം. ഈ സമയം കുടുംബത്തിനൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ചിലവഴിക്കാം.

2. ജോലിയുമായി ബന്ധപ്പെട്ട ടാസ്‌കുകള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി കലണ്ടറുകള്‍, ലിസ്റ്റുകള്‍ എന്നിവ ഉണ്ടാക്കാം. ഇവ കൃത്യമായി ചെയ്ത് തീര്‍ക്കുന്നത് വഴി ജീവിതത്തിലേക്ക് ജോലി കയറിവരുന്നത് തടയാന്‍ സാധിക്കും.

3. ജോലി സമയത്ത് കൃത്യമായ ഇടവേളകള്‍ എടുക്കുന്നത് സമ്മര്‍ദം കുറയ്ക്കാനും ശ്രദ്ധ നിലനിര്‍ത്താനും സഹായിക്കും. തലച്ചോറിന് വിശ്രമം നല്‍കുന്നതിനായി ജോലിക്കിടയില്‍ സ്‌ട്രെച്ച് ചെയ്യുകയുമാകാം.

4. നിങ്ങളുടെ ജോലികള്‍ ചെയ്ത് തീര്‍ത്തതിന് ശേഷം വരുന്ന അധിക ജോലികളോട് നോ പറയാന്‍ പഠിക്കുക. ഒരേസമയം താങ്ങാന്‍ കഴിയുന്നതിലും കൂടുതല്‍ ജോലികള്‍ ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക.

5. നിരന്തര സോഷ്യല്‍ മീഡിയ അറിയിപ്പുകള്‍ വരുന്നത് നിങ്ങളുടെ ഉത്പാദനക്ഷമതയെ ബാധിച്ചേക്കാം. അതിനാല്‍ പ്രൊഡക്ടീവായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

6. മറ്റുള്ളവര്‍ക്കായി സമയം കണ്ടെത്തുന്നതുപോലെ നിങ്ങള്‍ക്കായും സമയം കണ്ടെത്തുക. വ്യായാമം, മെഡിറ്റേഷന്‍ അല്ലെങ്കില്‍ ഹോബികള്‍ എന്നിവയ്ക്കായി പ്രത്യേക സമയം നിശ്ചയിക്കുക.

7. ഓരോ ദിവസവും ജോലി ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും കൃത്യമായ സമയം നിശ്ചയിക്കുക. ആ സമയത്തിന് മുമ്പോ ശേഷമോ ജോലികള്‍ ഏറ്റെടുക്കാതിരിക്കാം.

8. ഏത് ഉപകരണങ്ങളും തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ച് കഴിഞ്ഞാല്‍ അല്‍പം വിശ്രമം നല്‍കണം. ജോലിക്കിടയില്‍ നിങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിന് അവധി ദിനങ്ങള്‍ ഉപയോഗിക്കുക. ഇത്തരം ദിനങ്ങള്‍ മാനസികമായും ശാരീരികമായും നിങ്ങളെ ഉന്മേഷപ്പെടുത്തുന്നു.

9. ജോലി ഭാരമായി തോന്നി തുടങ്ങിയെങ്കില്‍ തൊഴിലുടമയുമായി ആശയവിനിമയം നടത്തുക. ജോലിയിലോ വ്യക്തിജീവിതത്തിലോ വിട്ടുവീഴ്ച ചെയ്യാതെ പരിഹാരം കണ്ടെത്താന്‍ ഇത്തരം ആശയവിനിമയങ്ങള്‍ സഹായിക്കുന്നു.

ജെന്‍സി തലമുറ

1997നും 2012നും ഇടയില്‍ ജനിച്ച ആളുകളാണ് ജെന്‍സി തലമുറ. അതിന് മുമ്പത്തെ തലമുറയേക്കാള്‍ വ്യത്യസ്തമായ ചിന്താഗതികള്‍ ഉള്ള ആളുകളാണ് ഇക്കൂട്ടര്‍. എന്നാല്‍ ഇവര്‍ എന്തുകൊണ്ട് പെട്ടെന്ന് ജോലി മാറുന്നുവെന്ന് അറിയാമോ?

ജോലിയില്‍ പെട്ടെന്ന് ഉയര്‍ച്ച കൈവരിക്കുക എന്നതാണ് പ്രധാന കാരണം. ഭാവിയില്‍ കൂടുതല്‍ പര്യവേഷണം നടത്താനും കൂടുതല്‍ പഠിക്കാനും ഇവര്‍ ആഗ്രഹിക്കുന്നു. മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നവര്‍ കൂടിയാണ് പുതിയ തലമുറ. കൂടുതല്‍ സമ്മര്‍ദം നല്‍കുന്ന ജോലിയില്‍ തുടരാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. നിയന്ത്രണങ്ങള്‍ സഹിച്ച് ജോലിയില്‍ തുടരുന്നതിനും പുതിയ തലമുറ ആഗ്രഹിക്കുന്നില്ല. ഇത്തരം കാരണങ്ങള്‍ കൊണ്ടാണ് പലരും പെട്ടെന്ന് തന്നെ ജോലി മാറുന്നത്.