Kerala drink Thengappani: രാവിലെ ചായയ്ക്കും കാപ്പിക്കും മുൻപേ മലയാളി ശീലിച്ച ആ പഴയ തേങ്ങാപ്പാനിയെപ്പറ്റി കേട്ടിട്ടുണ്ടോ?
Kerala drink that once replaced tea and coffee: ചൂടോടെ കുടിക്കുന്നത് ഉന്മേഷം നൽകുമെങ്കിലും, വേനൽക്കാലത്ത് ഇത് തണുപ്പിച്ചു കുടിക്കുന്നതാണ് നല്ലത്. ഗ്ലാസ്സിൽ കുറച്ച് ഐസ് ക്യൂബുകൾ കൂടി ഇട്ട് വിളമ്പിയാൽ മക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സമ്മർ ഡ്രിങ്ക് തയ്യാർ. പഴയകാല വിഭവങ്ങൾ വീണ്ടും തീന്മേശയിലേക്ക് മടങ്ങിയെത്തുന്ന ഈ കാലത്ത്, തേങ്ങാപ്പാനി ഒരു പരീക്ഷണം തന്നെയാണ്, ഒപ്പം ആരോഗ്യകരമായ ഒരു ശീലം കൂടിയാണിത്.
രാവിലെ ചായയോ കാപ്പിയോ കുടിക്കാതെ എങ്ങനെ ഒരു ദിവസം തുടങ്ങും എന്ന് ആലോചിക്കുന്നവരാണ് മലയാളികളിൽ പലരും. കേരളത്തിന്റെ സ്വന്തം പാനീയം എന്ന നിലയിലേക്ക് ചായയും കാപ്പിയും എത്തിയിട്ട് എത്രകാലമായിക്കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ? ലോകത്തിന്റെ പലഭാഗങ്ങളിലും ഈ പാനീയം ഉണ്ട്. അപ്പോൾ ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാകും മുമ്പ് എന്തായിരിക്കും മലയാളി രാവിലെ പതിവായി കുടിച്ചിരുന്നത്? പഴയ തലമുറയിലെ പല വീടുകളിലും പ്രഭാതഭക്ഷണത്തോടൊപ്പം സ്ഥിരമായി വിളമ്പിയിരുന്ന ഒരു പാനീയമുണ്ടായിരുന്നു. മുകളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരവും ഇതുതന്നെ. തേങ്ങാപ്പാനി എന്ന കേരളത്തിന്റെ സ്വന്തം പാനീയം. തേങ്ങാപ്പാലും ശർക്കരയും ഏലക്കയും ചേർത്തൊരുക്കുന്ന ഈ വിഭവം ഇന്ന് അത്ര സുപരിചിതമല്ലെങ്കിലും, ഗുണത്തിലും രുചിയിലും പാനീയങ്ങളുടെ രാജാവാണ് ഈ തനിനാടൻ വിഭവം.
എന്താണ് തേങ്ങാപ്പാനി?
ലളിതമായി പറഞ്ഞാൽ പായസത്തിലെ കഷണങ്ങൾ ഒഴിവാക്കിയ രൂപം എന്ന് തേങ്ങാപ്പാനിയെ വിശേഷിപ്പിക്കാം. പായസത്തിന്റെ അതേ സുഗന്ധവും ക്രീം പരുവത്തിലുള്ള ഘടനയും ഇതിനുണ്ട്. പണ്ടുകാലത്ത് വീടുകളിൽ മിച്ചം വരുന്ന തേങ്ങാപ്പാലും ശർക്കരയും ഉപയോഗിച്ചാണ് ഇത് പ്രധാനമായും തയ്യാറാക്കിയിരുന്നത്. വേനൽക്കാലത്ത് തണുപ്പിച്ചും തണുപ്പുകാലത്ത് ചൂടോടെയും ഇത് കുടിക്കാം. ഇത് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.
Also Read – കൊടും ചൂടാണ്… ദിവസവും കഞ്ഞിവെള്ളി കുടിച്ചാൽ എന്താണ് ശരീരത്തിന് സംഭവിക്കുന്നത്
ആവശ്യമായ ചേരുവകൾ
- തേങ്ങ: 2 എണ്ണം
- ശർക്കര: 250 ഗ്രാം
- ഏലയ്ക്കാപ്പൊടി: 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
തേങ്ങാപ്പാനിയുടെ രുചി നിർണ്ണയിക്കുന്നത് തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുന്ന രീതിയിലാണ്. ഇതിനെ വേർതിരിക്കുന്ന നടപടിയാണ് അടുത്തത്. ചിരകിയ തേങ്ങയിൽ നിന്ന് ആദ്യം ഒന്നാം പാൽ അതായത് കട്ടിയുള്ള പാൽ മാറ്റിവെക്കുക. പിന്നീട് വെള്ളം ചേർത്ത് രണ്ടാമത്തെയും മൂന്നാമത്തെയും പാൽ കൂടി എടുത്തു വെക്കുക. ഇനി പാചകം തുടങ്ങാം. ഒരു പാത്രത്തിൽ മൂന്നാം പാൽ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് ശർക്കര ചേർത്ത് പൂർണ്ണമായും അലിയുന്നത് വരെ ഇളക്കുക. മിശ്രിതം നന്നായി തിളച്ചു തുടങ്ങുമ്പോൾ രണ്ടാം പാൽ ചേർക്കുക. ഇത് ഒന്ന് കുറുകി വരുമ്പോൾ കട്ടിയുള്ള ഒന്നാം പാൽ ചേർക്കാം.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഒന്നാം പാൽ ചേർത്ത ശേഷം മിശ്രിതം അമിതമായി തിളപ്പിക്കരുത് എന്നതാണ്. തിളച്ചാൽ പാൽ പിരിഞ്ഞുപോകാൻ സാധ്യതയുണ്ട്. ചെറിയ ചൂടിൽ പാൽ ഒന്ന് ചൂടായി വരുമ്പോൾ തന്നെ ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് വാങ്ങാം.
വേനൽക്കാല സ്പെഷ്യൽ
ചൂടോടെ കുടിക്കുന്നത് ഉന്മേഷം നൽകുമെങ്കിലും, വേനൽക്കാലത്ത് ഇത് തണുപ്പിച്ചു കുടിക്കുന്നതാണ് നല്ലത്. ഗ്ലാസ്സിൽ കുറച്ച് ഐസ് ക്യൂബുകൾ കൂടി ഇട്ട് വിളമ്പിയാൽ മക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സമ്മർ ഡ്രിങ്ക് തയ്യാർ. പഴയകാല വിഭവങ്ങൾ വീണ്ടും തീന്മേശയിലേക്ക് മടങ്ങിയെത്തുന്ന ഈ കാലത്ത്, തേങ്ങാപ്പാനി ഒരു പരീക്ഷണം തന്നെയാണ്, ഒപ്പം ആരോഗ്യകരമായ ഒരു ശീലം കൂടിയാണിത്.