Onam 2025: കായ വറുത്ത് തരാടോ! ഈ ഓണത്തിന് ചിപ്‌സ് ഇങ്ങനെ ഉണ്ടാക്കാം
Homemade Onam Snacks: ചിപ്‌സുണ്ടാക്കാനായി നേന്ത്രക്കായ തിരഞ്ഞെടുക്കുന്നതില്‍ പോലും ശ്രദ്ധയുണ്ടായിരിക്കണം. നല്ലതുപോലെ മൂത്ത കായകളാണ് ചിപ്‌സുണ്ടാക്കാന്‍ നല്ലത്. നൂറ് കൂടുതലുള്ള കായകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

കായ വറുത്തത്
ചിപ്‌സ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? നല്ല വെളിച്ചെണ്ണയില്‍ കോരിയെടുക്കുന്ന ചിപ്‌സ് എത്ര കഴിച്ചാലും മതിവരില്ല. ഓണമെത്താറായി ഇനി എന്തായാലും വീടുകളില്‍ കായ വറുത്തത് ഉള്‍പ്പെടെയുള്ള തിരക്കുകള്‍ ആരംഭിക്കും. എന്നാല്‍ പലരും പറയുന്ന പരാതി അവരുണ്ടാക്കുന്ന കായ വറുത്തത് ക്രിസ്പി ആകുന്നില്ല എന്നാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും ടേസ്റ്റി ആന്‍ഡ് ക്രിസ്പി ആയിട്ടുള്ള ചിപ്‌സ് ഉണ്ടാക്കാം.
എങ്ങനെ ചിപ്‌സുണ്ടാക്കാം?
ചിപ്‌സുണ്ടാക്കാനായി നേന്ത്രക്കായ തിരഞ്ഞെടുക്കുന്നതില്‍ പോലും ശ്രദ്ധയുണ്ടായിരിക്കണം. നല്ലതുപോലെ മൂത്ത കായകളാണ് ചിപ്‌സുണ്ടാക്കാന്‍ നല്ലത്. നൂറ് കൂടുതലുള്ള കായകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
ഈ കായകള്‍ വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞെടുക്കണം. എല്ലാ കായകള്‍ക്കും ഒരേ കനമാണെന്ന കാര്യം ഉറപ്പാക്കുക. അരിഞ്ഞെടുത്ത കായകള്‍ ഉപ്പ് കലക്കിയ വെള്ളത്തില്‍ കുറച്ച് സമയം ഇട്ടുവെക്കാം. ഇത് കായയിലെ കറ പോകാനും വറുക്കുമ്പോള്‍ അവ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാനും സഹായിക്കും.
ഈ ഉപ്പ് വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം. നാല് മുതല്‍ അഞ്ച് മിനിറ്റ് വരെയാണ് ഇത് വെള്ളത്തില്‍ മുക്കിവെക്കേണ്ടത്. അതിന് ശേഷം വെള്ളം നന്നായി വാര്‍ന്നുപോകുന്നതിനായി അരിപ്പയില്‍ ഇട്ടുവെക്കാം. ശേഷം അടികട്ടിയുള്ള വലിയ പാത്രമെടുത്ത് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കി അതിലേക്ക് കുറേശെയായി അരിഞ്ഞ കായകള്‍ ഇടുകൊടുക്കാം. വറുത്തുകോരിയ ചിപ്‌സ് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ചുവെക്കാം.