Lunch Break: ‘ ഫ്രീക്ക് ‘ പിള്ളേരെ പുച്ഛിക്കണ്ട… ജോലിയിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ കുറ്റബോധം; പുതുതലമുറ ഉച്ചഭക്ഷണം ഒഴിവാക്കുന്നു: പഠനം
Gen Z Is Skipping Lunch Break: തൊഴിലിടത്ത് ഇടവേളകൾ നൽകുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ജീവനക്കാരെ സഹായിക്കും.

ന്യൂഡൽഹി: പുതുതലമുറയിലെ (Gen-Z) 47 ശതമാനം പേരും കുറ്റബോധത്താല്‍ ഉച്ചഭക്ഷണ ഇടവേളകൾ ഒഴിവാക്കുന്നതായി പഠനം. ezCater നടത്തിയ ‘2024 ലഞ്ച് റിപ്പോര്‍ട്ട്’ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. പുതുതലമുറയില്‍പ്പെട്ട 47 ശതമാനം പേരും ആഴ്ചയിൽ രണ്ട് തവണയിലധികം ഉച്ചഭക്ഷണത്തിനായുള്ള ഇടവേള ഒഴിവാക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സമയബന്ധിതമായി ജോലി ചെയ്ത് തീർക്കാൻ സാധിക്കാത്തതിനാലാണ് ഇക്കൂട്ടർ ഇടവേളകൾ ഒഴിവാക്കുന്നത്. എന്നാൽ 50 ശതമാനം പേർ ജോലി ചെയ്യുന്ന ദിവസങ്ങളിൽ ഇടവേളകളെ മികച്ച കാര്യമായി കാണുന്നുവെന്നും പഠനത്തിൽ പറയുന്നുണ്ട്. ജോലിയിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ ബേബി ബൂമർ തലമുറയിൽപ്പെട്ടവരേക്കാൾ കൂടുതൽ (1946നും 1964നും ഇടയിൽ ജനിച്ചവർ) കുറ്റബോധം പുതുതലമുറയ്ക്ക് തോന്നുന്നതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് മഹാമാരിയുടെ കാലത്തെ തൊഴിൽ സംസ്കാരമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുന്ന 60 ശതമാനം പേർക്കും ഇടവേള എടുക്കുന്നത് കുറ്റബോധം ഉണ്ടാക്കുന്നതായി 2020-ൽ ഫ്രെഷ്ലി നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇടവേളയെടുക്കുന്നത് ജോലിയെ ബാധിക്കുമെന്ന് അവർ ഭയപ്പെട്ടിരുന്നതായും പഠനത്തില്‍ പറയുന്നു. നിലവിലെ സാഹചര്യം ഇതിന് സമമാണെന്ന് ezCater നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
പസഫിക് ഫുഡ്‌സിന് വേണ്ടി വൺപോൾ 2024 ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ അമേരിക്കയിൽ രാവിലെ 9 മുതൽ 5 വരെ ജോലി ചെയ്യുന്ന ആളുകൾ ഇടവേള ഒഴിവാക്കുന്നതായി കണ്ടെത്തിയിരുന്നു. 5000 പേരിലാണ് ezCater പഠനം നടത്തിയത്. 23 ശതമാനം ആളുകളും ഇടവേളയെടുക്കാത്തത് കൃത്യസമയത്ത് ജോലി പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന ഭയത്തെ തുടർന്നാണ്. ഓഫീസിലെ മീറ്റിംഗുകൾ 19 ശതമാനം പേരെ ഉച്ചഭക്ഷണം കഴിക്കുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നു. മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ ജോലി നഷ്ടപ്പെടുമോ എന്ന ഭയവും ആളുകളെ ഇടവേള എടുക്കുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നു. ഈ ഭയം ജീവനക്കാരുടെ മാനസികാരോഗ്യത്തെയും ജോലി സ്ഥലത്തെ പ്രകടനത്തെയും ദോഷകരമായി ബാധിക്കും. തൊഴിലിടത്ത് മികച്ച അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് വിദഗ്ധർ വിശ്വസിക്കുന്നു.
ജീവനക്കാരുടെ ഇടയില്‍ ഒത്തൊരുമ സൃഷ്ടിക്കുന്നതിലും ക്ഷേമം വർധിപ്പിക്കുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന് ezCater-ൻ്റെ ചീഫ് റവന്യൂ ഓഫീസർ കൗശിക് സുബ്രഹ്മണ്യൻ പറഞ്ഞു. ജീവനക്കാർക്ക് കമ്പനികൾ ഭക്ഷണം നൽകാൻ തയ്യാറായിൽ ഹെെബ്രിഡ് മോഡലിൽ (വീട്ടിലും ഓഫീസിലും) ജോലി ചെയ്യുന്നവരിൽ 58 ശതമാനം പേരും ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ വന്ന് താത്പര്യത്തോടെ ജോലി ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടവേളകൾ നൽകുന്നത് മാനസിക- തൊഴിൽ സമ്മർദ്ദം കുറയ്ക്കുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ജീവനക്കാരെ സഹായിക്കും. ഇടവേളകൾ എടുക്കാൻ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നത് തൊഴിൽ സംസ്കാരം മികച്ചതാക്കാൻ കമ്പനികളെ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.