Heart Attack: നാല്പത് കഴിഞ്ഞോ, ഹൃദയത്തിന് വേണം അധിക കരുതൽ; ഇവ ശീലമാക്കിക്കോളൂ…
Heart Attack Prevention: ഇന്ന് മുപ്പതുകളിലും നാല്പതുകളിലും ഉള്ളവരിലും ഹൃദയാഘാതം വർദ്ധിച്ചുവരികയാണ്. മാറിയ ജീവിതശൈലി, തെറ്റായ ഭക്ഷണക്രമം, അമിതമായ മാനസിക സമ്മർദ്ദം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ.
ഒരുകാലത്ത് പ്രായമായവരിലായിരുന്നു ഹൃദയസംബന്ധമായ അസുഖങ്ങൾ കൂടുതലായി കണ്ടിരുന്നത്. എന്നാൽ, ഇന്ന് മുപ്പതുകളിലും നാല്പതുകളിലും ഉള്ളവരിലും ഹൃദയാഘാതം വർദ്ധിച്ചുവരികയാണ്. മാറിയ ജീവിതശൈലി, തെറ്റായ ഭക്ഷണക്രമം, അമിതമായ മാനസിക സമ്മർദ്ദം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. എന്നാൽ കൃത്യമായ മുൻകരുതലുകൾ എടുത്താൽ ഈ അപകടസാധ്യത വലിയൊരു പരിധിവരെ ഒഴിവാക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. 40 വയസ്സ് കഴിഞ്ഞവർ ഹൃദയാരോഗ്യത്തിനായി പിന്തുടരേണ്ട പ്രധാന ശീലങ്ങൾ ഏതെല്ലാമെന്ന് അറിയാം….
ഭക്ഷണത്തിന് ശേഷം ചെറിയ നടത്തം
ഭക്ഷണം കഴിഞ്ഞയുടനെ പത്ത് മിനിറ്റെങ്കിലും നടക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു. ഓഫീസിലായാലും വീട്ടിലായാലും പത്ത് മിനിറ്റ് നടക്കാൻ സമയം കണ്ടെത്തുക.
നാരുകൾ അടങ്ങിയ ഭക്ഷണം
ഭക്ഷണത്തിൽ നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഓട്‌സ്, ബീൻസ്, ആപ്പിൾ തുടങ്ങിയ ഭക്ഷണങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ ദഹനവ്യവസ്ഥയിൽ വച്ച് കൊളസ്ട്രോളിനെ ആഗിരണം ചെയ്യുകയും രക്തത്തിൽ കലരുന്നത് തടയുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നു.
കൃത്യമായ ഉറക്കം
ദിവസവും 7 മുതൽ 8 മണിക്കൂർ വരെ തടസ്സമില്ലാത്ത ഉറക്കം ഉറപ്പാക്കുക. ഉറക്കക്കുറവ് രക്തസമ്മർദ്ദവും പ്രമേഹവും വർദ്ധിപ്പിക്കാൻ കാരണമാകും. ശരിയായ സമയത്തുള്ള ഉറക്കം ശരീരത്തിന്റെ മെറ്റബോളിസം നിലനിർത്താനും മാനസിക സമ്മർദ്ദം കുറയ്ക്കാനും അത്യന്താപേക്ഷിതമാണ്.
ALSO READ: 14 ദിവസം പഞ്ചസാര കഴിക്കാതിരിക്കാൻ പറ്റുമോ…; കണ്ടറിയാം ഈ മാറ്റങ്ങൾ
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക
പ്ലാസ്റ്റിക് പാത്രങ്ങളിലും കുപ്പികളിലും അടങ്ങിയിരിക്കുന്ന ബിപിഎ, താലേറ്റുകൾ തുടങ്ങിയ രാസവസ്തുക്കൾ ശരീരത്തിൽ വീക്കം ഉണ്ടാക്കാനും ഹൃദയധമനികളിൽ തടസ്സങ്ങൾ സൃഷ്ടിക്കാനും കാരണമായേക്കാം. പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം സ്റ്റീൽ, ഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക.
കൃത്യമായ ആരോഗ്യ പരിശോധനകൾ
40 വയസ്സ് കഴിഞ്ഞാൽ വർഷത്തിലൊരിക്കലെങ്കിലും പൂർണ്ണമായ ആരോഗ്യ പരിശോധന നടത്തണം. രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവ കൃത്യമായി പരിശോധിക്കുന്നത് വഴി ഹൃദയസ്തംഭനത്തിനുള്ള സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും ചികിത്സിക്കാനും സാധിക്കും. ഇസിജി , എക്കോകാർഡിയോഗ്രാഫി തുടങ്ങിയ പരിശോധനകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യാവുന്നതാണ്.