Union Budget 2026: ഇത്തവണത്തെ കേന്ദ്ര ബജറ്റ് എന്ന്? ഈ തീയതിക്കുമുണ്ട് ഒരു പ്രത്യേകത
Union Budget 2026 date: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനെന്ന് സൂചന. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ തീയതികള്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനെന്ന് സൂചന. അടുത്ത കാലത്ത് ഇതാദ്യമായാണ് കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ) ബജറ്റ് സമ്മേളനത്തിന്റെ തീയതികള്‍ അംഗീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാർലമെന്റ് കലണ്ടർ പ്രകാരം, ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ജനുവരി 28 ന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ജനുവരി 29 ന് സാമ്പത്തിക സർവേ പാർലമെന്റിൽ അവതരിപ്പിക്കും.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഭാഗം ജനുവരി 28 നും ഫെബ്രുവരി 13 നും ഇടയില്‍ നടത്തും. മാര്‍ച്ച് ഒമ്പതിനും ഏപ്രില്‍ രണ്ടിനും ഇടയിലാകും രണ്ടാം ഭാഗം. തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള 88-ാമത്തെ ബജറ്റ് കൂടിയാണിത്.
Also Read: Union Budget 2026: ബജറ്റിലെ ആ വാക്കുകളുടെ അർഥം അറിയുമോ? ലളിതമാണ്, പക്ഷെ
2017 മുതല്‍ ഫെബ്രുവരി 1 ന് രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതിന് മുമ്പ് ഫെബ്രുവരി 28 നാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ബജറ്റ് നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ കാലത്താണ് ബജറ്റ് ീയതി മാറ്റാന്‍ തീരുമാനിച്ചത്.
തുടർച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടം നിര്‍മ്മലാ സീതാരാമന്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കും. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോഡിന് അടുത്തെത്താനും അവര്‍ക്ക് സാധിക്കും. 1959 നും 1964 നും ഇടയിൽ ആറ് ബജറ്റുകളും 1967 നും 1969 നും ഇടയിൽ നാല് ബജറ്റുകളും മൊറാര്‍ജി ദേശായി അവതരിപ്പിച്ചിട്ടുണ്ട്.