AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

High Temperature: കൊടുംചൂട്; നിങ്ങളുടെ ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക…

High Temperature: ദീർഘനേരം വെയിൽ കൊള്ളുന്നത് സൂര്യതാപത്തിനും ചർമ്മത്തിൽ ചുവന്ന പാടുകൾ, ചൊറിച്ചിൽ എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. കൂടാതെ അകാല വാർധക്യം, ചർമ്മത്തിലെ ക്യാൻസർ എന്നിവയ്ക്കും ഇവ കാരണമാകും.

High Temperature: കൊടുംചൂട്; നിങ്ങളുടെ ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക…
പ്രതീകാത്മക ചിത്രംImage Credit source: Freepik
nithya
Nithya Vinu | Published: 08 Mar 2025 13:09 PM

കൊടും ചൂടിനാൽ വലയുകയാണ് മലയാളികൾ. ചൂട് കൂടുന്നത് നിങ്ങളുടെ ചർമ്മത്തെയും ആരോ​ഗ്യത്തെയും വ്യത്യസ്ത രീതിയിൽ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ ജാ​ഗ്രത പാലിച്ചില്ലെങ്കിൽ നിർജ്ജലീകരണം, സൂര്യതാപം പോലുള്ള പ്രശ്നങ്ങൾക്ക് ഇവ വഴിയൊരുക്കുന്നു.

ഉയർന്ന താപനില നിങ്ങളുടെ ചർമ്മത്തെ എങ്ങനെ ബാധിക്കുന്നു?

1. സൂര്യതാപം, ചർമ്മത്തിന് കേടുപാടുകൾ
ദീർഘനേരം വെയിൽ കൊള്ളുന്നത് സൂര്യതാപത്തിനും ചർമ്മത്തിൽ ചുവന്ന പാടുകൾ, ചൊറിച്ചിൽ എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. കൂടാതെ അകാല വാർധക്യം, ചർമ്മത്തിലെ ക്യാൻസർ എന്നിവയ്ക്കും ഇവ കാരണമാകും.

പ്രതിരോധം: എപ്പോഴും SPF 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്ക്രീൻ പുരട്ടുക. തൊപ്പികൾ, സൺഗ്ലാസുകൾ ധരിക്കുക. രാവിലെ പത്തിനും വൈകുന്നേരം നാലിനും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.

2. നിർജ്ജലീകരണവും വരണ്ട ചർമ്മവും
ചൂട് മൂലം ശരീരത്തിൽ നിന്ന് വിയർപ്പ് വഴി വെള്ളം നഷ്ടപ്പെടുന്നത് നിർജ്ജലീകരണത്തിന് കാരണമാകുന്നു. ഇത് ചർമ്മത്തെ വരണ്ടതാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. കൂ‍ടാതെ തൊലി അടരാനും സാധ്യതയുണ്ട്.

പ്രതിരോധം: അതിനാൽ പകൽസമയത്ത് ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക. ചർമ്മത്തിന് ഈർപ്പം നൽകാൻ നല്ലൊരു മോയ്സ്ചറൈസർ പുരട്ടുക. ചർമ്മം വരണ്ടതാക്കുന്നതിനാൽ അധികം എയർ കണ്ടീഷണർ ഉപയോഗിക്കരുത്.

ALSO READ: കുപ്പിവെള്ളം വാങ്ങുന്നവരാണോ നിങ്ങൾ? എന്നാൽ ഇത് ശ്രദ്ധിക്കാതെ പോകരുത്; രോഗങ്ങളെ അകറ്റി നിർത്താം

3. ചർമ്മ അണുബാധ
വിയർപ്പ് സുഷിരങ്ങൾ അടയുകയും, തിണർപ്പ്, ബാക്ടീരിയ/ ഫം​ഗസ് അണുബാധ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു.

പ്രതിരോധം: അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ചർമ്മം വരണ്ടതും വൃത്തിയുള്ളതുമായി സൂക്ഷിക്കുക. ചൂട് കുറയ്ക്കാൻ തണുത്ത വെള്ളത്തിൽ കുളിക്കുക.

ഉയർന്ന താപനില നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

1. നിർജലീകരണം
വളരെയധികം വിയർക്കുമ്പോൾ ശരീരത്തിൽ നിന്ന് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നു. ഇത് തലകറക്കം, ക്ഷീണം, കടുത്ത ദാഹം എന്നിവയ്ക്ക് കാരണമാകും. നിർജ്ജലീകരണം കഠിനമാകുന്നത് ‌വളരെയധികം അപകടമാണ്.

പ്രതിരോധം: ഒരു ദിവസം കുറഞ്ഞത് 810 ഗ്ലാസ് വെള്ളം കുടിക്കുക. വെള്ളരിക്ക, തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക. കഫീൻ, മദ്യം എന്നിവ ഒഴിവാക്കുക.

2. സൂര്യാഘാതം
ശരീരം അമിതമായി ചൂടാവുന്നത് തലവേദന, ഓക്കാനം, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. സൂര്യാഘാതം ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കുന്നു.

പ്രതിരോധം: ചൂട് കൂടുതലുള്ളപ്പോൾ പരമാവധി വീടിനുള്ളിൽ ആയിരിക്കുക. തണുപ്പ് നിലനിർത്താൻ ഫാനുകളോ എയർ കണ്ടീഷനിം​ഗോ ഉപയോ​ഗിക്കുക. തലക്കറക്കം, ക്ഷീണം എന്നിവ അനുഭവപ്പെട്ടാൽ തണുത്ത സ്ഥലത്ത് വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.

3. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ
ചൂട് കൂടുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അതിനാൽ ഹൃദ്രോ​ഗികൾ ജാ​ഗ്രത പാലിക്കണം.

പ്രതിരോധം: കഠിന ജോലികൾ ചെയ്യാതിരിക്കുക. നിർദ്ദേശിച്ച പ്രകാരം മരുന്നുകൾ കഴിക്കുക. ബിപി, പൾസ് നിരക്ക് എന്നിവ പരിശോധിക്കുക.