Christmas 2024: നെയ്യ് ചോറും ബീഫും മാറി നിൽക്കും ഈ ഇറച്ചിന് ചോറിന് മുന്നിൽ; ഈ വിഭവം ഒന്ന് പരീക്ഷിച്ചാലോ?
Erachi Choru Recipe: സവാള ഗോൾഡൺ ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി വച്ചിരിക്കുന്നതും കൂടി ചേർക്കുക.
ബീഫ് ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഇറച്ചി ചോറ് ക്രിസ്മസ് ആഘോഷവേളയിൽ തയ്യാറാക്കി നോക്കിയാലോ? ഒരു പ്രഷർ കുക്കർ മാത്രമുപയോഗിച്ച് നാല് പേർക്ക് കഴിക്കാൻ സാധിക്കുന്ന ഇറച്ചി ചോറിന്റെ റെസിപ്പിയാണിത്.
ഇറച്ചി ചോറ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
ബീഫ്- അര കിലോ
ഇഞ്ചി- 1½ ഇഞ്ച്
വെളുത്തുള്ളി – 12 അല്ലി
പച്ചമുളക് – 3 എണ്ണം
എണ്ണ – 2 ടേബിൾ സ്പൂൺ
സവാള – 1 ഒരു എണ്ണം (ചെറുതായി കൊത്തിയരിഞ്ഞത്)
തക്കാളി – 1 എണ്ണം (ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞത്)
ഉപ്പ് – 1½ + 1 ടീസ്പൂൺ
മഞ്ഞൾപൊടി – ¼ ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
വെള്ളം – 2 + ½ കപ്പ് (625 ml)
കെെമ അരി (ജീരകശാല അരി) – 2 കപ്പ് (400 gm)
മല്ലിയില- ½ കപ്പ് (ചെറുതായി അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഒരു പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റി വയ്ക്കുക. പ്രഷർ കുക്കർ ചൂടാക്കിയതിന് ശേഷം രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ അരിഞ്ഞ് വച്ചിരിക്കുന്ന സവാള ചേർക്കുക. സവാള ഗോൾഡൺ ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി വച്ചിരിക്കുന്നതും കൂടി ചേർക്കുക. ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റും ചേർത്ത് വഴറ്റി എടുക്കണം. 1½ ടീസ്പൂൺ ഉപ്പും ചേർത്ത് വേണം വഴറ്റാൻ. ഏകദേശം 3-4 മിനിറ്റോളം തുടർച്ചയായി ഇളക്കണം.
തീകുറച്ച ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേർത്ത് ഇളക്കുക. ഗരംമസാല ഇല്ലെങ്കിൽ ഒന്നര ടീസ്പൂൺ മീറ്റ് മസാല ചേർത്താലും മതി. ഒരു മിനിറ്റ് നേരം ഇളക്കിയതിന് ശേഷം ഇതിലേക്ക് ചെറിയ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫ് ചേർക്കുക. അരകപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കി കൊടുക്കുക. തീ ആദ്യ വിസിൽ വരുന്നത് വരെ ഹെെ ഫ്ലേമിൽ ആക്കുക. പിന്നീടുള്ള വിസിലുകൾ ലോ ഫ്ലേമിൽ വേവിക്കുക. വിസിലുകൾ അടിച്ചതിന് ശേഷം തീ ഓഫ് ചെയ്ത് ഏകദേശം 20 മിനിറ്റോളം റെസ്റ്റ് ചെയ്യാൻ വയ്ക്കുക.
ബീഫ് വേവുന്ന സമയം, ഇറച്ചി ചോറിനുള്ള അരി കുതിർത്ത് എടുക്കാം. 20 മിനിറ്റോളം അരി കുതിർക്കാൻ വയ്ക്കണം. ശേഷം വെള്ളം ഊറ്റി കളയണം. ബീഫ് വേവുന്ന സമയത്തിനുള്ളിൽ ഇത് ചെയ്ത് തീർക്കാൻ ശ്രദ്ധിക്കണം. വേവിച്ച് വച്ച ബീഫ് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കണം. ബീഫിന്റെ ഗ്രേവിയും ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കണം. ഒരു കപ്പ് ഗ്രേവിയും രണ്ട് കപ്പ് വെള്ളവും കുക്കറിലേക്ക് ഒഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അരിയും മാറ്റി വച്ചിരിക്കുന്ന ബീഫും മല്ലിയിലയും ചേർക്കുക. അടച്ചു വച്ച് ഒരു വിസിൽ വരുന്ന വരെ ഹെെ ഫ്ലേമിൽ വേവിക്കുക. സ്റ്റൗവ് ഓഫ് ചെയ്ത് കൃത്യം 10 മിനിറ്റിന് ശേഷം പ്രഷർ ഉണ്ടെങ്കിൽ അത് കളഞ്ഞതിന് ശേഷം കുക്കർ തുറക്കാവുന്നതാണ്. ഒരു സെർവിംഗ് ബൗളിലേക്ക് മാറ്റിയതിന് ശേഷം ചെറുതായി ഇളക്കുക. സ്വാദിഷ്ടമായ ഇറച്ചി ചോർ റെഡി.