Storage Tips: ലഡുവും ജിലേബിയും ഫ്രിഡ്ജിൽ വെക്കാമോ? സ്വീറ്റ്‌സ് സൂക്ഷിക്കാൻ ഇതാ ചില വഴികൾ
How to Store Sweets: മധുരപലഹാരങ്ങൾ പെട്ടെന്ന് കേടുകൂടാതെ സൂക്ഷിക്കുക എന്നത് പലപ്പോഴും വെല്ലുവിളിയാണ്. പലരും മധുരപലഹാരങ്ങൾ കിട്ടിയ ഉടൻ നേരെ ഫ്രിഡ്ജിൽ വെക്കുകയാണ് പതിവ്. എന്നാൽ എല്ലാ പലഹാരങ്ങളും ഒരേ രീതിയിലല്ല സൂക്ഷിക്കേണ്ടത്. ഓരോ പലഹാരത്തിലെയും ചേരുവകൾക്കനുസരിച്ചാണ് അവയുടെ സൂക്ഷിപ്പ് രീതി മാറ്റേണ്ടത്. അതിനെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ....
ആഘോഷവേളകളിലോ വിശേഷ ദിവസങ്ങളിലോ കിട്ടുന്ന മധുരപലഹാരങ്ങൾ പെട്ടെന്ന് കേടുകൂടാതെ സൂക്ഷിക്കുക എന്നത് പലപ്പോഴും വെല്ലുവിളിയാണ്. പലരും മധുരപലഹാരങ്ങൾ കിട്ടിയ ഉടൻ നേരെ ഫ്രിഡ്ജിൽ വെക്കുകയാണ് പതിവ്. എന്നാൽ എല്ലാ പലഹാരങ്ങളും ഒരേ രീതിയിലല്ല സൂക്ഷിക്കേണ്ടത്. ഓരോ പലഹാരത്തിലെയും ചേരുവകൾക്കനുസരിച്ചാണ് അവയുടെ സൂക്ഷിപ്പ് രീതി മാറ്റേണ്ടത്. അതിനെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ….
പാൽ അടങ്ങിയ പലഹാരങ്ങൾ
പേഡ പോലുള്ള പാൽ അടങ്ങിയ പലഹാരങ്ങൾ വളരെ വേഗം കേടാകാൻ സാധ്യതയുള്ളവയാണ്. ഇവ ഒരിക്കലും പുറത്ത് വെയ്ക്കരുത്. വായു കടക്കാത്ത ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ അടച്ച് ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം. ഫ്രിഡ്ജിലെ മറ്റ് ഭക്ഷണങ്ങളുടെ മണം പിടിക്കാതിരിക്കാൻ ബട്ടർ പേപ്പറോ ഫോയിൽ പേപ്പറോ ഉപയോഗിച്ച് ഇവ പൊതിഞ്ഞു വെയ്ക്കുന്നതാണ് ഉചിതം.
നെയ്യും ഡ്രൈ ഫ്രൂട്ട്‌സും അടങ്ങിയവ
നെയ്യുടെയും ഡ്രൈ ഫ്രൂട്ട്സിന്റെയും അംശം കൂടുതലുള്ള പലഹാരങ്ങൾ ഫ്രിഡ്ജിൽ വെച്ചാൽ നെയ്യ് കട്ടിപിടിച്ച് കല്ലിച്ചുപോകും. അതുകൊണ്ട് ഇവ തണുപ്പില്ലാത്ത, ഈർപ്പമില്ലാത്ത അന്തരീക്ഷത്തിൽ റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. വായു കടക്കാത്ത സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
സിറപ്പിലുള്ള പലഹാരങ്ങൾ
ഗുലാബ് ജാമൂൻ, റസഗുല്ല തുടങ്ങിയവ അവയുടെ സ്വന്തം പാനിയിൽ തന്നെ മുക്കി വെയ്ക്കണം. കൂടുതൽ ദിവസം സൂക്ഷിക്കണമെങ്കിൽ സിറപ്പോടുകൂടി ഫ്രിഡ്ജിൽ വെയ്ക്കാം. കഴിക്കുന്നതിന് മുമ്പ് പുറത്തെടുത്ത് സാധാരണ താപനിലയിലേക്ക് മാറ്റിയാൽ സ്വാദ് പൂർണ്ണമായി ആസ്വദിക്കാം.
ഇക്കാര്യങ്ങളും ശ്രദ്ധിച്ചോണേ….
പലഹാരങ്ങൾ എടുക്കാൻ എപ്പോഴും ഈർപ്പമില്ലാത്ത ഉണങ്ങിയ സ്പൂൺ ഉപയോഗിക്കുക. ഒരു തുള്ളി വെള്ളം പോലും പൂപ്പൽ വളരാൻ കാരണമാകും. ഫ്രിഡ്ജിൽ വെച്ച പലഹാരങ്ങൾ കഴിക്കുന്നതിന് 15-20 മിനിറ്റ് മുമ്പ് പുറത്തെടുത്ത് സാധാരണ താപനിലയിലാക്കുക. ഇത് പലഹാരങ്ങളുടെ യഥാർത്ഥ രുചി തിരികെ നൽകും.
അതുപോലെ, പലഹാരങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളിൽ ഈർപ്പം ഒട്ടും ഉണ്ടാകാൻ പാടില്ല. ഫ്രിഡ്ജിലെ മറ്റ് കറികളുടെയോ പച്ചക്കറികളുടെയോ ഗന്ധം മധുരപലഹാരങ്ങളിലേക്ക് വരാതിരിക്കാൻ ടൈറ്റ് ആയ അടപ്പുള്ള പാത്രങ്ങളിലോ അല്ലെങ്കിൽ ഫുഡ് ഗ്രേഡ് റാപ്പുകളിലോ ഇട്ട് സൂക്ഷിക്കുക.
English Summary:
Proper storage is essential to keep sweets fresh, maintain their taste and texture, and prevent spoilage. Whether sweets should be refrigerated depends on their ingredients and type. Milk-based sweets such as rasgulla, peda, gulab jamun and kalakand should generally be stored in airtight containers in the refrigerator to prevent bacterial growth.