Karkidaka Masam 2025: രാമായണ മാസത്തിൽ ദേഹരക്ഷയ്ക്കായി കർക്കിടക കഞ്ഞി തയ്യാറാക്കാം; റെസിപ്പി ഇതാ
How To Make Karkidaka Kanji Recipe: കരിക്കിടക മാസത്തിൽ പ്രധാനമാണ് കർക്കിടക കഞ്ഞി. വളരെ എളുപ്പത്തിൽ വീടുകളിൽ തയ്യാറാക്കാവുന്ന കർക്കിടക കഞ്ഞിയുടെ റെസിപ്പി ഇങ്ങനെ.
ഇന്ന് കർക്കിടക മാസം ആരംഭിച്ചിരിക്കുകയാണ്. രാമായണ മാസമെന്നും അറിയപ്പെടുന്ന കർക്കിടകത്തിൽ മലയാളികൾക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് കർക്കിടക കഞ്ഞി അഥവാ ഔഷധക്കഞ്ഞി. നിരവധി ആരോഗ്യഗുണങ്ങളടങ്ങിയ ഔഷധക്കഞ്ഞി ദേഹരക്ഷയ്ക്കായാണ് തയ്യാറാക്കുന്നത്. ഇപ്പോൾ ഔഷധക്കഞ്ഞി മിക്സ് കടകളിൽ ലഭിക്കുമെങ്കിലും വളരെ എളുപ്പത്തിൽ നമുക്ക് വീടുകളിൽ തന്നെ ഇതുണ്ടാക്കാം.
ഔഷധഗുണങ്ങൾ ഒരുപാടുള്ള ഞവര അരിയാണ് കർക്കിടക കഞ്ഞി തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. പ്രാദേശികമായി ചില വ്യത്യാസങ്ങൾ ഉണ്ടാവുമെങ്കിലും ഉലുവ, ആശാളി, ജീരകം, കാക്കവട്ട്, മഞ്ഞൾ, ചുക്ക്, തഴുതാമ, ആടലോടകം എന്നിങ്ങനെ വിവിധ തരം ഔഷധച്ചെടികളും ചേരുവകളും ഔഷധക്കഞ്ഞിയിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്. അതായത്, ഔഷധയോഗ്യമായ പച്ചിലകളും മറ്റും കഞ്ഞിയിൽ ചേർക്കാമെന്ന് സാരം. ചിലയിടങ്ങളിൽ തേങ്ങാപ്പാൽ, ശർക്കര, പശുവിൻനെയ്യ് തുടങ്ങിയവയും കഞ്ഞിയിൽ ഉപയോഗിക്കും.
അരി കഴുകി ഉലുവ ചേർത്താണ് തിളപ്പിക്കേണ്ടത്. തിളച്ചുകഴിഞ്ഞാൽ ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിക്കാം. അരി വെന്തതിന് ശേഷം തീ ഓഫ് ചെയ്ത് ബാക്കിയുള്ള ഔഷധച്ചേരുകൾ ചേർത്ത് നന്നായി ഇളക്കി കുറച്ച് നേരം മൂടി വെക്കുക. പിന്നീട് കഞ്ഞി കഴിക്കാം.




Also Read: Karkidakam 2025: ശ്രീരാമ രാമ രാമ… ഇനി നാടെങ്ങും രാമായണ നാമജപത്തിൻ്റെ ശീലുകൾ; ഇന്ന് കർക്കിടകം ഒന്ന്
കഞ്ഞിയ്ക്കൊപ്പം പത്തിലക്കറിയാണ് പ്രധാനം. പത്തിലക്കറിയിലെ ചേരുവകളും പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കും. കുമ്പളയില, മത്തനില, മുള്ളൻചീര, മണിത്തക്കാളിയില, ചേമ്പില, ചീര, തഴുതാമ, പയറില, തകര, മുരിങ്ങയില എന്നിങ്ങനെ പത്ത് തരം ഇലകളാണ് പത്തിലക്കറിയിൽ ഉപയോഗിക്കുക. കർക്കിടക മാസത്തിൽ മുരുങ്ങയിലെ ഉപയോഗിക്കരുതെന്ന വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ മുരിങ്ങയിലയ്ക്ക് പകരം കോവൽ ഇലയോ കൊടിത്തൂവയോ ഉപയോഗിക്കാവുന്നതാണ്.
ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭമായി കണക്കാക്കപ്പെടുന്ന കർക്കിടകത്തെ പഞ്ഞ മാസമെന്നും രാമായണ മാസമെന്നും വിളിക്കാറുണ്ട്. എല്ലാ വീടുകളിലും രാമായണ പാരായണം നടക്കുന്ന ഭക്തിസാന്ദ്രമായ മാസമാണ് കർക്കിടകം.