Covid -19 testing tool: മിന്നാമിനുങ്ങിലെ സയൻസുകൊണ്ട് ഒരു കോവിഡ് ടെസ്റ്റ്, ബയോലുമിനെസെൻസ് ഉപയോഗിച്ച് ടെസ്റ്റ് ചെയ്യുന്ന മെഷീനുമായി ശാസ്ത്രജ്ഞർ
LUCAS for COVID-19 testing: മിന്നാമിനുങ്ങുകൾ പ്രകാശിക്കുന്നത് പോലെ, ഒരു പ്രത്യേക സ്വാഭാവിക എൻസൈമിൻ്റെ സഹായത്തോടെയാണ് LUCAS പ്രവർത്തിക്കുന്നത്. രോഗാണുക്കളുടെ സാന്നിധ്യം സാമ്പിളിൽ ഉണ്ടെങ്കിൽ, ഈ എൻസൈം ശക്തമായ തിളക്കം പുറത്തുവിടും.

ന്യൂഡൽഹി: കോവിഡ്-19, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗാണുബാധകൾ ഇനി അതിവേഗം കണ്ടെത്താം. ഇതിന് സഹായിക്കുന്ന പുതിയൊരു സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. ലൂമിനസെൻസ് കാസ്കേഡ് അധിഷ്ഠിത സെൻസർ (Luminescence CAscade-based Sensor) എന്നതിൻ്റെ ചുരുക്കപ്പേരായ LUCAS (ലൂക്കാസ്) എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം വെളിച്ചം ഉപയോഗിച്ചാണ് രോഗനിർണ്ണയം നടത്തുന്നത്. വെറും 25 മിനിറ്റിനുള്ളിൽ കൃത്യമായ ഫലം നൽകാൻ ഇതിന് കഴിയും.
അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ മാസ് ജനറൽ ബ്രിഗാമിലെ ഡോ. ഹാദി ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിർണായക കണ്ടുപിടിത്തത്തിന് പിന്നിൽ. കണ്ടെത്തലുകൾ പ്രമുഖ ശാസ്ത്ര ജേണലായ നേച്ചർ ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എങ്ങനെ പ്രവർത്തിക്കുന്നു LUCAS?
മിന്നാമിനുങ്ങുകൾ പ്രകാശിക്കുന്നത് പോലെ, ഒരു പ്രത്യേക സ്വാഭാവിക എൻസൈമിൻ്റെ സഹായത്തോടെയാണ് LUCAS പ്രവർത്തിക്കുന്നത്. രോഗാണുക്കളുടെ സാന്നിധ്യം സാമ്പിളിൽ ഉണ്ടെങ്കിൽ, ഈ എൻസൈം ശക്തമായ തിളക്കം പുറത്തുവിടും. ഇത് ഒരു വ്യക്തിയുടെ രക്തത്തിലോ മൂക്കിലെ സ്രവത്തിലോ വൈറസുകൾ ഉണ്ടോ എന്ന് ഡോക്ടർമാരെ കണ്ടെത്താൻ ഇത് സഹായിക്കുന്നു.
നിലവിലുള്ള സമാന പരിശോധനാ രീതികൾ ദുർബലവും കുറഞ്ഞ സമയം മാത്രം നിലനിൽക്കുന്നതുമായ സിഗ്നലുകളാണ് നൽകിയിരുന്നത്. എന്നാൽ LUCAS, 500 മടങ്ങ് തെളിച്ചമുള്ളതും 8 മടങ്ങ് കൂടുതൽ സമയം നിലനിൽക്കുന്നതുമായ സിഗ്നലുകൾ ഉത്പാദിപ്പിക്കുന്നു.
“ഐസ് ക്യൂബ് കണ്ടെത്തുന്നത് പോലെ”
“രക്തത്തിൽ ഒരു വൈറസ് കണികയെ കണ്ടെത്തുന്നത്, കണ്ണുകെട്ടി ജെല്ലി നിറച്ച ഒളിമ്പിക്സ് നീന്തൽക്കുളത്തിൽ ഒരു ഐസ് ക്യൂബ് കണ്ടെത്തുന്നതിന് തുല്യമാണ്,” എന്നാണ് ഡോ. ഷാഫി തൻ്റെ ഗവേഷണത്തിൽ നേരിട്ട വെല്ലുവിളികളെപ്പറ്റി വിശദീകരിച്ചത്.
കൃത്യതയും വേഗതയും പോർട്ടബിലിറ്റിയും
കോവിഡ്-19, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയുള്ള ആളുകളുടെ സാമ്പിളുകളിൽ LUCAS പരീക്ഷിച്ചു. 94% കൃത്യതയോടെ, വെറും 23 മിനിറ്റിനുള്ളിൽ ഉപകരണം ഫലം നൽകി. ഇത് നിലവിലെ പല ലാബ് പരിശോധനകളെക്കാളും വളരെ വേഗതയേറിയതാണ് . കൂടാതെ, ഈ ഉപകരണം എളുപ്പത്തിൽ കൊണ്ടുനടക്കാനും ഉപയോഗിക്കാനും സാധിക്കുന്നതിനാൽ, ആശുപത്രികളിൽ മാത്രമല്ല, ലബോറട്ടറി സൗകര്യങ്ങൾ പരിമിതമായ വിദൂര പ്രദേശങ്ങളിലും ഉപയോഗിക്കാൻ സാധിക്കും.