Zohran Mamdani: ചരിത്ര വിജയത്തിന് പിന്നിൽ വെള്ളി മോതിരങ്ങളോ? മംദാനിയുടെ മൂന്ന് മോതിരങ്ങളുടെ കഥകൾ…
Zohran Mamdani's Rings: വിജയത്തിന് പിന്നാലെ അദ്ദേഹം എപ്പോഴും ഇരു കൈയിലെ വിരലുകളിലും അണിയുന്ന മോതിരങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വെറുമൊരു ആഭരണമെന്നതിലുപരി, ഓരോ മോതിരവും ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളെയും വ്യക്തികളെയും അടയാളപ്പെടുത്തുന്നതായി മംദാനി പറയുന്നു.
ന്യൂയോർക്ക് സിറ്റി മേയറായി ചരിത്ര വിജയം നേടി താരമായി മാറിയിരിക്കുകയാണ് സൊഹ്‌റാൻ മംദാനി. വിജയത്തിന് പിന്നാലെ അദ്ദേഹം എപ്പോഴും ഇരു കൈയിലെ വിരലുകളിലും അണിയുന്ന മോതിരങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വെറുമൊരു ആഭരണമെന്നതിലുപരി, ഓരോ മോതിരവും ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളെയും വ്യക്തികളെയും അടയാളപ്പെടുത്തുന്നതായി മംദാനി പറയുന്നു.
മംദാനിയും മൂന്ന് മോതിരങ്ങളും
വലം കൈയിൽ രണ്ട് വെള്ളി മോതിരങ്ങളാണ് അദ്ദേഹം അണിഞ്ഞിരിക്കുന്നത്. വലത് ചൂണ്ടുവിരലിലെ മോതിരം മുത്തച്ഛന്റെ ഓർമ്മയുടെ പ്രതീകമാണ്. ഇത് അദ്ദേഹത്തിന്റെ മുത്തച്ഛനിൽ നിന്ന് ലഭിച്ചതാണ്. 2013-ൽ മുത്തച്ഛൻ മരിച്ചതിന് ശേഷമാണ് അദ്ദേഹവുമായി ബന്ധം നിലനിർത്താനായി മംദാനി ഈ മോതിരം ധരിക്കാൻ തുടങ്ങിയത്.
വലത് കയ്യിലെ രണ്ടാമത്തെ മോതിരം അദ്ദേഹത്തിന് സമ്മാനിച്ചത് ഭാര്യ രാമ ദുവാജി ആണ്. ടുണീഷ്യയിലേക്കുള്ള യാത്രക്കിടെയാണ് സിറിയൻ ചിത്രകാരിയും വിഷ്വൽ ആർട്ടിസ്റ്റുമായ രാമ ഈ വെള്ളി മോതിരം അദ്ദേഹത്തിന് നൽകിയത്.
ALSO READ: ചുവന്ന തുണി കൊണ്ട് ബിരിയാണി ചെമ്പ് മൂടുന്നത് എന്തിനാണ്? പിന്നിൽ ഒളിഞ്ഞിരിക്കുന്നത് അതീവ രഹസ്യം
ഇടത് മോതിരവിരലിൽ കാണുന്നത് അദ്ദേഹത്തിന്റെ വിവാഹ മോതിരമാണ്. ലോവർ മാൻഹട്ടനിലെ സിറ്റി ക്ലർക്കിന്റെ ഓഫീസിൽ വെച്ച് നടന്ന മംദാനിയുടെയും രാമയുടെയും ലളിതമായ വിവാഹത്തിന്റെ ഓർമ്മപ്പെടുത്തലാണിത്. ഈ വർഷമായിരുന്നു ഇരുവരുടെയും വിവാഹം.
നഷ്ടപ്പെട്ട മോതിരം
ഈ മൂന്ന് മോതിരങ്ങൾ കൂടാതെ ഭാര്യ ഡിസൈൻ ചെയ്ത് നൽകിയ,മറ്റൊരു മോതിരം കൂടി മംദാനി മുമ്പ് ധരിച്ചിരുന്നു. എന്നാൽ, മോതിരം കൊണ്ട് വിരലിൽ മുറിവുണ്ടാക്കാൻ തുടങ്ങിയതോടെ അത് ഉപയോഗിക്കാതെ വന്നു. കൂടാതെ ആ മോതിരത്തിന്റെ ഡിസൈൻ മാറ്റാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അത് ഒരു അഴുക്കുചാലിൽ വീണ് നഷ്ടപ്പെട്ടു. “ഞങ്ങൾ ആ മോതിരത്തെ ഓർത്ത് ദുഃഖിക്കുന്നു,” എന്ന് അദ്ദേഹം തമാശയായി പറയുന്നു.