Onam 2025 Pookkalam: ശ്രീ പാർവ്വതിയുടെ പാദങ്ങൾ എന്നു വിശ്വാസം, ഈ ഓണത്തിന് പൂക്കളമിടാൻ തുമ്പപ്പൂ കിട്ടാനില്ലേ
onam 2025 Vanishing Thumba Flower: തുമ്പ ചെടിയുടെ ആകൃതി ശ്രദ്ധിച്ചാൽ അറിയാം കാൽപാദങ്ങൾക്ക് സമാനമാണ്. ഇത് പാർവതി ദേവിയുടെ പാദങ്ങളോട് തുല്യമാണ് അല്ലെങ്കിൽ അവയാണ് എന്നാണ് വിശ്വാസം.
ഓണക്കാലത്ത് ഏറ്റവും കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് തുമ്പപ്പൂവിനാണ്. അതുവരെ അങ്ങനെ ആരും ശ്രദ്ധിക്കാതെ വഴിവക്കിൽ നിൽക്കുന്ന അല്ലെങ്കിൽ നിന്ന് പറിച്ചു മാറ്റുന്ന തുമ്പച്ചെടി ഓണത്തിന്റെ പത്ത് ദിവസങ്ങളിൽ പ്രധാനിയാകുന്നു. പറമ്പിലും വഴിയരികിലും എല്ലാം നിൽക്കുന്ന തുമ്പച്ചെടിയുടെ പൂക്കൾ നുള്ളാൻ മത്സരിക്കുന്ന കാലം കൂടിയാണ് ഓണം. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്നത് തുമ്പപ്പൂവിനെ കാണാനില്ല എന്നാണ്.
സുലഭമായി ഈ കാലത്ത് കാണപ്പെടുന്ന തുമ്പച്ചെടി ഇപ്പോൾ മരുന്നിന് മാത്രം എവിടെയെങ്കിലും കണ്ടാലായി. പൂക്കളത്തിന്റെ നടുവിൽ രാജകീയമായി വെളുക്കെ ചിരിച്ചിരുന്ന തുമ്പപ്പൂക്കൾ ഇന്ന് പേരിനു ഒന്നോ രണ്ടോ മാത്രമാകുന്നു. തിരുവോണത്തോട് അടുത്ത് വരുമ്പോൾ തുമ്പക്കുടത്തിന് എന്ത് ചെയ്യും എന്ന് ആശങ്കപ്പെടുന്ന അമ്മമാരെ നമുക്ക് നാട്ടിൻപുറങ്ങളിൽ തന്നെ ഇപ്പോൾ കാണാം. കാലാവസ്ഥ മാറ്റവും രാസമാലിന്യങ്ങളുടെ അതിപ്രസരവും എല്ലാം തുമ്പച്ചെടിയെ നാടുകടത്താൻ കാരണമായിട്ടുണ്ട്.
ശ്രീപാർവതിയുടെ പാദങ്ങൾ
തുമ്പ ചെടിയുടെ ആകൃതി ശ്രദ്ധിച്ചാൽ അറിയാം കാൽപാദങ്ങൾക്ക് സമാനമാണ്. ഇത് പാർവതി ദേവിയുടെ പാദങ്ങളോട് തുല്യമാണ് അല്ലെങ്കിൽ അവയാണ് എന്നാണ് വിശ്വാസം.
തുമ്പപ്പൂവും ഓണവും തമ്മിലുള്ള ബന്ധം
മഹാബലി വലിയൊരു ശിവ ഭക്തനായിരുന്നു. ശിവനെ ഏറ്റവും പ്രിയപ്പെട്ട പൂവായിരുന്നു തുമ്പപ്പൂവ്. അതിനാലാണ് ശിവ ഭക്തനായ മഹാബലിയുടെ വരവിനായി പൂക്കളം ഒരുക്കുമ്പോൾ തുമ്പപ്പൂ വിടുന്നത് എന്നാണ് വിശ്വാസം. ഇനി മറ്റൊരു നാടോടിക്കഥയാവട്ടെ ഇങ്ങനെയാണ്. മഹാബലിയുടെ എഴുന്നള്ളത്ത് കാണാൻ നാട്ടിലെ പൂക്കൾ എല്ലാം അണിഞ്ഞൊരുങ്ങി നിൽക്കുകയായിരുന്നു. എന്നാൽ പറയത്തക്ക ഭംഗിയോ വലിപ്പമോ മണമോ ഇല്ലാത്ത തുമ്പച്ചെടിയെ മറ്റു പൂക്കൾ എല്ലാം കളിയാക്കി. അവസ്ഥ മനസ്സിലാക്കിയ മഹാബലി അതിനെ എടുത്തു നെറുകയിൽ വച്ച് ഇനി വരുമ്പോൾ മുമ്പിൽ നിൽക്കണം എന്ന് പറഞ്ഞത്രേ.