Life Expectancy: ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചു; പക്ഷേ, ആരോഗ്യമോ? ആശങ്കപ്പെടുത്തുന്ന പഠനറിപ്പോര്‍ട്ട്
Life Expectancy Study Report: കൂടുതല്‍ കാലം ജീവിക്കുന്നു എന്നതുകൊണ്ട് ആരോഗ്യത്തോടെ മുന്നോട്ടുപോകുന്നു എന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. അധികമായി കിട്ടുന്ന ജീവിതകാലയളവ് പലര്‍ക്കും രോഗത്തോടുള്ള പടപൊരുതലാണ്, അതിജീവനമാണ്
ആരോഗ്യം സര്‍വധനാല്‍ പ്രധാനം എന്നാണ് പഴമൊഴി. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് പലരും ‘ദരിദ്രരാ’ണെന്ന് പറയേണ്ടി വരും. ലോകത്ത് ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചെങ്കിലും, ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് പ്രതിഫലിക്കുന്നില്ലെന്നാണ് മയോക്ലിനിക്കിലെ ഗവേഷകര്‍ കണ്ടെത്തിയത്. വൈദ്യശാസ്ത്രത്തിന്റെ പുരോഗതി മൂലം ആയുസ് നീട്ടിക്കിട്ടുന്നുണ്ടെങ്കിലും ‘ബോണസാ’യി കിട്ടിയ ജീവിതകാലം അനാരോഗ്യത്തോടെയാണ് പലരും തള്ളിനീക്കുന്നതെന്നതാണ് വസ്തുത. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചെങ്കിലും, ആരോഗ്യത്തോടെയുള്ള ജീവിതകാലം അത്ര കൂടുന്നില്ലെന്നാണ് പഠനറിപ്പോര്‍ട്ടിലെ നിഗമനം. കമ്മ്യൂണിക്കേഷന്‍സ് മെഡിസിന്‍ ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതല്‍ കാലം ജീവിക്കുന്നു എന്നതുകൊണ്ട് ആരോഗ്യത്തോടെ മുന്നോട്ടുപോകുന്നു എന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. അധികമായി കിട്ടുന്ന ജീവിതകാലയളവ് പലര്‍ക്കും രോഗത്തോടുള്ള പടപൊരുതലാണ്, അതിജീവനമാണ്.
183 രാജ്യങ്ങളിലെ ഡാറ്റയാണ് ഗവേഷകര്‍ വിലയിരുത്തിയത്. ലോകാരോഗ്യ സംഘടനയിൽ നിന്നടക്കമുള്ള വിവരങ്ങളും പരിശോധിച്ചു. ആയുര്‍ദൈര്‍ഘ്യം, ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ സമഗ്രമായി വിലയിരുത്തി. ആയുര്‍ദൈര്‍ഘ്യവും ആരോഗ്യത്തോടെയുള്ള ജീവിതകാലയളവും തമ്മില്‍ ഏകദേശം ഒമ്പത് വര്‍ഷത്തെ വ്യത്യാസമുണ്ട്. ഈ വ്യത്യാസം വര്‍ധിച്ചുവരുന്നുവെന്നതാണ് ആശങ്ക. എന്നാല്‍ ലോകത്ത് എല്ലായിടത്തും ഇത് ഒരുപോലെയല്ല.
യൂറോപ്പിലെയും, യുഎസിലെയും ജനത്തിന് ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. പക്ഷേ, അവര്‍ കൂടുതല്‍ വര്‍ഷവും അനാരോഗ്യകരമായ ജീവിതമാണ് നയിക്കുന്നത്. ആഫ്രിക്കയിലെ ചില ഭാഗങ്ങളില്‍ കാര്യങ്ങള്‍ തിരിച്ചാണ്. അവിടെ ആയുര്‍ദൈര്‍ഘ്യം കുറവായിരിക്കും. പക്ഷേ, കൂടുതല്‍ ജീവിതകാലവും അവര്‍ ആരോഗ്യത്തോടെയാകും ചെലവഴിക്കുന്നത്.