Agasthyakoodam trekking: അഗസ്ത്യാർകൂടം കണ്ട് വന്നാലോ? ഓൺലൈൻ ബുക്കിംഗ് ഇന്ന് തന്നെ നടത്താം
Agasthyakoodam Trekking Online Booking : ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ നിന്നാണ് ട്രക്കിങ് ആരംഭിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1868 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയിലേക്കുള്ള യാത്രയിൽ അതിമനോഹരമായ വനപാതകളും അപൂർവ ഔഷധസസ്യങ്ങളും കാണാനാകും.
തിരുവനന്തപുരം: പ്രകൃതിസ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും കാത്തിരിപ്പിന്റെ നാളുകൾ അവസാനിക്കുന്നു. അഗസ്ത്യാർകൂടം ട്രക്കിങ്ങിനുള്ള തീയതികൾ വനംവകുപ്പ് പ്രഖ്യാപിച്ചു. 2026 ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെയാണ് ഈ വർഷത്തെ ട്രക്കിങ് സീസൺ. ഇതിനായുള്ള ഓൺലൈൻ ബുക്കിങ് നടപടികൾ ഉടൻ ആരംഭിക്കും.
പ്രധാന വിവരങ്ങൾ
അഗസ്ത്യമലയുടെ മനോഹാരിത നുണയാൻ ആഗ്രഹിക്കുന്നവർക്കായി വനംവകുപ്പ് കർശന സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇത്തവണ ബുക്കിങ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
ജനുവരി 14 മുതൽ 31 വരെയുള്ള യാത്രയ്ക്കായി ജനുവരി ആദ്യവാരം ആദ്യ ഘട്ട ബുക്കിങ് ആരംഭിക്കും. ഫെബ്രുവരി 1 മുതൽ 11 വരെയുള്ള യാത്രയ്ക്കായി ജനുവരി മൂന്നാം വാരത്തിൽ രാണ്ടാംഘട്ട ബുക്കിങ് തുടങ്ങും. ഒരാൾക്ക് 3000 രൂപയാണ് ട്രക്കിങ് നിരക്ക്.
കഠിനമായ മലകയറ്റം ആയതിനാൽ, യാത്രയ്ക്ക് മുൻപുള്ള ഏഴു ദിവസത്തിനുള്ളിൽ ലഭിച്ച മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (മോഡേൺ മെഡിസിൻ ഡോക്ടറിൽ നിന്നുള്ളത്) ഹാജരാക്കുന്നവർക്ക് മാത്രമേ ട്രക്കിങ് അനുവദിക്കൂ. പരിസ്ഥിതി ലോല പ്രദേശമായതിനാൽ ഒരു ദിവസം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും.
Also Read:ദിവസത്തിൽ രണ്ട് തവണ അപ്രത്യക്ഷമാകുന്ന ഒരേയൊരു ശിവക്ഷേത്രം; നിഗൂഢത ഒളിപ്പിച്ച സ്തംഭേശ്വർ
ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ നിന്നാണ് ട്രക്കിങ് ആരംഭിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1868 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയിലേക്കുള്ള യാത്രയിൽ അതിമനോഹരമായ വനപാതകളും അപൂർവ ഔഷധസസ്യങ്ങളും കാണാനാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് ബുക്കിങ് നടത്തേണ്ടത്. സീറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുപോകാറുള്ളതിനാൽ കൃത്യസമയത്ത് തന്നെ ലോഗിൻ ചെയ്യാൻ ശ്രദ്ധിക്കുക.
- ട്രക്കിങ് പാതയിൽ പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികളോ കവറുകളോ കൊണ്ടുപോകുന്നത് കുറ്റകരമാണ്.
- വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഗൈഡുകളുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.