Bali Breakup Curse: പ്രണയിതാക്കൾ പോകാൻ മടിക്കുന്ന സ്ഥലം, ‘ബാലി ബ്രേക്ക്അപ്പ്’ ശാപത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?
Bali Breakup Curse: ജമ്പൻസ് ജമ്പ് റീപ്ലേ എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ബാലി സന്ദർശിക്കുന്ന പ്രണയിതാക്കൾ വേർപിരിയുമെന്ന മുന്നറിയിപ്പാണ് വിഡിയോയിലുള്ളത്.
ഹണിമൂൺ ആഘോഷിക്കുന്നവർക്കും, വെക്കേഷൻ ആഘോഷിക്കാൻ പ്ലാനിടുന്ന ദമ്പതികൾക്കുമെല്ലാം പ്രിയപ്പെട്ട പ്രണയ പറുദീസയായിട്ടാണ് ബാലിയെ നാമെല്ലാവരും കരുതിയിരുന്നത്. 2024-ൽ മാത്രം 6.3 ദശലക്ഷം അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ബാലി സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ സെമിൻ യാക്കിന്റെ ബീച്ച് ക്ലബ്ബുകൾക്കും ഉബുദിലെ പുണ്യ ക്ഷേത്രങ്ങൾക്കും ഇടയിൽ എവിടെയോ, ബാലിയെ ഒരു വേർപിരിയൽ ശാപം കൂടി ബാധിച്ചിരിക്കുന്നു.
അടുത്തിടെ ബാലിയെ കുറിച്ചുള്ള ഒരു വിചിത്രമായ വാദം ഓൺലൈനിൽ പടരുന്നുണ്ട്. ജമ്പൻസ് ജമ്പ് റീപ്ലേ എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ബാലി സന്ദർശിക്കുന്ന പ്രണയിതാക്കൾ വേർപിരിയുമെന്ന മുന്നറിയിപ്പാണ് വിഡിയോയിലുള്ളത്. നിരവധി ആളുകൾ സമാനമായ അനുഭവം കമന്റ് സെക്ഷനിൽ പങ്ക് വച്ചിട്ടുണ്ട്.
ബാലിയിലെ ബ്രേക്ക്അപ്പ് ശാപം എന്താണ്?
ബാലിയിലേക്ക് ഒരുമിച്ച് യാത്ര ചെയ്യുന്ന ദമ്പതികൾ, പ്രത്യേകിച്ച് അവിവാഹിതർ, അവരുടെ യാത്രയ്ക്ക് തൊട്ടുപിന്നാലെ വേർപിരിയുന്നു എന്ന ഒരു വാദമാണ് ബാലി ബ്രേക്കപ്പ് ശാപം എന്നറിയപ്പെടുന്നത്.
ദ്വീപിലെവിടെയും കാലുകുത്തുന്ന അവിവാഹിതരായ ദമ്പതികളെ മാത്രമേ ഈ ശാപം ബാധിക്കുകയുള്ളൂ എന്നാണ് ഒരു വാദം, മറ്റൊന്ന്, ബാലിയിലെ പ്രശസ്തമായ തനഹ് ലോട്ട് ക്ഷേത്രത്തിലെത്തുന്ന അവിവാഹിതരായ ദമ്പതികളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ എന്നാണ്.
തനാഹ് ലോട്ട്
ബാലിയിലെ പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് തനാഹ് ലോട്ട് ക്ഷേത്രം. 16-ാം നൂറ്റാണ്ടിൽ നിർമിച്ചതും കടൽ ദേവന്മാർക്ക് സമർപ്പിച്ചതുമായ ഈ ക്ഷേത്രം മനോഹരമായ സൂര്യാസ്തമയങ്ങൾക്കും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ടവയാണ്.
തനാഹ് ലോട്ട് സന്ദർശിച്ച ജാവ രാജകുമാരന്റെയും രാജകുമാരിയുടെയും പ്രണയ കഥയാണ് ഈ ശാപ വാദങ്ങളുടെ അടിസ്ഥാനം. പ്രണയ യാത്രയ്ക്കിടെ തനാഹ് ലോട്ടിൽവെച്ച് രാജകുമാരൻ രാജകുമാരിയെ ഉപേക്ഷിച്ചെന്നും ഹൃദയം തകർന്ന രാജകുമാരി ആ നാടിനെ ശപിച്ചുവെന്നുമാണ് പറയപ്പെടുന്നത്. എന്നാൽ വ്യാപകമായി പ്രചരിക്കുന്ന ബ്രേക്ക്അപ്പ് ശാപത്തിന് ശാസ്ത്രീയമായ അടിത്തറയില്ല.