Nalambalam darshan: രാമായണ മാസത്തിൽ തിരക്കില്ലാതെ നാലമ്പല ദർശനം നടത്താം എറണാകുളം-കോട്ടയം അതിർത്തിയിലേക്ക് ഒരു യാത്ര പോയാലോ?
Explore Less Crowded Nalambalam Temples: കിഴക്കൻ മേഖലയിലുള്ളവർക്ക് മൂവാറ്റുപുഴ പിറവം റോഡിൽ പാമ്പാക്കുട വഴിയോ അഞ്ചൽപ്പെട്ടിE വഴിയോ എത്താം. മാമലശ്ശേരിയിലും മേമുറിയിലും നെടുങ്ങാടുമെല്ലാം പ്രധാന പാത തന്നെ വണ്ടികൾ പാർക്ക് ചെയ്യാനും രാവിലെ ഭക്ഷണത്തിനും സൗകര്യമുണ്ട്
രാമായണ മാസം ആരംഭിക്കാറായില്ലേ… ഒരു രാമായണ യാത്ര പോയാലോ. നാലമ്പലങ്ങൾ പലയിടത്തുമുണ്ട്. അവിടെ എല്ലാം നല്ല തിരക്കുമുണ്ട്. തിരക്കില്ലാതെ രാമ ലക്ഷ്മണ ഭരത ശത്രഘ്നന്മാരെ കണ്ട് തിരിച്ചുവരാൻ പറ്റിയാൽ നന്നാവില്ലേ എന്ന് ചിന്തിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ പോകാം അധികം ആരും അറിയാത്ത നാലമ്പല ദർശനത്തിനായി.
എറണാകുളം കോട്ടയം അതിർത്തിയിലെ ദാശരഥീ ക്ഷേത്രങ്ങൾ
മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
രാമമംഗലം പിറവം റോഡിൽ നിന്ന് 200 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന ശ്രീരാമസ്വാമി ക്ഷേത്രം ആണിത്. മൂവാറ്റുപുഴ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വട്ട ശ്രീകോവിലിൽ കിഴക്കോട്ടാണ് ദർശനം. പുലർച്ചെ നാലുമണിക്ക് നട തുറക്കും. വെള്ളി കൊണ്ടുള്ള അമ്പും വില്ലും സമർപ്പണം, സ്വർണ്ണ ഗോപി സമർപ്പണം, പാൽപ്പായസം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ.
മേമ്മുറി ഭരതസ്വാമി ക്ഷേത്രം
മാമ്മലശ്ശേരിയിൽ നിന്ന് 5 കിലോമീറ്റർ വടക്ക് കിഴക്ക് മാറിയാണ് ഈ ക്ഷേത്രം ഉള്ളത്. ആര്യപ്പിള്ളി എന്ന നമ്പൂതിരി കുടുംബത്തിന്റെ ഊരാണ്മയിലാണ് ഈ ക്ഷേത്രം ഉള്ളത്. പുലർച്ചെ അഞ്ചുമണിക്ക് നട തുറക്കും പാൽപ്പായസം ആണ് പ്രധാന വഴിപാട്.
മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മേജർ ക്ഷേത്രമാണിത്. പുലർച്ചെ അഞ്ചുമണിക്ക് നടതുറക്കുന്ന ഇവിടെ പടിഞ്ഞാറോട്ട് ദർശനമായാണ് പ്രതിഷ്ഠ.
നെടുങ്ങാട് ശത്രുഘ്നസ്വാമി ക്ഷേത്രം
മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് പെരുവ റോഡിൽ നിന്ന് 50 മീറ്റർ ഉള്ളിലേക്ക് നീങ്ങിയുള്ള ഈ ക്ഷേത്രം. നെടുങ്ങാട് ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രം ട്രസ്റ്റിന് കീഴിലാണ് ഇത് ഉള്ളത്. പുലർച്ച അഞ്ചിൽ നട തുറക്കും. ശ്രീചക്ര സമർപ്പണം പാൽപ്പായസം എല്ലാമാണ് പ്രധാന വഴിപാടുകൾ.
കെഎസ്ആർടിസി പ്രത്യേക സർവീസും ഭക്ഷണവും
കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് ഇവിടേക്ക് പ്രത്യേക സർവീസ് നടത്തുമെന്ന് വിവരമുണ്ട്. എറണാകുളം ഭാഗത്ത് നിന്നുള്ളവർക്ക് പിറവത്തെത്തി പെരുവുംമൂഴി പാതയിലൂടെ 5 കിലോമീറ്റർ വടക്കോട്ട് പോയാൽ ഇവിടെ എത്താം. കിഴക്കൻ മേഖലയിലുള്ളവർക്ക് മൂവാറ്റുപുഴ പിറവം റോഡിൽ പാമ്പാക്കുട വഴിയോ അഞ്ചൽപ്പെട്ടി വഴിയോ എത്താം. മാമലശ്ശേരിയിലും മേമുറിയിലും നെടുങ്ങാടുമെല്ലാം പ്രധാന പാത തന്നെ വണ്ടികൾ പാർക്ക് ചെയ്യാനും രാവിലെ ഭക്ഷണത്തിനും സൗകര്യമുണ്ട്