Karakkundu WaterFalls: മഴക്കാലത്ത് പതഞ്ഞൊഴുകി കാരക്കുണ്ട്; വെള്ളച്ചാട്ടം ആസ്വദിക്കാൻ വിട്ടോളൂ കണ്ണൂരിലേക്ക്
Kannur Karakkundu WaterFalls: ഈ അടുത്ത കാലത്താണ് കാരകുണ്ട് വെള്ളച്ചാട്ടം ആളുകളെ ആകർഷിച്ചുതുടങ്ങിയത്. അതുവരെ അധികമാർക്കും അറിയാത്ത ഒരു ഹിഡൻ സ്പോട്ടായിരുന്നു ഇത്. എന്നാൽ ഇന്നങ്ങനെയല്ല, മഴക്കാലമായാൽ ഈ വെള്ളച്ചാട്ടം കൂടുതൽ ഉഷാറാകും.
ചുറ്റിനും കൊടും കാട് അവയെ തലോടി കോടമഞ്ഞും… പിന്നെ ഒത്ത നടുക്കായി പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും ആഹാ… ഇതിലും മനോഹരമായ കാഴ്ച്ച വേറെയെന്താണ്. കേരളത്തിലെ മിക്ക വെള്ളച്ചാട്ടങ്ങൾക്കും മഴക്കാലമെത്തിയാൽ ഒരു പ്രത്യേക ഭംഗിയാണ്. ഈ സമയം ഇവിടങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളും കുറവല്ല. എന്നാൽ അധികമാർക്കും അറിയാത്ത പ്രകൃതിയുടെ വശ്യത പൂർണമായും ആസ്വദിക്കാൻ കഴിയുന്ന ഒരു വെള്ളച്ചാട്ടം നമ്മുടെ കണ്ണൂർ ജില്ലയിലുണ്ട്. അതാണ് കാരക്കുണ്ട് വെള്ളച്ചാട്ടം.
മലയോരത്തിലുള്ള റബർ തോട്ടത്തിലൂടെ സഞ്ചരിച്ച് പറവൂർ പുഴയും കടന്ന് ചെന്നാൽ ഈ വെള്ളച്ചാട്ടം കാണാം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഈ യാത്ര എന്നും ഒരു അനുഭവമായിരിക്കും. ചെറു റോഡിലൂടെ സഞ്ചരിച്ച് അല്പമൊന്ന് നടന്നാൽ കൂറ്റൻ പാറകളിലൂടെ തട്ടിത്തെറിച്ച് പതഞ്ഞൊഴുകുന്ന കാരകുണ്ട് വെള്ളച്ചാട്ടം കാണാം. കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലാണ് കാരക്കുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഴക്കാലമായാൽ ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടും.
കണ്ണൂരിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ സഞ്ചരിച്ചാൽ കാരക്കുണ്ടിലേക്ക് എത്തിച്ചേരാം. പയ്യന്നൂരിൽ നിന്ന് 20ഉം തളിപ്പറമ്പിൽ നിന്ന് 13 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഈ പ്രദേശത്ത് ആൾതാമസം വളരെ കുറവാണ്. മറ്റ് വെള്ളചാട്ടങ്ങളെ അപേക്ഷിച്ച് ഇവിടെ അപകട സാധ്യത കൂറവാണെന്നതും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. കുട്ടികൾക്ക് പോലും സുരക്ഷിതമായി വെള്ളച്ചാട്ടം ആസ്വദിക്കാമെന്നതാണ് ഇവിടുത്തെ പ്രത്യേകത.
ഈ അടുത്ത കാലത്താണ് കാരകുണ്ട് വെള്ളച്ചാട്ടം ആളുകളെ ആകർഷിച്ചുതുടങ്ങിയത്. അതുവരെ അധികമാർക്കും അറിയാത്ത ഒരു ഹിഡൻ സ്പോട്ടായിരുന്നു ഇത്. എന്നാൽ ഇന്നങ്ങനെയല്ല, മഴക്കാലമായാൽ ഈ വെള്ളച്ചാട്ടം കൂടുതൽ ഉഷാറാകും.