KSRTC Royal Double Decker: മൂന്നാർ സഞ്ചാരികളെ ഇതിലെ ഇതിലെ…; ‘റോയൽ വ്യൂ 2.0’യുമായി കെഎസ്ആർടിസി
KSRTC Royal View 2.0 Double Decker Bus: മൂന്നാറിൽ പുതുതായി നിരത്തിലിറിങ്ങിയ റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസിന് ദിവസേന മൂന്ന് ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മണിയ്ക്കാണ് ആദ്യ ട്രിപ്പ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 12.30നും വൈകുന്നേരം നാല് മണിക്കുമായി മറ്റ് രണ്ട് ട്രിപ്പുകൾ കൂടി ഉണ്ടായിരിക്കും.
മൂന്നാറിലേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം. റോയൽ വ്യൂ 2.0. എന്ന പേരിൽ രണ്ടാം റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി കെ ബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നിർവഹിച്ചു. നിരത്തിലിറങ്ങി അധികം വൈകാതെ തന്നെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് മൂന്നാറിലെത്തുന്ന യാത്രക്കാരുടെ മനം കവർന്നിരുന്നു. സർവീസ് ആരംഭിച്ച് വെറും ഒമ്പത് മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് ഒരു കോടി വരുമാനമാണ് കൈവരിച്ചത്. ഇതിന് പിന്നാലെയാണ് രണ്ടാം റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസിന് ഇറങ്ങിയിരിക്കുന്നത്.
യാത്രക്കാർക്ക് മൂന്നാറിൻ്റെ പ്രകൃതി ദൃശ്യങ്ങൾ പൂർണമായും ബസിനുള്ളിലിരുന്ന കാണുന്ന രീതിയിലാണ് ബസിന്റെ നിർമ്മാണം. മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെയും താഴ്വരകളുടെയും വിശാലമായ കാഴ്ചകൾ ബസിന്റെ മുകൾ ഭാഗത്തിരുന്ന് കാണാനാകും. കെഎസ്ആർടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ബസ് നിർമ്മിച്ചിരിക്കുന്നത്.
മൂന്നാറിൽ പുതുതായി നിരത്തിലിറിങ്ങിയ റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസിന് ദിവസേന മൂന്ന് ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മണിയ്ക്കാണ് ആദ്യ ട്രിപ്പ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 12.30നും വൈകുന്നേരം നാല് മണിക്കുമായി മറ്റ് രണ്ട് ട്രിപ്പുകൾ കൂടി ഉണ്ടായിരിക്കും. ഒരേസമയം 50 പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് ബസിലെ സീറ്റിങ്ങ്.
ബസിൻ്റെ ലോവർ ഡെക്കിൽ ഒരാൾക്ക് 200 രൂപയും അപ്പർ ഡെക്കിൽ 400 രൂപയുമാണ് നിരക്ക് ഈടാക്കുക. ആകെ മൂന്ന് മണിക്കൂർ മാത്രമാണ് ഡബിൾ ഡെക്കർ യാത്ര നീണ്ടുനിൽക്കുന്നത്. ഇതിൽ ലോക്ക്ഹാർട്ട് വ്യൂ, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. യാത്രക്കാർക്ക് onlineksrtc swift.com എന്ന ലിങ്കിലൂടെ മൂൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.