Meesapulimala: മീശപ്പുലിമലയിൽ നിങ്ങളെ കാത്തിരിക്കുന്നത് ലൗ ലേക്ക്; അറിയാം ഈ അരുവിയുടെ പ്രത്യേകത
Munnar Meesapulimala Love Lake: താഴ്‌വാരത്തിലായി പുൽമേടുകൾക്കിടയിൽ ലൗ ലേക്കുള്ളത്. ഹൃദയത്തിന്റെ ആകൃതിയിൽ പ്രകൃതി ഒരുക്കിയ ചെറിയ അരുവിയാണ് ലൗ ലേക്ക് എന്ന പേരിൽ അറിയപ്പെടുന്നത്. ഏതു വേനൽക്കാലത്തും ആകാശം പോലും കാണാൻ കഴിയുന്ന തെളിഞ്ഞ തടാകം.

Meesapulimala
ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മീശപ്പുലിമല. ഈ അടുത്ത കാലത്താണ് മിശപ്പുലിമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചത്. കാണാനും പ്രകൃതിയെ തൊട്ടറിയാനും അവിസ്മരിണീയമായ കാഴ്ച്ചകൾക്കും പേരുകേട്ടൊരിടമാണ് ഇത്. ദുൽഖർ സൽമാൻ്റെ ചാർലി എന്ന സിനിമയിൽ മീശപ്പുലിമലയേക്കുറിച്ച് പറഞ്ഞതിൽ പിന്നെയാണ് യാത്രാപ്രേമികൾക്കിടയിൽ ഈ സ്ഥലം പ്രശസ്തമായി മാറിയത്. എന്നാൽ ഈ സ്ഥലത്ത് പലരും അറിയാതെ പോയ ഒരിടമാണ് ‘ലൗ ലേക്ക്’.
എന്നാൽ ഇപ്പോൾ ലൗ ലേക്കും ആളുകൾക്കിടയിൽ ട്രെൻഡായി മാറിയിരിക്കുകയാണ്. മിക്ക സമയവും നൂൽമഞ്ഞു പൊഴിയുന്ന സ്ഥലമാണ് മീശപ്പുലിമല. മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റിൽ എത്തിവേണം ഇവിടേക്ക് വരാൻ. അതിന് സമീപത്തായാണ് മീശപ്പുലിമലയിലേക്കിള്ള ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്ന് 24 കിലോമീറ്റർ ദൂരമുണ്ട് മിശപ്പുലിമലയിലേയ്ക്ക്. വനംവകുപ്പാണ് ഇവിടെ ട്രെക്കിംഗ് പ്രവർത്തനം നടത്തി വരുന്നത്.
താഴ്‌വാരത്തിലായി പുൽമേടുകൾക്കിടയിൽ ലൗ ലേക്കുള്ളത്. ഹൃദയത്തിന്റെ ആകൃതിയിൽ പ്രകൃതി ഒരുക്കിയ ചെറിയ അരുവിയാണ് ലൗ ലേക്ക് എന്ന പേരിൽ അറിയപ്പെടുന്നത്. ഏതു വേനൽക്കാലത്തും ആകാശം പോലും കാണാൻ കഴിയുന്ന തെളിഞ്ഞ തടാകം. മീശപ്പുലിമലയിലേക്കുള്ള ട്രെക്കിങ്ങിലെ ഇടത്താവളമായാണ് ലൗ ലേക് ഇപ്പോൾ അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മീശപ്പുലിമല. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2640 മീറ്റർ ഉയരത്തിലാണു ഇത് സ്ഥിതി ചെയ്യുന്നത്.
മീശപ്പുലിമലയിലേക്കുള്ള ട്രെക്കിംഗ് പോയന്റിലേക്ക് മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ ദുരം യാത്ര ചെയ്യേണ്ടി വരും. സഞ്ചാരികൾക്കായി ഇവിടെ താമസിക്കാൻ ഹോട്ടലുകളും റിസോർട്ടുകളും ഉണ്ട്. 35 മുതൽ 40 കിലോമീറ്റർ ആണ് ട്രെക്കിങിൻ്റെ ദൈർഘ്യം. താമസിക്കാനുള്ള ടെന്റുകളും സ്ലീപ്പിംഗ് ബാഗുകളും വാടകയ്ക്ക് ഇവിടെ ലഭ്യമാണ്. ഇതെല്ലാം കൂടാതെ കാട്ടാനകൾ മുതൽ വരയാടുകൾ വരെയുള്ള നിരവധി ജീവജാലങ്ങളെയും ഇവിടെ കാണാൻ കഴിയും.