Republic of Palau: ഇന്ത്യൻ പാസ്പോർട്ട് ഉണ്ടോ? ഈ ദ്വീപിലേക്ക് ഇനി വിസയില്ലാതെ പോകാം
Republic of Palau Island: വിസയില്ലാതെയുള്ള യാത്ര അനുവദിച്ചതോടെ ഇക്കോ-ടൂറിസം ഹോട്ട്‌സ്‌പോട്ടിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ തിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. വിസ രഹിത നീക്കത്തോടെ, ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് മുൻകൂർ വിസ ക്രമീകരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ 30 ദിവസം വരെ പലാവുവിൽ താമസിക്കാൻ കഴിയും.

ഇന്ത്യൻ യാത്രക്കാർക്ക് ഇനി മറ്റൊരു മനോഹരമായ ദ്വീപ് രാഷ്ട്രത്തിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ടൂറിസം മെച്ചപ്പെടുത്തുന്നതിനും ഇരും രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന നീക്കമാണിത്. റിപ്പബ്ലിക് ഓഫ് പലാവുവാണ് ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസത്തെ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. ഫിലിപ്പീൻസ് ഇന്ത്യൻ യാത്രക്കാർക്ക് വിസ രഹിത യാത്ര പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം.
പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മൈക്രോനേഷ്യൻ ദ്വീപ് രാഷ്ട്രമാണ് പലാവു. അതിമനോഹരമായ സമുദ്ര ജൈവവൈവിധ്യം, സ്ഫടികം പോലെ തെളിഞ്ഞ സമുദ്രം, ഉഷ്ണമേഖലാ പ്രകൃതിദൃശ്യങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ച്ചകളാണ് ഈ സ്ഥലത്തുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവശിഷ്ടങ്ങൾ കരയിലും വെള്ളത്തിനടിയിലുമുള്ളത് ചരിത്രപ്രേമികൾക്കും സാഹസികത തേടുന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കാഴ്ച്ചയാണ്.
വിസയില്ലാതെയുള്ള യാത്ര അനുവദിച്ചതോടെ ഇക്കോ-ടൂറിസം ഹോട്ട്‌സ്‌പോട്ടിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ തിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. വിസ രഹിത നീക്കത്തോടെ, ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് മുൻകൂർ വിസ ക്രമീകരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ 30 ദിവസം വരെ പലാവുവിൽ താമസിക്കാൻ കഴിയും. സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുമായുള്ള അടുത്ത ബന്ധം വളർത്തിയെടുക്കുന്നതിനുമുള്ള പലാവുവിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ സംരംഭം. ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും സാംസ്കാരിക വിനിമയങ്ങളും വർദ്ധിപ്പിക്കാൻ സഹായിക്കും.
ഇന്ത്യയിൽ നിന്ന് പലാവുവിലേക്ക് എത്താൻ നിലവിൽ മനില, തായ്‌പേയ്, സിയോൾ തുടങ്ങിയ പ്രധാന ഏഷ്യൻ കേന്ദ്രങ്ങൾ വഴി കണക്റ്റിംഗ് ഫ്ലൈറ്റുകളാണുള്ളത്. എന്നാൽ, ഫിലിപ്പീൻസിലേക്കുള്ള എയർ ഇന്ത്യ സർവീസ് ഉൾപ്പെടെ, നേരിട്ടുള്ള സർവീസുകൾ ഉള്ളതിനാൽ പുലാവുവിലേക്ക് യാത്ര ചെയ്യുന്നതിന് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വളരെ എളുപ്പമാകും. ഫിലിപ്പീൻസ് പോലുള്ള മേഖലയിലെ മറ്റ് രാജ്യങ്ങൾ സമാനമായ സംരംഭങ്ങൾ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യാനുള്ള പലാവുവിന്റെ തീരുമാനം.