Ponmudi Hill Station: കോടമഞ്ഞിലെ കാഴ്ച്ചവസന്തം; ഒരിടവേളയ്ക്ക് ശേഷം പൊന്മുടി വീണ്ടും തുറന്നു
Thiruvananthapuram Ponmudi Hill station: പൊന്മുടിയിൽ എത്തിച്ചേർന്നാലും സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കാട്ടുവഴികൾ ധാരാളമുണ്ട്. റോഡരികിലെ തിരക്കിൽ നിന്ന് കാടിന്റെ ശാന്തതയിലേക്കു നീങ്ങിയാൽ കാട്ടുപൂക്കളും, ചിത്രശലഭങ്ങളും സന്ദർശകരെ കാത്തിരിപ്പുണ്ട്.

Ponmudi
മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരം പൊന്മുടി വീണ്ടും തുറന്നിരിക്കുകയാണ്. നഗരത്തിൻ്റെ തിരക്കിൽ നിന്ന് മാറി ശാന്തമായ പ്രകൃതി ആസ്വദിക്കണമെങ്കിൽ പൊന്മുടി നല്ലൊരു സ്പോട്ടാണ്. കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന പൊന്മുടി സഞ്ചാരികൾക്ക് കാഴ്ചയുടെ വസന്തമാണൊരുക്കുന്നത്. ചില സമയങ്ങളിൽ കാഴിച്ചപോലും മറയ്ക്കുന്ന കോടമഞ്ഞാണ്. കാറ്റും തണുപ്പുമേറ്റ് കാടിന്റെയും മലനിരകളുടെയും കാഴ്ചകളിലൂടെ 22 ഹെയർപിൻ വളവുകൾ താണ്ടി പൊൻമുടിയിലേക്കുള്ള യാത്ര അതിമനോഹരമാണ്.
ഏതു സമയത്തും പൊന്മുടിയിലേക്കുള്ള റോഡ് യാത്ര വാക്കുകൾക്ക് അതീതമാണ്. ഉയരം കൂടുന്ന ഭൂപ്രകൃതിയും ചെറുകുന്നുകളും പച്ചപ്പും തണുത്ത കാറ്റും ആരെയും ആകർഷിക്കുന്നതാണ്. പൊന്മുടിയിലേക്കുള്ള യാത്രയിൽ ഇടത്താവളമായി കല്ലാറുണ്ട്. പൊന്മുടിയുടെ മലനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന കല്ലാർ സമതലങ്ങളിലേക്ക് പ്രവേശിക്കുന്ന ഇടമാണിത്. റോഡരികിൽ നിന്നു കുറച്ചകലെയായി മീൻമുട്ടി വെള്ളച്ചാട്ടവുമുണ്ട്. കല്ലാറിന്റെ തീരംചേർന്നുള്ള നടപ്പാതയിലൂടെ ഒരു കിലോമീറ്ററോളം നടന്നാണ് വെള്ളച്ചാട്ടം കാണാം. ഇതൊരു ചെറിയ ട്രെക്കിങ്ങാണ്.
പൊന്മുടിയിൽ എത്തിച്ചേർന്നാലും സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കാട്ടുവഴികൾ ധാരാളമുണ്ട്. റോഡരികിലെ തിരക്കിൽ നിന്ന് കാടിന്റെ ശാന്തതയിലേക്കു നീങ്ങിയാൽ കാട്ടുപൂക്കളും, ചിത്രശലഭങ്ങളും സന്ദർശകരെ കാത്തിരിപ്പുണ്ട്. തിരുവനന്തപുരത്ത് നിന്ന് 61 കിലോമീറ്റർ അകലെ കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊൻമുടി എന്ന പേരു വന്നതെന്നാണ് കാണിക്കാരായ ആദിവാസി സമൂഹത്തിൻ്റെ വിശ്വസം.
എന്നാൽ പേരിന്റെ യഥാർത്ഥ കാരണം ഇവിടെ പുരാതന കാലത്തു ഉണ്ടായിരുന്ന ബുദ്ധ-ജൈന സംസ്കാരമാണെന്നാണ് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടിക്ക് സമീപത്തായി വിതുര-ബ്രൈമൂർ, വിതുര-ബോണക്കാട് തുടങ്ങിയ ആകർഷകമായ സ്ഥലങ്ങൾ വേറെയുമുണ്ട്. മഴക്കാലത്ത് അധികൃതരുടെ നിർദ്ദേശാനുസരണം മാത്രമെ ഈ റൂട്ടിലൂടെ പോകാൻ പാടുള്ളു. മഴപെയ്യുന്ന പൊന്മുടിക്ക് ഒരു പ്രത്യേക വൈബാണ്.