Chenab Bridge: ഈഫൽ ടവറിനേക്കാൾ ഉയരത്തിലൂടെ യാത്ര; ചെനാബ് പാലത്തിലൂടെ വന്ദേഭാരത് യാത്രയ്ക്ക് നൽകേണ്ടത് എത്ര?
Jammu and Kashmir Chenab Bridge: ചെനാബ് പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ താഴേക്കുള്ള കാഴ്ച്ച ഏതൊരു യാത്രാസ്നേഹികളുടെയും മനസ് മയക്കുന്നതാണ്. അതേസമയം തീവണ്ടി സർവീസ് വന്നതോടെ കത്രയ്ക്കും ശ്രീനഗറിനും ഇടയിലുള്ള യാത്രാസമയത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. റോഡ് മാർഗമാണെങ്കിൽ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഈ യാത്രയ്ക്ക് ആവശ്യമായി വരും.

Chenab Bridge
ആകാശത്തെ മുത്തമിട്ട് സ്വപ്നലോകത്തിലൂടെ ഒരു യാത്ര. അങ്ങനൊരു യാത്ര പോകണമെങ്കിൽ ഇനി മറ്റെവിടെയും പോകണ്ട് നമ്മുടെ ജമ്മുവിലെ ചെനാബ് പാലത്തിലൂടെ യാത്ര ചെയ്താൽ ഈ ആഗ്രഹം സാക്ഷാത്കരിക്കാം. ഈഫൽ ടവറിനെക്കാൾ ഉയരത്തിലുള്ള ചെനാബ് പാലത്തിൻ്റെ ഉദ്ഘാടനത്തിന് പിന്നാലെ വന്ദേഭാരത് ട്രെയിനിൽ യാത്രചെയ്യാനെത്തുന്നവരുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.
മുന്നോട്ടുള്ള ദിവസത്തേക്കുള്ള ടിക്കറ്റുകളാണ് ബുക്കിങ്ങായിരിക്കുന്നത്. വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം. ജമ്മു കശ്മീരിൻ്റെ ടൂറിസത്തിന് ഏറ്റവും വലിയ നാഴികകല്ലായി മാറിയിരിക്കുകയാണ് ചെനാബ് പാലം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമെന്ന സവിശേഷതയും ചെനാബ് പാലത്തിനുണ്ട്. മൂന്ന് മണിക്കൂർ നീളുന്ന യാത്ര ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളാണ് ഏറെയും.
ചെനാബ് പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ താഴേക്കുള്ള കാഴ്ച്ച ഏതൊരു യാത്രാസ്നേഹികളുടെയും മനസ് മയക്കുന്നതാണ്. അതേസമയം തീവണ്ടി സർവീസ് വന്നതോടെ കത്രയ്ക്കും ശ്രീനഗറിനും ഇടയിലുള്ള യാത്രാസമയത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. റോഡ് മാർഗമാണെങ്കിൽ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഈ യാത്രയ്ക്ക് ആവശ്യമായി വരും.
ന്യൂഡൽഹിയെ കത്ര വഴി കശ്മീരുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കത്ര-സങ്കൽദാൻ പാതയുടെ ഭാഗമാണ് ചെനാബ്. നദീനിരപ്പിൽനിന്ന് ഏകദേശം 359 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1.31 കിലോമീറ്റർ നീളത്തിലുള്ള ഈ പാലത്തിൻ്റെ ചെലവ് 1486 കോടി രൂപയാണ്. മൂന്ന് മണിക്കൂറിനുള്ളിൽ 272 കിലോമീറ്റർ എത്തിച്ചേരുന്ന ഈ ട്രെയിൻ യാത്രയിൽ ചെയർ കാറിന് 715 രൂപയും എക്സിക്യൂട്ടീവ് ക്ലാസുകൾക്ക് 1,320 രൂപയുമാണ് ഈടാക്കുന്നത്.
അതേസമയം മടക്കയാത്രയിൽ ചെയർ കാർ നിരക്ക് 880 രൂപ ആണ്, എക്സിക്യൂട്ടീവ് ക്ലാസിന് 1,515 രൂപയും ഈടാക്കും. രണ്ട് ട്രെയിൻ സർവീസുകളും ചൊവ്വാഴ്ച ഒഴികെയുള്ള ആറ് ദിവസവും സർവീസ് നടത്തുന്നതാണ്.