AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Wayanad Butterflies Hotspots: ചിത്രശലഭങ്ങളുടെ കൂടാരം… വയനാട്ടിലെ ബ്രഹ്മഗിരിയിലും വൈത്തിരിയിലും വിസ്മയ കാഴ്ച

Wayanad Brahmagiri And Vythiri Butterfly Spot: പശ്ചിമഘട്ട മലനിരകളിൽ ചിത്രശലഭങ്ങളുടെ ദേശാടനം സജീവമായതോടെ വയനാട്ടിലെ ബ്രഹ്മഗിരിയിലും വൈത്തിരിയിലും ചിത്രശലഭങ്ങളുടെ അപൂർവ്വ സംഗമമാണ് ദൃശ്യമാകുന്നത്. ഇതോടെ ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നീലക്കടുവ, കരിനീലക്കടുവ, അരളിശലഭം തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും ഇവിടെ കാണുന്നത്.

Wayanad Butterflies Hotspots: ചിത്രശലഭങ്ങളുടെ കൂടാരം… വയനാട്ടിലെ ബ്രഹ്മഗിരിയിലും വൈത്തിരിയിലും വിസ്മയ കാഴ്ച
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 11 Nov 2026 | 10:00 PM

വയനാടൻ കുന്നുകളുടെ തണുപ്പിലേക്ക് ഇപ്പോൾ വിരുന്നെത്തിയിരിക്കുന്നത് ആയിരക്കണക്കിന് വർണ്ണച്ചിറകുകളുള്ള വിസ്മയമാണ്. പശ്ചിമഘട്ട മലനിരകളിൽ ചിത്രശലഭങ്ങളുടെ ദേശാടനം (Butterfly Migration Season) സജീവമായതോടെ വയനാട്ടിലെ ബ്രഹ്മഗിരിയിലും വൈത്തിരിയിലും ചിത്രശലഭങ്ങളുടെ അപൂർവ്വ സംഗമമാണ് ദൃശ്യമാകുന്നത്. ഇതോടെ ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നീലക്കടുവ, കരിനീലക്കടുവ, അരളിശലഭം തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും ഇവിടെ കാണുന്നത്. ഉയർന്ന മരങ്ങളിലും, അരുവികൾക്ക് സമീപവും, ആവശ്യത്തിന് ഈർപ്പമുള്ള ചോലവനങ്ങളിലുമാണ് ഇവയെ കൂട്ടങ്ങളായി കാണാൻ സാധിക്കുക.

ALSO READ: മൂന്നാറിന് സ്വർണനിറമേകി കിലുകിലുക്കി പൂക്കൾ

എവിടെ കാണാം?

ഈർപ്പമുള്ള ചോലവനങ്ങൾക്കും അരുവികൾക്കും സമീപം വളരുന്ന കിലുക്കാംപെട്ടി ചെടികളിൽ നിന്നുള്ള ‘പൈറോളിസിഡിൻ ആൽക്കലോയിഡുകൾ’ ശേഖരിക്കാനാണ് ശലഭങ്ങൾ കൂട്ടമായെത്തുന്നത്. ശത്രുക്കളിൽ നിന്ന് രക്ഷനേടാനും ഇണകളെ ആകർഷിക്കാനും ഈ രാസവസ്തുക്കൾ ആൺശലഭങ്ങളെ സഹായിക്കുന്നു എന്നതാണ് ശാസ്ത്രപരമായ സത്യം. ഒരൊറ്റ ചെടിയിൽ തന്നെ ആയിരക്കണക്കിന് ശലഭങ്ങളെ ഒരുമിച്ച് കാണാൻ സാധിക്കുന്നു എന്നത് അപൂർവ കാഴ്ച്ചയാണ്.

വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റും വന്യജീവി പ്രേമിയുമായ കെ ആർ വാഞ്ചീശ്വരൻ പറയുന്നത്, ഈ സീസണിൽ ബ്രഹ്മഗിരി മലനിരകളിലും വയനാട്ടിലെ വൈത്തിരി മേഖലയിലും ഇത്തരം ചിത്രശലഭങ്ങൾ ധാരാളമായി എല്ലാ വർഷവും കാണപ്പെടുന്നുണ്ടെന്നാണ്. ശബ്ദമലിനീകരണം കുറഞ്ഞതും മനുഷ്യ ഇടപെടലുകൾ അധികം വന്നെത്താത്തുമായ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കാണാറുള്ളത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് സാധാരണയായി ചിത്രശലഭങ്ങൾ ദേശാടനം നടത്തുന്നത്.

വിനോദ സഞ്ചാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചിത്രശലഭങ്ങൾക്ക് സമീപം പെട്ടെന്നുള്ള ചലനങ്ങൾ ഒഴിവാക്കുക. ഇത് അവയെ ഭയപ്പെടുത്തുകയും പറന്നുപോകാൻ കാരണമാകുകയും ചെയ്യാം.

ചെടികളിൽ നിന്ന് ആൽക്കലോയിഡുകൾ ശേഖരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ശലഭങ്ങൾ പെട്ടെന്ന് പറന്നുപോകാറില്ല. എങ്കിലും പെട്ടെന്നുള്ള ചലനങ്ങളും ബഹളങ്ങളും ഒഴിവാക്കി അടുത്തുനിന്ന് ഫോട്ടോകൾ പകർത്താം.

ചിത്രശലഭങ്ങളുടെ ശരീരം വളരെ ലോലമായതിനാൽ, അവയെ തൊടുകയോ പിടിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.

പരിസ്ഥിതി ലോല പ്രദേശമായ ബ്രഹ്മഗിരിയിലും വൈത്തിരിയിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പശ്ചിമഘട്ടത്തിൽ ശലഭങ്ങളുടെ ദേശാടനക്കാലം സജീവമായതോടെ വയനാടൻ കുന്നുകളിൽ വർണ്ണവിസ്മയമൊരുക്കി ആയിരക്കണക്കിന് നീലക്കടുവകളും അരളിശലഭങ്ങളും വിരുന്നെത്തിയിരിക്കുന്നു. പ്രകൃതിസ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഒരുപോലെ വിരുന്നൊരുക്കുന്ന ഈ അപൂർവ്വ കാഴ്ച കാണാൻ ഇപ്പോൾ തന്നെ പോകാവുന്നതാണ്. ഡിസംബർ മാസം വരെ ഈ കാഴ്ച്ച ഇവിടെ കാണാൻ സാധിക്കുമെന്നതാണ് സത്യം.

English Summary:

Wayanad Brahmagiri And Vythiri turn butterflies hotspots. milkweed, pansies, dark blue tiger, common crow, double banded crow and more. They can be spotted in large congregations, on tall trees, near streams and shola forests.

Follow Us