KSRTC Tour Package: ലേഡീസ് ഒൺലി… കെഎസ്ആർടിസിയിൽ കറങ്ങാം; നിലമ്പൂർ തേക്ക് മ്യൂസിയം മുതൽ വയനാട് വരെ വിവിധ ടൂർ പാക്കേജുകൾ
Womens Day Special KSRTC Tour Packages: ഭക്ഷണവും എൻട്രൻസ് ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് കെഎസ്ആർടിസി പാക്കേജ്. അന്നേ ദിവസം തന്നെ രാവിലെ 5.45-ന് പുറപ്പെട്ട് വയനാട് പഴശ്ശി സ്മൃതിമണ്ഡപം, കുറുവ ദ്വീപ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ച് രാത്രി 10-ന് കണ്ണൂരിൽ തിരിച്ചെത്തുന്ന മറ്റൊരു പാക്കേജും ഇക്കൂട്ടത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ: വനിതാദിനത്തോടനുബന്ധിച്ച് വിവിധ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. മലപ്പുറത്തേക്കുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കാണ് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ. ടൂർ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് മാത്രമായുള്ള പാക്കേജാണ് ഒരുക്കിയിട്ടുള്ളത്. ഈ മാസം എട്ടിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന് എന്നിവിടങ്ങൾ സന്ദർശിച്ച് വൈകീട്ട് മലപ്പുറത്തെ മിസ്റ്റി ലാൻഡ് പാർക്കിലെത്തുന്ന രീതിയിലാണ് പാക്കേജ്.
ഭക്ഷണവും എൻട്രൻസ് ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് കെഎസ്ആർടിസി പാക്കേജ്. അന്നേ ദിവസം തന്നെ രാവിലെ 5.45-ന് പുറപ്പെട്ട് വയനാട് പഴശ്ശി സ്മൃതിമണ്ഡപം, കുറുവ ദ്വീപ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ച് രാത്രി 10-ന് കണ്ണൂരിൽ തിരിച്ചെത്തുന്ന മറ്റൊരു പാക്കേജും ഇക്കൂട്ടത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
മാർച്ച് ഏഴ്, 21 തീയതികളിൽ ക്ഷേത്രദർശനത്തിനായി മാത്രമായി മറ്റൊരു പാക്കേജുമുണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്ര പാക്കേജിൽ കുടജാദ്രി, ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്രദർശനവും ബേക്കൽ കോട്ട തുടങ്ങിയവയാണ് ഈ പാക്കേജിലെ സന്ദർശനം സ്ഥലം. രഥോത്സവം കാണാനുള്ള അവസരവും 21ലെ ടൂർ പാക്കേജ് എടുക്കുന്ന ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്. ഇതുകൂടാതെ ഏഴ്, 21 തീയതികളിൽ മൂന്നാർ ട്രിപ്പും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
14, 29 തീയതികളിലെ ഗവി ടൂർ പാക്കേജിൽ കുമളി, കമ്പം, രാമക്കൽ മേട്, തേക്കടി എന്നീ സ്ഥലങ്ങളും സന്ദർശിക്കാനാകും. ഒൻപത്, 23 തീയതികളിൽ കടലുണ്ടി യാത്രാ പാക്കേജും ഉണ്ട്. കോഴിക്കോട് കടലുണ്ടി പക്ഷിസങ്കേതത്തിലൂടെയുള്ള വഞ്ചിസവാരി, കാപ്പാട് ബീച്ച്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ ഉൾപ്പെടുത്തിയാണ് ഈ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ഈ പാക്കജിന്റെ ഭാഗമായി സീ ഫുഡ്, വഞ്ചിസവാരി എന്നിവയും ഉണ്ടാകും.
15-ന് രാവിലെ 5.30-ന് പുറപ്പെട്ട് കൊച്ചിയിൽ അഞ്ച് മണിക്കൂർ ക്രൂസിൽ സഞ്ചരിച്ച് 16-ന് തിരിച്ചെത്തുന്ന ആഡംബര നൗകയാത്ര നെഫർറ്റിറ്റി പാക്കേജും കെഎസ്ആർടിസി പ്രഖ്യാപിച്ച ടൂർ പാക്കേജുകളിൽ ഒരെണ്ണമാണ്. ടൂർ പാക്കേജുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ നമ്പരുകളിൽ 9497007857, 8089463675 ബന്ധപ്പെടാവുന്നതാണ്.