Mammootty Birthday: 73-ാം പിറന്നാൾ നിറവിൽ മമ്മൂട്ടി; നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിലെ മികച്ച സിനിമകളിലൂടെ ഒരു യാത്ര
Mammootty Birthday 2024: മലയാളികളുടെ മമ്മൂക്കയ്ക്ക് 73-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയും മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന അതുല്യ പ്രതിഭ. മമ്മൂട്ടിയുടെ ചില മികച്ച ചിത്രങ്ങൾ നോക്കാം.

മൃഗയ: മമ്മൂട്ടിയെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് 'മൃഗയ'. 1989-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചയിതാവ് ലോഹിത ദാസാണ്. ചിത്രത്തിൽ വാറുണ്ണി എന്ന വേട്ടക്കാരന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പുലിയെ കൊല്ലാനായി വാറുണ്ണി ഒരു ഗ്രാമത്തിൽ വരുന്നു. അവിടെ വെച്ച് ഒരു പെൺകുട്ടിയെ ചൊല്ലി ഉണ്ടായ വഴക്കിൽ വാറുണ്ണി അബദ്ധത്തിൽ ഒരാളെ കൊല്ലുന്നതും, പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളെയും ചുറ്റിപ്പറ്റിയാണ് കഥ. പട്ടാള പച്ച യൂണിഫോം ധരിച്ച് പല്ലു കറുപ്പിച്ച് വേറിട്ട വേഷത്തിൽ എത്തിയ മമ്മൂട്ടിയെ തേടിയെത്തിയത് മികച്ച നടനുള്ള ദേശീയ അവാർഡാണ്.

ഒരു വടക്കൻ വീരഗാഥ: എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത വടക്കൻ പാട്ടുകളെ ആസ്പതമാക്കിയ ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. 1989-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ബാലൻ കെ നായർ, മാധവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമയെ ഓർക്കാൻ മലയാളികൾക്ക് ഒരൊറ്റ ഡയലോഗ് മതി 'ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ'. ഈ ചിത്രം മാമൂട്ടിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്തു.

കാഴ്ച: ബ്ലെസി സംവിധാനത്തിൽ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് 'കാഴ്ച'. 2001-ൽ പുറത്തിറങ്ങിയ ഒരു കുടുംബ-നാടക വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. 2001-ലെ ഗുജറാത്ത് ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന പവൻ എന്ന കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥാസാരം. ഈ ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ: 2009-ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ശ്വേതാ മേനോൻ, മൈഥിലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'പാലേരി മാണിക്യം'. താൻ ജനിച്ച രാത്രി നടന്ന ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുടെ കെട്ടഴിക്കാനായി നാട്ടിലേക്ക് മടങ്ങുന്ന ഒരു ഡിറ്റക്റ്റീവിന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

നൻപകൽ നേരത്ത് മയക്കം: 2022-ൽ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് 'നൻപകൽ നേരത്ത് മയക്കം'. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു മലയാളി സംഘം തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ അപ്രതീക്ഷിതമായി എത്തിപ്പെടുന്നതും, തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഉള്ളടക്കം. ഈ ചിത്രം മമ്മൂട്ടിക്ക് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു.

ഭ്രമയുഗം: രാഹുൽ സദാശിവന്റെ സംവിധാനത്തിൽ മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'ഭ്രമയുഗം'. ഡാർക്ക്-ഫാന്റസി-ഹൊറർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം 2024-ലാണ് പുറത്തിറങ്ങിയത്. ഉടനീളം ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ കൊടുമൺ പോറ്റിയെന്ന ദുർമന്ത്രവാദിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്.