Asia Cup 2025: ഏഷ്യാ കപ്പിലേക്ക് ഇനി രണ്ടുനാൾ; എല്ലാ കണ്ണുകളും സഞ്ജുവിൽ
Sanju Samson In Asia Cup: ഏഷ്യാ കപ്പ് ടീമിൽ സഞ്ജുവിൻ്റെ സ്ഥാനമെന്താവും എന്നതാണ് ചോദ്യം. ഓപ്പണിങ്, മൂന്നാം നമ്പർ, ഫിനിഷർ എന്നീ റോളുകളൊക്കെ ചർച്ചയിലുണ്ട്.

ഏഷ്യാ കപ്പ് ആരംഭിക്കാൻ ഇനി വെറും രണ്ട് ദിവസം. സെപ്തംബർ 9നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. സെപ്തംബർ 10ന് ഇന്ത്യ ടൂർണമെൻ്റിലെ ആദ്യ മത്സരം കളിക്കും. ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിൻ്റെ സ്ഥാനമാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാവുന്നത്. സഞ്ജു ഓപ്പൺ ചെയ്യില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. (Image Courtesy- PTI)

സഞ്ജു സാംസൺ ടീമിനൊപ്പം ചേർന്നെങ്കിലും താരം പൂർണ ഫിറ്റല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിൽ സ്ഥിരീകരണമില്ല. എന്നാൽ, സഞ്ജുവിൻ്റെ സ്ഥാനത്ത് ശുഭ്മൻ ഗിൽ ആവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നത് ഉറപ്പാണ്. ഇക്കാര്യം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെ സ്ഥിരീകരിച്ചു.

ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായത് പുതിയ കാര്യമല്ലെന്ന് സൂര്യകുമാർ പറഞ്ഞിരുന്നു. നേരത്തെ തനിക്ക് കീഴിൽ ഗിൽ വൈസ് ക്യാപ്റ്റനായിരുന്നു. ശേഷം, ടെസ്റ്റ് മത്സരങ്ങളിൽ തിരക്കായ ഗിൽ ടി20 ടീമിൽ കളിച്ചില്ല. താരം തിരികെവരുമ്പോൾ തിരികെ വൈസ് ക്യാപ്റ്റനായതാണെന്നും സൂര്യ പറഞ്ഞു.

അതുകൊണ്ട് തന്നെ ശുഭ്മൻ ഗിൽ ഓപ്പൺ ചെയ്യുമെന്നതിൽ സംശയമില്ല. സഞ്ജുവിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കുമോ എന്നതാണ് അടുത്ത ചോദ്യം. മൂന്നാം നമ്പരിൽ സഞ്ജുവിന് സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ, ടി20 രണ്ടാം റാങ്കിലുള്ള തിലക് വർമ്മ ഈ നമ്പറിൽ സ്ഥിരമാണ്.

അടുത്തൊരു സാധ്യതയുള്ളത് ഫിനിഷർ റോളിലാണ്. ജിതേഷ് ശർമ്മയുടെ സ്ഥാനത്ത് സഞ്ജു ഫിനിഷറായി കളിക്കാനാണ് സാധ്യത. എന്നാൽ, ജിതേഷ് ഈ റോളിൽ നേരത്തെ കളിക്കുന്നതിനാലും സഞ്ജുവിന് ഫിനിഷർ റോളിൽ തിളങ്ങുക എളുപ്പമല്ലെന്നതിനാലും ഈ സാധ്യതയും നടന്നേക്കില്ല.