BTS Jimin Birthday: കൺഫ്യൂഷൻ തീർക്കണമേ..! ജിമിന്റെ പിറന്നാളിന് കേക്ക് മുറിച്ച് ജിൻ; കിളിപോയി ബിടിഎസ് ആരാധകർ
BTS Jimin Celebrating his 29th Birthday: 29-ാം പിറന്നാൾ നിറവിൽ ബിടിഎസിലെ ജിമിൻ. ആശംസകളുടെ പ്രവാഹവുമായി ആരാധകർ.

കൊറിയൻ സംഗീത ബാൻഡ് ബിടിഎസിലെ അംഗമായ ജിമിന്റെ 29-ാം ജന്മദിനം ആഘോഷമാക്കി ആരാധകർ. ബാൻഡിലെ അംഗങ്ങളുടെ ജന്മദിനത്തിൽ താരങ്ങൾ ലൈവ് വന്ന് ആരാധകരുമായി പിറന്നാൾ ആഘോഷിക്കുന്ന ഒരു പതിവ് കൊറിയയിലുണ്ട്. എന്നാൽ, നിലവിൽ ജിമിൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനാൽ ഇത്തവണ ലൈവ് വരാൻ സാധിച്ചില്ല. (Image Credits: Weverse)

എന്നിരുന്നാലും, ആരാധകരെ ഒരിക്കലും നിരാശപ്പെടുത്താത്ത ബിടിഎസ് ഇത്തവണയും അവരെ നിരാശപ്പെടുത്തിയില്ല. ബിടിഎസ് ആർമിയെ ആവേശത്തിലാക്കിക്കൊണ്ട് ജിമിന്റെ ജന്മദിനം ആഘോഷിക്കാൻ ജിൻ ലൈവിലെത്തി. ബിടിഎസിലെ മുതിർന്ന അംഗമായ ജിൻ കഴിഞ്ഞ ജൂണിലാണ് സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയത്. ജിന്നിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹം സൈന്യത്തിലായിരുന്നത് കൊണ്ട് ജിമിനായിരുന്നു ആരാധകർക്കൊപ്പം പിറന്നാൾ ആഘോഷിച്ചിരുന്നത്. (Image Credits: Weverse)

അതിനാൽ, ഇത്തവണ കേക്കും അലങ്കാരവുമായി ജിമിന്റെ പിറന്നാളിന് ജിന്നുമെത്തി. കേക്ക് മുറിക്കുകയും, ആശംസകൾ നേരുകയും മാത്രമല്ല, ആരാധകർ ഏറെ കാത്തിരുന്ന ജിമിന്റെ പട്ടാളത്തിലെ വിശേഷങ്ങളും ജിൻ പങ്കുവെച്ചു. (Image Credits: Jimin Instagram)

കൂടാതെ, കത്തുകൾ 'ഔട്ട്ഡേറ്റഡ്' ആയെന്ന് കരുതപ്പെടുന്ന ഈ കാലത്ത്, കൊറിയൻ ഐഡലുകൾക്ക് പിറന്നാൾ ദിനത്തിൽ കത്തെഴുതാനുള്ള അവസരം വീവേഴ്‌സ് ആപ്പ് ഒരുക്കുന്നു. കത്തിന്റെ ഒരു മോഡേൺ വേർഷൻ എന്ന് വേണമെങ്കിൽ പറയാം. ആപ്പിലൂടെയാണ് കത്തെഴുതുന്നത്. (Image Credits: Jimin Instagram)

കൊറിയൻ ഐഡലുകൾക്ക് ആരാധകരുമായി നേരിട്ട് സംവാദത്തിൽ ഏർപ്പെടാൻ അവസരം ഒരുക്കുന്നതിനായി നിർമ്മിച്ചിരിക്കുന്ന ആപ്പാണ് വീവേഴ്‌സ്. ഇതിലൂടെയാണ് താരങ്ങൾ ലൈവ് വരുന്നതും, പുതിയ വിശേഷങ്ങൾ പങ്കുവെക്കുന്നതുമെല്ലാം. കൂടാതെ, താരങ്ങളുടെ ജന്മദിനത്തിൽ നമ്മൾ ഈ ആപ്പ് തുറന്നാൽ 'ജന്മദിനാശംസകൾ നേരൂ' എന്നൊരു പോപ്പ്അപ്പ് നോട്ടിഫിക്കേഷൻ വരും. അതിൽ കേറി നമുക്ക് ഇഷ്ടതാരങ്ങൾക്ക് കത്തെഴുതാവുന്നതാണ്. (Image Credits: Jimin Instagram)

അതിൽ ഭാഗ്യശാലികളായ ആരാധകർക്ക്, താരങ്ങളിൽ നിന്നും കത്തിന് മറുപടിയും ലഭിക്കുന്നു. ഇതേ മാതൃകയിൽ, ഇത്തവണയും ജിമിന്റെ പിറന്നാൾ പ്രമാണിച്ച് നിരവധി കത്തുകളാണ് ആരാധകർ എഴുതിയത്. അതോടൊപ്പം, ആരാധകർക്ക് പിറന്നാൾ സമ്മാനമായി ജിമിന്റെ പുതിയ ചിത്രങ്ങളും വീവേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. (Image Credits: Weverse)