Jungkook: ബിടിഎസ് താരത്തിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമം, യുവതി അറസ്റ്റിൽ; പ്രതികരിച്ച് ബിഗ്ഹിറ്റ്
BTS Jungkook: ബിടിഎസ് താരം ജങ്കുക്കിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിന് ജൂൺ 12 ന് ചൈനീസ് യുവതി പൊലീസ് പിടിയിലായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് ബിടിഎസ് ഏജൻസി ബിഗ്ഹിറ്റ് രംഗത്തെത്തിയിരിക്കുകയാണ്.

ബിടിഎസ് താരം ജങ്കുക്കിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ചൈനീസ് യുവതി അറസ്റ്റിൽ. നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം ഉണ്ടായത്.

ജങ്കൂക്കിന്റെ മുൻവാതിലിൽ കോഡ് നൽകാൻ ശ്രമിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ജൂൺ 12 ന് സിയോളിലെ യോങ്‌സാൻ സ്റ്റേഷനിലെ പൊലീസ് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിന് സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ സ്ഥിരീകരണവുമായി ബിടിഎസ് ഏജൻസി ബിഗ്ഹിറ്റ് രംഗത്തെത്തിയിരിക്കുകയാണ്. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ ഇതിനകം കൈമാറിയിട്ടുണ്ടെന്നും ഏജൻസി പറഞ്ഞു.

കലാകാരന്മാരുടെ സ്വകാര്യതയും സുരക്ഷയും ലംഘിക്കുന്ന ഏതൊരു പ്രവൃത്തിക്കും ഒരു ഇളവും ഉണ്ടാകില്ല. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ബിടിഎസ് അംഗങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ നടത്തുകയും ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

ഈ കേസുകളിൽ ചിലത് ഇതിനകം പിഴ ചുമത്തിയിട്ടുണ്ടെന്നും കൂടുതൽ കേസുകൾ നിലവിൽ നടക്കുന്നുണ്ടെന്നും ബിഗ്ഹിറ്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.