Donald Trump: ട്രംപിന്റെ ഭീഷണി വകവയ്ക്കാതെ ഹാര്‍വാര്‍ഡ് സര്‍വകലാശാല; മറ്റ് സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരണമെന്ന് ഒബാമ
Donald Trump vs Harvard University: അക്കാദമിക് സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള നിയമവിരുദ്ധ ശ്രമം നിരാകരിക്കുകയും, കൃത്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുകൊണ്ട് ഹാർവാർഡ് മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു മാതൃക സൃഷ്ടിച്ചെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ

ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ നികുതി ഇളവ് പരിഗണനയും എടുത്തുകളയുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'രാഷ്ട്രീയ, പ്രത്യയശാസ്ത്ര, തീവ്രവാദ പ്രചോദിത രോഗം' തുടര്‍ന്നാല്‍ സര്‍വകലാശാലയ്ക്ക് 'രാഷ്ട്രീയ സ്ഥാപനം' നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി (Image Credits: PTI)

ക്യാമ്പസിലെ പൊളിറ്റിക്കല്‍ ആക്ടിവിസം തടയുന്നതിന് ട്രംപ് ഭരണകൂടം സര്‍വകലാശാലയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിയതിനെ തുടര്‍ന്ന് സര്‍വകലാശാലയ്ക്കുള്ള 2.2 ബില്യണ്‍ ഡോളറിന്റെ ധനസഹായം ട്രംപ് മരവിപ്പിച്ചിരുന്നു.

സര്‍വകലാശാലയുടെ ഭരണം, നിയമന രീതികള്‍, പ്രവേശന നടപടിക്രമങ്ങള്‍ തുടങ്ങിയവയില്‍ മാറ്റം വരുത്താനായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നീക്കം. വിദേശ വിദ്യാര്‍ത്ഥികളുടെ പരിശോധനയ്ക്ക് ഇമിഗ്രേഷന്‍ അധികാരികളുമായി സഹകരിക്കണമെന്നും ഉത്തരവിട്ടിരുന്നു.

എന്നാല്‍ ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാല തള്ളിക്കളഞ്ഞു. സര്‍വകലാശാലയുടെ സ്വാതന്ത്ര്യത്തിനോ, അവകാശങ്ങള്‍ക്കോ വിട്ടുവീഴ്ച ചെയ്യാനില്ലെന്നാണ് ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബറുടെ നിലപാട്.

അക്കാദമിക് സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള നിയമവിരുദ്ധ ശ്രമം നിരാകരിക്കുകയും, കൃത്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുകൊണ്ട് ഹാർവാർഡ് മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു മാതൃക സൃഷ്ടിച്ചെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. മറ്റ് സ്ഥാപനങ്ങളും ഇത് പിന്തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.