Garden Cress Benefits: കർക്കിടക കഞ്ഞിയിലും ഔഷധചേരുവകളിലും വർഷങ്ങളായി ഉപയോഗിക്കുന്ന ആശാളി; ഗുണമറിഞ്ഞിരിക്കണം
Garden Cress Benefits: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഡയറ്റിൽ ആശാളിയുൾപ്പെടുത്തുന്നത് വലിയരീതിയിൽ ഉപകരിക്കുന്നതാണ്. ഇതിലുള്ള പ്രോട്ടീൻ വിശപ്പിനെ നിയന്ത്രിക്കാൻ വളരെ നല്ലതാണ്. ഭക്ഷണം അധികം കഴിക്കാനുള്ള തോന്നലിനേയും ഇത് ചെറുത്തുനിർത്തും.

ഏതിൻ്റെ വിത്തുകളായാലും അത് കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പലരീതിയിലുള്ള ഗുണം ചെയ്യും. ഡയറ്റിൽ പതിവായി ചിയാവിത്തും ചണവിത്തുമെല്ലാം ഉപയോഗിക്കുന്ന നിരവധിയാളുകൾ നമുക്കിടയിലുണ്ട്. എന്നാൽ ഇനി ഇവിടെ പറയുന്നത് കർക്കിടക കഞ്ഞിയിലും ഔഷധചേരുവകളിലും വർഷങ്ങളായി ഉപയോഗിക്കുന്ന ആശാളിയെക്കുറിച്ചാണ്.

കാഴ്ചയിൽ ചണവിത്തുമായി സാമ്യമുണ്ടെങ്കിലും ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. കർക്കിടക കഞ്ഞിയിലും ഔഷധചേരുവകളിലും വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഒന്നാണിത്. ഇരുമ്പിന്റെ നല്ലൊരു സ്രോതസാണിത്. കൂടാതെ മഗ്നീഷ്യവും പ്രോട്ടീനുമെല്ലാം ഇതിലുണ്ട്. ചിയാവിത്തും ചണവിത്തും പോലെതന്നെ കുതിർത്ത് കഴിക്കുന്നതും വളരേയെറെ ഗുണം ചെയ്യും.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഡയറ്റിൽ ആശാളിയുൾപ്പെടുത്തുന്നത് വലിയരീതിയിൽ ഉപകരിക്കുന്നതാണ്. ഇതിലുള്ള പ്രോട്ടീൻ വിശപ്പിനെ നിയന്ത്രിക്കാൻ വളരെ നല്ലതാണ്. ഭക്ഷണം അധികം കഴിക്കാനുള്ള തോന്നലിനേയും ഇത് ചെറുത്തുനിർത്തും. ആശാളിയിൽ കൂടിയ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.

ദഹനപ്രശ്‌നങ്ങൾക്കും നല്ലൊരു പരിഹാരമാണ് ആശാളി. മുടി വളരുന്നതിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതിന് കഴിവുണ്ട്. ആന്റി ഓക്‌സിഡന്റുകളുടെയും ഫോളിക് ആസിഡിന്റെയും വിറ്റാമിൻ എ, സി, ഇ എന്നിവയുടെയും മികച്ചൊരു സ്രോതസ് കൂടിയാണിത്. അതിനാൽ ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അസുഖങ്ങളിൽ നിന്നും രക്ഷ നൽകും.

ക്രമം തെറ്റിയുള്ള ആർത്തവ പ്രശ്‌നമുള്ളവർക്കും അശാളി കഴിക്കുന്നത് നല്ലതാണ്. ഇരുമ്പിന്റെ അഭാവമുള്ളവർ ഭക്ഷണത്തിന് മുൻപ് കുതിർത്ത ആശാളി കഴിക്കുന്നത് നല്ലതാണ്. ഒന്നര ടേബിൾ സ്പൂൺ ആശാളി ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് ഒരു മണിക്കൂർ നേരം അടച്ചു വയ്ക്കാം. ഇതിലേയ്ക്ക് പകുതി നാരങ്ങാനീര് പിഴിഞ്ഞു ചേർക്കാം. ഇത് രാവിലെ വെറും വയറ്റിൽ കുടിയ്ക്കുന്നതും നല്ലതാണ്.

ഒരു സ്പൂൺ ആശാളി വിത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി കുതിർത്തു വച്ചതിനു ശേഷം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും. കൂടാതെ സ്മൂത്തികളിലും സൂപ്പുകളിലും സാലഡുകളിലും ആശാളി വിത്ത് പൊടിച്ചത് ചേർക്കുന്നത് നല്ലതാണ്.