India vs England: ബുംറയുടെ പന്തിൽ ഫീൽഡർമാർ പാഴാക്കിയത് നാല് ക്യാച്ച്; ജയ്സ്വാളിന് നാണക്കേടിൻ്റെ റെക്കോർഡ്
India Missed Catches Off Bumrah: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് നാണക്കേടിൻ്റെ റെക്കോർഡ്. ബുംറയുടെ പന്തിൽ ക്യാച്ചുകൾ നിലത്തിട്ടതാണ് റെക്കോർഡ് ആയത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ ഇംഗ്ലണ്ട് പൊരുതുകയാണ്. മത്സരത്തിൽ ഇന്ത്യൻ ഫീൽഡർമാരുടെ ചോരുന്ന കൈകൾ ഇംഗ്ലണ്ടിനെ അകമഴിഞ്ഞ് സഹായിച്ചു. ഇതോടെ ഒരു നാണക്കേടിൻ്റെ റെക്കോർഡിലും ഇന്ത്യ എത്തി. (Image Credits - PTI)

ഇന്നിംഗ്സിൽ നാല് തവണയാണ് ബുംറയുടെ ബൗളിംഗിൽ ഇംഗ്ലണ്ട് ബാറ്റർമാരെ ഇന്ത്യൻ ഫീൽഡർമാർ നിലത്തിട്ടത്. ഇത് ഒരു റെക്കോർഡാണ്. ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം തവണ ക്യാച്ച് നഷ്ടപ്പെടുന്ന ഇന്ത്യൻ ബൗളർ എന്ന റെക്കോർഡിലാണ് ബുംറ എത്തിയത്. ഈ റെക്കോർഡിൽ ബുംറ ഒറ്റക്കല്ല.

ബെൻ ഡക്കറ്റിന് രണ്ട് തവണ ജീവൻ ലഭിച്ചപ്പോൾ ഒലി പോപ്പിനും ഹാരി ബ്രൂക്കിനും ഓരോ അവസരം വീതം ലഭിച്ചു. രണ്ടാം ദിനമായ ഇന്നലെ മൂന്ന് ക്യാച്ച് ഡ്രോപ്പുകളുണ്ടായി. ഡക്കറ്റിനെയും പോപ്പിനെയുമാണ് ഇന്നലെ ഇന്ത്യ കൈവിട്ടത്. ഡക്കറ്റ് 68ഉം പോപ്പ് 106ഉം റൺസ് നേടി പുറത്തായി.

ഇന്ന് ഹാരി ബ്രൂക്കും ക്യാച്ചിൽ നിന്ന് രക്ഷപ്പെട്ടു. ബ്രൂക്ക് 99 റൺസ് നേടിയാണ് പുറത്തായത്. ബ്രൂക്ക്, പോപ്പ്, ഡക്കറ്റ് എന്നിവരെ നിലത്തിട്ട യശസ്വി ജയ്സ്വാളും റെക്കോർഡിലെത്തി. ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം ക്യാച്ചുകൾ നിലത്തിടുന്ന ഇന്ത്യൻ ഫീൽഡർ എന്നതാണ് ജയ്സ്വാളിൻ്റെ റെക്കോർഡ്.

മത്സരത്തിൽ 420 റൺസ് നേടുന്നതിനിടെ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടമായി. ക്രിസ് വോക്സും (19) ബ്രൈഡൻ കാഴ്സുമാണ് (12) ഇപ്പോൾ ക്രീസിലുള്ളത്. ഇന്ത്യൻ സ്കോറിൽ നിന്ന് 51 റൺസ് അകലെയാണ് നിലവിൽ ഇംഗ്ലണ്ട്. ഇനി രണ്ടര ദിവസത്തെ മത്സരമാണ് ബാക്കിയുള്ളത്.