India vs England: ഇനി ഒന്നാം സ്ഥാനത്ത് ഒറ്റയ്ക്ക്; ഗവാസ്കറിനെയും ദ്രാവിഡിനെയും മറികടന്ന് ശുഭ്മൻ ഗിൽ
Shubman Gill Record vs England: ഇംഗണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെ തകർപ്പൻ റെക്കോർഡുകൾ കുറിച്ച് ശുഭ്മൻ ഗിൽ. സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയവരെയാണ് താരം മറികടന്നത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിലാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 587 റൺസെടുത്ത് ഓൾ ഔട്ടായി. വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ്. (Image Credits - PTI)

മത്സരത്തിൽ ഇന്ത്യൻ സ്കോർ നിയന്ത്രിച്ചത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആയിരുന്നു. നാലാം നമ്പറിലെത്തിയ ഗിൽ 269 റൺസിൻ്റെ പടുകൂറ്റൻ സ്കോർ നേടിയാണ് മടങ്ങിയത്. രവീന്ദ്ര ജഡേജയും (89) യശസ്വി ജയ്സ്വാളും (87) ഫിഫ്റ്റിയടിച്ചു. 42 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറും ഇന്ത്യക്കായി തിളങ്ങി.

ഇരട്ടസെഞ്ചുറി നേടിയതോടെ ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന റെക്കോർഡും താരം കുറിച്ചു. നേരത്തെ, ശ്രീലങ്കൻ ക്യാപ്റ്റനായിരുന്ന തിലകരത്നെ ദിൽഷൻ്റെ 193 റൺസായിരുന്നു ഒന്നാമത്. 2011ൽ ലോർഡ്സിലായിരുന്നു ഈ പ്രകടനം.

ഇരട്ടസെഞ്ചുറി പ്രകടനത്തിൽ താരം മറ്റൊരു റെക്കോർഡിലുമെത്തി. ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന സ്കോർ എന്നതാണ് രണ്ടാമത്തെ റെക്കോർഡ്. സുനിൽ ഗവാസ്കർ (221), രാഹുൽ ദ്രാവിഡ് (217) തുടങ്ങിയ ഇതിഹാസ താരങ്ങളുടെ സ്കോറുകളാണ് ഗിൽ മറികടന്നത്.

രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്കും (30) ജോ റൂട്ടുമാണ് (ക്രീസിൽ). സാക്ക് ക്രോളി (19), ബെൻ ഡക്കറ്റ് (0), ഒലി പോപ്പ് (0) എന്നിവർ പുറത്തായി. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യൻ സ്കോറിന് 510 റൺസ് പിന്നിലാണ് ഇംഗ്ലണ്ട്.