Jasprit Bumrah: ടെസ്റ്റ് ക്യാപ്റ്റന്‍ ആരാകും? ബുംറയ്ക്ക് പിന്തുണയേറുന്നു
India vs England Test Series: ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന് ബുംറ ടീം മാനേജ്‌മെന്റിനെ അറിയിച്ചതായും അഭ്യൂഹമുണ്ട്. ഇത് ഗില്ലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതിനിടയില്‍ ബുംറയ്ക്കുള്ള പിന്തുണ വര്‍ധിക്കുകയാണ്

രോഹിത് ശര്‍മ വിരമിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് പുതിയ ക്യാപ്റ്റനെ തേടുകയാണ് ടീം മാനേജ്‌മെന്റ്. ജസ്പ്രീത് ബുംറ, ശുഭ്മന്‍ ഗില്‍ തുടങ്ങിയ പേരുകള്‍ക്കാണ് മുന്‍ഗണന. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന് ബുംറ ടീം മാനേജ്‌മെന്റിനെ അറിയിച്ചതായും അഭ്യൂഹമുണ്ട്. ഇത് ഗില്ലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു (Image Credits: PTI)

എന്നാല്‍ ഇതിനിടയില്‍ ബുംറയ്ക്കുള്ള പിന്തുണ വര്‍ധിക്കുകയാണ്. ബുംറയല്ലാതെ മറ്റ് ഓപ്ഷനുകളും ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നത് ഞെട്ടിക്കുന്നുവെന്ന് മുന്‍താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ചാണ് ആശങ്കയെങ്കില്‍ വൈസ് ക്യാപ്റ്റനെ ശ്രദ്ധിച്ച് തിരഞ്ഞെടുത്താല്‍ മതിയെന്നും മഞ്ജരേക്കര്‍ കുറിച്ചു.

നേരത്തെ മുന്‍താരം സുനില്‍ ഗവാസ്‌കറും ബുംറയെ പ്രശംസിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ ബുംറയെ ക്യാപ്റ്റനാക്കണമെന്ന് മുന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദും ആവശ്യപ്പെട്ടു. ഏറ്റവും ഒടുവില്‍ ബുംറയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത് മുന്‍ താരം ആര്‍ അശ്വിനാണ്.

രോഹിതും വിരാടും ഒരുമിച്ച് വിരമിക്കുമെന്ന് കരുതിയില്ലെന്ന് അശ്വിന്‍ പ്രതികരിച്ചു. ഇത് ഗൗതം ഗംഭീര്‍ യുഗത്തിന്റെ തുടക്കമാണ്. ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്നത് പുതിയ ടീമാകും. ബുംറയാണ് സീനിയര്‍ താരം. അദ്ദേഹം ക്യാപ്റ്റന്‍സി അര്‍ഹിക്കുന്നുവെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

എന്തായാലും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ക്യാപ്റ്റനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബുംറ, ഗില്‍ എന്നിവരല്ലാതെ ഋഷഭ് പന്ത് അടക്കമുള്ള ഓപ്ഷനുകളും ബിസിസിഐക്ക് മുന്നിലുണ്ട്.