India’s Shortest Train Route : 9 കിലോമീറ്റർ മാത്രം; രാജ്യത്തെ ഏറ്റവും ദൂരം കുറഞ്ഞ ട്രെയിൻ റൂട്ട് കേരളത്തിൽ
Shortest Train Route In India : പരീക്ഷണാടിസ്ഥാനത്തിൽ തന്നെ ഈ സർവീസ് പിന്നീട് റെയിൽവെ നിർത്തിവെക്കേണ്ടി വന്നു. 2018ലാണ് ദക്ഷിണേന്ത്യൻ റെയിൽവെ ഡെമു ട്രെയിൻ സർവീസ് കേരളത്തിൽ ഓടിയത്

രാജ്യത്തെ ഏറ്റവും നീളം കൂടിയതും ദൈർഘ്യമേറിയതുമായ ട്രെയിൻ റൂട്ട് കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിൻ്റേതാണെന്നും പലർക്കും അറിയാം. എന്നാൽ രാജ്യത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞതും നീളം കുറഞ്ഞതുമായ ട്രെയിൻ റൂട്ട് എവിടെയാണെന്ന് അറിയുമോ?

വേറെ എങ്ങുമല്ല കേരളത്തിലാണ്. 2018 സെപ്റ്റംബറിൽ ദക്ഷിണേന്ത്യൻ റെയിൽവെ ആരംഭിച്ച കൊച്ചിൻ ഹാർബർ ടെർമിനസ്-എറണാകുളം ജങ്ഷൻ ഡെമു സർവീസായിരുന്നു. ഒമ്പത് കിലോമീറ്റർ മാത്രമായിരുന്നു ഈ സർവീസിൻ്റെ ദൂരം.

25 മിനിറ്റുകൾ മാത്രമാണ് ഈ ട്രെയിൻ്റെ സർവീസ് ദൈർഘ്യം. എറണാകുളത്തിനും കൊച്ചിൻ ഹർബറിനും ഇടയിൽ മാട്ടാഞ്ചേരി ഹാൾട്ട് എന്ന ഒരു സ്റ്റോപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ ഈ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ തന്നെ റെയിൽവെക്ക് നിർത്തിവെക്കേണ്ടി വന്നു. രണ്ട് നേരം സർവീസ് നടത്തുന്ന ട്രെയിനിൽ കുറഞ്ഞത് ഒരു ദിവസം 500 യാത്രക്കാരെയെങ്കിലും ലഭിക്കുമെന്നായിരുന്നു റെയിൽവെ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ ഒരു ദിവസം 15 യാത്രക്കാരെ കൊണ്ട് മാത്രം ഈ ഡെമു സർവീസ് നടത്തേണ്ടി വന്നു. പ്രതീക്ഷിച്ചതിലും ഭീമമായ തുകയാണ് ഈ സർവീസിലൂടെ റെയിൽവെയ്ക്ക് നേരിടേണ്ടി വന്നത്. തുടർന്ന് സർവീസ് നടത്തി ഒരു മാസം കൊണ്ട് ദക്ഷിണേന്ത്യൻ റെയിൽവെ കൊച്ചിൻ ഹാർബർ ടെർമിനസ്-എറണാകുളം ജങ്ഷൻ ഡെമു സർവീസ് റദ്ദാക്കി.

ഒരേ സമയം 300 യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന മൂന്ന് കംപാർട്ട്മെൻ്റുകൾ മാത്രമുള്ള ട്രെയിനാണ് ഡെമു. മെട്രോയ്ക്ക് സമാനമായി പ്രാദേശിക തലത്തിൽ ട്രെയിൻ സർവീസ് വേഗത്തിലെത്തിക്കാൻ എന്ന ലക്ഷ്യത്തോടെയാണ് ഡെമു അവതരിപ്പിച്ചത്. എന്നാൽ പല ഡെമു സർവീസുകൾ കോച്ചുകൾ വർധിപ്പിച്ച മെമു ആക്കി മാറ്റി.