IPL 2025: ആറ്റുനോറ്റ് കിട്ടിയ ഒരവസം മഴയെടുത്തു; പിന്നെ പാകിസ്താൻ്റെ ‘പാര’; സച്ചിൻ ബേബിയുടെ നിർഭാഗ്യ സീസൺ
Sachin Babys Unlucky Season: സച്ചിൻ ബേബിയുടെ അവസ്ഥയാണ് ദുരവസ്ഥ. ആകെ ലഭിച്ച ഒരവവസരം മഴ കൊണ്ടുപോയി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം കഴിഞ്ഞപ്പോൾ ടീമിൽ അവസരവുമില്ല.

ടൂർണമെൻ്റിൽ നിന്ന് പുറത്തായെങ്കിലും കഴിഞ്ഞ കളി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ ആധികാരികമായി പരാജയപ്പെടുത്താൻ സൺറൈസേഴ്സ് ഹൈദരാബാദിന് സാധിച്ചു. ആറ് വിക്കറ്റ് ജയത്തോടെ തങ്ങൾക്കൊപ്പം ലഖ്നൗവിനെയും ഒപ്പം പുറത്തേക്ക് കൂട്ടാൻ അവർക്ക് സാധിച്ചു. (Image Credits - PTI)

ഹൈദരാബാദ് നിരയിൽ എല്ലാവർക്കും അവസരം ലഭിച്ചു, രണ്ട് പേർക്കൊഴികെ. ഒന്ന് പകരക്കാരനായി വന്ന ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വ്യാൻ മുൾഡർ, രണ്ട് നമ്മുടെ സ്വന്തം സച്ചിൻ ബേബി. അതായത് ലേലത്തിൽ ടീമിലെത്തിയ താരങ്ങളിൽ സച്ചിൻ ബേബി മാത്രമാണ് ടീമിനായി ഇതുവരെ കളിക്കാത്തത്.

കഴിഞ്ഞ കളി, ഡൽഹി ക്യാപിറ്റൽസിനെതിരെ സച്ചിൻ ബേബിയ്ക്ക് ടീമിൽ അവസരം ലഭിച്ചതാണ്. ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹിയെ 20 ഓവറിൽ ഏഴ് വിക്കറ്റിന് 133 റൺസിൽ ഒതുക്കാൻ ഹൈദരാബാദിന് സാധിച്ചു. എന്നാൽ, മഴ കാരണം ഹൈദരാബാദിൻ്റെ ബാറ്റിംഗ് നടന്നില്ല.

പിന്നീട് ഇന്ത്യ - പാകിസ്താൻ സംഘർഷം. ഇതോടെ ഐപിഎൽ നിർത്തിവച്ചു. 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ലീഗ് പുനരാരംഭിച്ചപ്പോൾ സച്ചിൻ വീണ്ടും പകരക്കാരുടെ പട്ടികയിൽ. നല്ല ഫീൽഡറായ സച്ചിൻ ഈ മത്സരങ്ങളിലെല്ലാം പകരക്കാരുടെ ബെഞ്ചിലായിരുന്നു. ലഭിച്ച ഒരു അവസരം മഴയെടുക്കുകയും ചെയ്തു.

സച്ചിൻ മാത്രമല്ല, പൊതുവേ കേരള താരങ്ങൾക്ക് ഈ സീസൺ നല്ലതല്ല. സഞ്ജു ആകെ കളിച്ചത് എട്ട് കളി. ആദ്യ മൂന്ന് കളി ഇംപാക്ട് സബ്. പഞ്ചാബ് കിംഗ്സിലുള്ള വിഷ്ണു വിനോദിന് ഇതുവരെ ഒരു അവസരം ലഭിച്ചിട്ടില്ല. ഇനി പ്ലേ ഓഫ് മത്സരങ്ങളാണെന്നതിനാൽ അവസരം ലഭിക്കാനിടയില്ല താനും.