IPL 2025: ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎലിനായി തിരികെവരുമോ?: നിർണായകമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്
Australian Players In IPL: ഐപിഎൽ പുനരാരംഭിക്കുമ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ തിരികെയെത്തുമോ എന്നതിൽ നിർണായകമായി ക്രിക്കറ്റ് ബോർഡിൻ്റെ നിലപാട്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട് ഓസീസ് താരങ്ങൾക്ക് ആശ്വാസമാണ്.

പാകിസ്താനുമായുള്ള സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ ഈ മാസം 17ന് പുനരാരംഭിക്കും. ജൂൺ മൂന്നിനാണ് ഫൈനൽ. വിവിധ ടീമുകളിലുണ്ടായിരുന്ന വിദേശതാരങ്ങൾ സീസൺ നിർത്തിവച്ചതിനെ തുടർന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു. ഇതിൽ ആരൊക്കെ തിരികെ വരും എന്ന് വ്യക്തമല്ല. (Image Credits - PTI)

ഓസ്ട്രേലിയയുടെ വിവിധ താരങ്ങൾ പല ടീമുകളായി ഉൾപ്പെട്ടിട്ടുണ്ട്. ഇവർ ഐപിഎൽ പുനരാരംഭിക്കുമ്പോൾ തിരികെവരുമോ എന്നത് സംശയത്തിലാണ്. ചില താരങ്ങൾ തിരികെവരാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

ഐപിഎൽ കളിക്കാൻ തിരികെപോകണോ എന്നതിൽ അതാത് താരങ്ങൾക്ക് വ്യക്തിപരമായി തീരുമാനം എടുക്കാമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്. താരങ്ങൾ എന്ത് തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പറയുന്നു. ഇതോടെ വിവിധ താരങ്ങൾ തിരികെ കളിക്കാൻ വരില്ലെന്നാണ് സൂചനകൾ.

നിലവിൽ ലഭിക്കുന്ന വിവരമനുസരിച്ച് പഞ്ചാബ് കിംഗ്സ് ടീമിലെ വിദേശികൾ ഇന്ത്യയിൽ തന്നെ തുടരുകയാണ്. പരിശീലകൻ റിക്കി പോണ്ടിംഗിൻ്റെ ആവശ്യപ്രകാരമാണ് ഇത്. പഞ്ചാബ് കിംഗ്സിലെ വിദേശതാരങ്ങളിൽ കൂടുതലും ഓസ്ട്രേലിയക്കാരാണ്. ഇവരൊക്കെ ഐപിഎൽ പുനരാരംഭിക്കുമ്പോൾ പഞ്ചാബിലുണ്ടാവും.

ആറ് വേദികളിലായാണ് ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ നടക്കുക. കൊൽക്കത്ത ഈഡൻ ഗാർഡൻസ്, മൊഹാലി പിസിഎ സ്റ്റേഡിയം, ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയം, ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം എന്നിവിടങ്ങളിൽ ഇനി മത്സരങ്ങൾ നടക്കില്ല. പ്ലേ ഓഫിനുള്ള വേദികൾ ഇതുവരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടുമില്ല.