Kerala Budget 2026: ‘മുഖ്യ’ബജറ്റിലെ അപൂർവ്വ റെക്കോർഡ്! കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആ മുഖ്യമന്ത്രിമാർ ആരെല്ലാം?
Kerala Chief Ministers Who Have Presented the State Budget: കേരള ചരിത്രത്തിൽ ഇതാദ്യമായല്ല ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. ആർ ശങ്കർ, ഇകെ നയനാർ, ഉമ്മൻ ചാണ്ടി എന്നിവർക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വിഡി സതീശൻ.

യുഡിഎഫ് സർക്കാരിന്റെ ജൂൺ 19ന് നടക്കുന്ന ആദ്യ ബജറ്റ് അവതരണം വിവിധ കാരണങ്ങളാൽ വ്യത്യസ്തമാവുകയാണ്. കേരള ചരിത്രത്തിൽ ഇതാദ്യമായല്ല ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. ആർ ശങ്കർ, ഇകെ നയനാർ, ഉമ്മൻ ചാണ്ടി എന്നിവർക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വിഡി സതീശൻ. ധനകാര്യ വകുപ്പിന്റെ പൂർണ്ണമായ ചുമതല കൂടി സ്വന്തമായി വഹിച്ച് ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയും. വിശദമായി അറിയാം.... (Image Credit source: Wikipedia/ Getty Images/PTI)

കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രി ആർ ശങ്കർ ആയിരുന്നു. പിന്നോക്കസമുദായത്തിൽ നിന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെ വ്യക്തിയാണ് രാമൻ ശങ്കർ എന്ന ആർ ശങ്കർ. 1962-ൽ പട്ടം താണുപിള്ളയ്ക്ക് ശേഷം മുഖ്യമന്ത്രി കസേരയിലെത്തിയ ശങ്കർ, മുഖ്യമന്ത്രിയായിരിക്കെ തന്നെ 1963-64, 1964-65 വർഷങ്ങളിലെ സംസ്ഥാന ബജറ്റുകൾ സഭയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടിയാണ് രണ്ടാമതായി ഈ നേട്ടം കൈവരിച്ചത്. അന്നത്തെ ധനകാര്യമന്ത്രി കെഎം മാണിയുടെ അപ്രതീക്ഷിത രാജിയെ തുടർന്ന് ധനവകുപ്പ് ഏറ്റെടുത്ത ഉമ്മൻചാണ്ടി, മുഖ്യമന്ത്രിയായിരിക്കെ തന്നെയാണ് 2016-17 സാമ്പത്തിക വർഷത്തെ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്. ഇതിന് മുമ്പ് കെ. കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം നാല് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

കേരള ചരിത്രത്തിലെ ഏറ്റവും ചെറിയ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് നായനാർക്കാണ്. 1987-ൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ, മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം വായിച്ച ബജറ്റിന്റെ ദൈർഘ്യം വെറും 6 മിനിറ്റ് മാത്രമായിരുന്നു.

വി.ഡി. സതീശൻ തന്റെ കന്നി ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ, എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിനും ഇതൊരു അഭിമാന നിമിഷമാണ്. പറവൂരിൽ നിന്ന് ജനവിധി തേടി വിജയിച്ച് ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വ്യക്തിയാകുകയാണ് വിഡി സതീശൻ. 1972 ഫെബ്രുവരി 25-ന് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിൽ ധന-നിയമ വകുപ്പു മന്ത്രിയായിരുന്ന കെ.ടി. ജോർജാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച ആദ്യ പറവൂർക്കാരൻ.