Meta AI : മറ്റുള്ളവർ അയച്ച ചിത്രങ്ങൾ മെറ്റ വഴി എഡിറ്റ് ചെയ്യാനുള്ള സൗകര്യവുമായി വാട്സപ്പ്
Meta AI New Update: മെറ്റയിലൂടെ മറ്റുള്ളവർ അയച്ച ചിത്രങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യവുമായി വാട്സപ്പ്. വാട്സപ്പിൻ്റെ പുതിയ പതിപ്പിലൂടെയാണ് മെറ്റയുടെ അപ്ഡേറ്റ് പുറത്തുവരിക. നിലവിൽ ബീറ്റ വേർഷനിൽ ഇത് ലഭ്യമായിട്ടുണ്ട്.

മെറ്റ എഐ നമ്മൾ എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സപ്പ് എന്നീ സോഷ്യൽ മീഡിയ ആപ്പുകളുടെ ഉടമയായ മെറ്റ പുറത്തിറക്കിയ എഐ ടൂളാണ് മെറ്റ എഐ. ഫേസ്ബുക്കിലും വാട്സപ്പിൽ ചാറ്റ് ആയും പലർക്കും മെറ്റ സേവനം ലഭിക്കുന്നുണ്ട്. ചുരുക്കം ചിലർക്ക് വാട്സപ്പിൽ മെറ്റ ലഭിച്ചുതുടങ്ങിയിട്ടില്ല. ഇവർക്കും ഏറെവൈകാതെ എഐ ടൂൾ ലഭിക്കും.

മെറ്റ ബൈ വാട്സപ്പ് ഉപയോഗിക്കുന്നത് ഒരു ചാറ്റ് പോലെ നമുക്ക് കാര്യങ്ങൾ അറിയാനും ഇമേജുകൾ ക്രിയേറ്റ് ചെയ്യാനുമാണ്. നമ്മൾ നൽകുന്ന മെസേജുകൾക്കനുസരിച്ച് മെറ്റ മറുപടി നൽകും. ഇപ്പോൾ മറ്റുള്ളവർ നമുക്ക് അയക്കുന്ന ചിത്രങ്ങളും മെറ്റ വഴി എഡിറ്റ് ചെയ്യാൻ വാട്സപ്പ് സൗകര്യമൊരുക്കുകയാണ്.

മറ്റുള്ളവർ അയക്കുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്യണമെങ്കിൽ അതിന് പ്രോംപ്റ്റ് നൽകി എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന അപ്ഡേറ്റാണ് അണിയറയിൽ ഒരുങ്ങുന്നത്. അടുത്ത അപ്ഡേറ്റിൽ തന്നെ ഈ സൗകര്യം ലഭ്യമായേക്കും. ബീറ്റ വേർഷനിൽ ഇതിനകം ഈ ഓപ്ഷൻ വന്നുകഴിഞ്ഞു.

മെറ്റ ചാറ്റ്ബോക്സിൽ സാധാരണ ചാറ്റുകളിൽ ഉള്ളതുപോലെ ഒരു ക്യാമറ ബട്ടൺ ഉണ്ടാവും. ഇതുപയോഗിച്ച് എഡിറ്റ് ചെയ്യേണ്ട ചിത്രങ്ങൾ നമുക്ക് മെറ്റയ്ക്ക് അയച്ചുനൽകാം. ഈ ഫോട്ടോയിൽ വരുത്തേണ്ട മാറ്റങ്ങൾ പ്രോംപ്റ്റ് ആയി നൽകിയാൽ മെറ്റ അത് എഡിറ്റ് ചെയ്തുനൽകും.

ചാറ്റ്ജിപിടിക്ക് ശേഷം ഏറെ പ്രചാരം നേടിയ എഐ ടൂളാണ് മെറ്റ. വാട്സപ്പിൽ തന്നെ ഉപയോഗിക്കാമെന്നതും ഉപയോഗിക്കാനുള്ള അനായാസതയും മെറ്റയുടെ സ്വീകാര്യത വർധിപ്പിക്കുന്നു.